ജെറ്റ്​ എയർവേയ്​സ്​ ഓഹരി വിലയിൽ വൻ വർധന; പരിശോധിക്കുമെന്ന്​ ബി.എസ്​.ഇ

17:30 PM
20/06/2019
jet-airways

മുംബൈ: കടക്കെണി മൂലം സർവീസ്​ നിർത്തിയ ജെറ്റ്​ എയർവേയ്​സിൻെറ ഓഹരി വിലയിൽ വൻ വർധന. വ്യാഴാഴ്​ച നടന്ന വ്യാപാരത്തിൽ 93 ശതമാനത്തിൻെറ വർധനയാണ്​ ജെറ്റ്​ എയർവേയ്​സ്​ ഓഹരികൾക്ക്​ ഉണ്ടായത്​. 30 രൂപക്കായിരുന്നു കമ്പനി ഓഹരികൾ വ്യാപാരം തുടങ്ങിയത്​. ഒരു ഘട്ടത്തിൽ 74 രൂപക്ക്​ മുകളിലേക്ക്​ ഓഹരികൾ എത്തിയിരുന്നു. പിന്നീട്​ തിരിച്ചിറങ്ങി 64 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

അതേസമയം, ജെറ്റ്​ എയർവേയ്​സ്​ ഓഹരികളിലുണ്ടായ വൻ വർധനയെ കുറിച്ച്​ പരിശോധിക്കുമെന്ന്​ ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ച്​ വ്യക്​തമാക്കി​. വിശദീകരണം ആവശ്യപ്പെട്ട്​ കമ്പനിക്ക്​ നോട്ടീസ്​ അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ ജെറ്റ്​ എയർവേയ്​സിനെ പാപ്പരായി പ്രഖ്യാപിക്കണമെന്ന്​ ആവശ്യ​പ്പെട്ട്​ കമ്പനിയുടെ നിലവിലെ ഉടമസ്ഥരായ എസ്​.ബി.ഐ ഹരജി സമർപ്പിച്ചിട്ടുണ്ട്​. ഇൗ ഹരജിയിലെ ഉത്തരവ്​ പുറത്ത്​ വരാനിരി​ക്കെയാണ്​ ഒാഹരി വിലയിൽ വൻ വർധനവ്​ ഉണ്ടായത്​.

കമ്പനി നിയമ ട്രിബ്യൂണലിൽ നിന്ന്​ അനുകൂല ഉത്തരവ്​ ഉണ്ടാവുമെന്ന പ്രതീക്ഷയാണ്​ ഓഹരി വില ഉയരാൻ കാരണമായതെന്നാണ്​ വിപണി വിദഗ്​ധരുടെ പ്രാഥമിക വിലയിരുത്തൽ. 

Loading...
COMMENTS