ആഗോള പ്രതിസന്ധിയിൽ ആടിയുലഞ്ഞ് ഓഹരിവിപണി; സെൻസെക്സ് 1600 പോയന്റ് ഇടിഞ്ഞു
text_fieldsമുംബൈ: യു.എസ് -ഇറാൻ ചർച്ചകൾ പരാജയപ്പെടുകയും ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് ഭീഷണി ഉയർത്തുകയും ചെയ്തതിന് പിന്നാലെ തകർന്നടിഞ്ഞ് ഓഹരിവിപണി. എണ്ണവിലയിലെ കുതിച്ചുചാട്ടവും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചതും ആഭ്യന്തര വിപണികളിൽ വിൽപന സമ്മർദത്തിന് കാരണമായി.
വ്യാപാരം ആരംഭിച്ച് രാവിലെ 9.22ഓടെ സെൻസെക്സ് 1,598.30 പോയന്റ് (2.06ശതമാനം) ഇടിഞ്ഞ് 75,951.95 ലും നിഫ്റ്റി 469.65 പോയന്റ് (1.95ശതമാനം) ഇടിഞ്ഞ് 23,580.95 ലുമെത്തി. ബാങ്കിങ്, ധനകാര്യ ഓഹരികളിലെ വൻ വിൽപനയാണ് ഇടിവിന് ആക്കം കൂട്ടിയത്. സമീപ മാസങ്ങളിലെ ഏറ്റവും വലിയ ഇടിവുകളിൽ ഒന്നാണിതെന്ന് വിദഗ്ധർ പറയുന്നു.
ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസിന്റെ ഭീഷണിക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 8.36 ശതമാനം ഉയർന്ന് 103.16 ഡോളറിൽ എത്തിയിരുന്നു. ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടമാണ് ഓഹരിവിപണിയിലെ വിൽപന സമ്മർദത്തിന്റെ കാതൽ. പ്രതികൂല സാഹചര്യം രൂപയെ വീണ്ടും സമ്മർദത്തിലാക്കിയേക്കാമെന്നും വിദഗ്ധർ പറയുന്നു.
വിപണിയിൽ ആഘാതം നേരിട്ടത് ബാങ്കിങ് ഓഹരികളാണ്. വർധിച്ചുവരുന്ന പണപ്പെരുപ്പം, പണലഭ്യത കുറയൽ, കടം വാങ്ങുന്നവരുടെ മേൽ സമ്മർദ്ദം തുടങ്ങിയവമൂലം നിക്ഷേപകർ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ വേഗത്തിൽ വിറ്റഴിക്കുന്നു. രൂപയുടെ മൂല്യം ഇടിയുമെന്ന ആശങ്കയും വിപണിയെ സമ്മർദത്തിലാക്കുന്നുവെന്നും വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

