You are here
ഓഹരി വിപണി കുതിക്കുന്നു; സെൻസെക്സ് മികച്ച നിലയിൽ
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ എൻ.ഡി.എക്ക് വൻ വിജയം പ്രവചിച്ചതിനു പിന്നാലെ രാജ്യത്തെ ഓഹരി വിപണികളിലുണ്ടായ കുതിച്ചുചാട്ടം തുടരുന്നു.
മുംബൈ സൂചിക സെൻസെക്സ് 219.06 പോയൻറ് ഉയർന്ന് ഈ വർഷത്തെ മികച്ച നിലയായ 39,571.73 ൽ വ്യാപാരം തുടരുകയാണ്. ദേശീയ സൂചിക നിഫ്റ്റി കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 55.3 പോയൻറു കൂടി ഉയർന്ന് 11,883.55 ലാണ് വ്യാപാരം നടക്കുന്നത്.
ഓഹരി വിപണിയിലുണ്ടായ കുതിച്ചു കയറ്റം മരുന്ന്, ധനകാര്യ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവക്ക് നേട്ടമാണ്. അതേസമയം, ഐ.ടി മേഖലയുടെ വിപണിയിൽ ഇടിവ് തുടരുകയാണ്.
എച്ച്.ഡി.എഫ്.സി, അദാനി പോർട്സ്, ഡോ. റെഡ്ഢീസ് ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിനാൻസ് എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനികൾ.
ടാറ്റ മോട്ടോർസ്, ബി.പി.സി.എൽ, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ 0.92 മുതൽ 3.10 ശതമാനം വരെ തകർച്ച നേരിട്ടു.