‘വിദഗ്ധരെ’ വിശ്വസിക്കല്ലേ!
text_fieldsഎ.ഐ.എഫ്.എൽ സെക്യൂരിറ്റീസിലെ മുൻ ഡയറക്ടറായിരുന്ന സഞ്ജീവ് ഭാസിൻ സമൂഹ മാധ്യമങ്ങളിൽ ഏറെ പേർ പിന്തുടരുന്ന ‘ഓഹരി ഗുരു’ കൂടിയാണ്. രാജ്യത്തെ മുൻനിര ടെലിവിഷൻ ചാനലുകളിൽ ഓഹരി വിപണി സംബന്ധിച്ച പാനൽ ചർച്ചകളിലും പങ്കെടുത്തിരുന്ന സഞ്ജീവ് ഭാസിനെയും മറ്റു 11 പേരെയും ഓഹരി വിപണിയിൽനിന്ന് വിലക്കിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു.
ഇവർ അനധികൃതമായി സ്വന്തമാക്കിയ 11.37 കോടി രൂപ തിരിച്ചുപിടിക്കാനും സെബി ഉത്തരവിട്ടു. ടി.വി ചാനലുകളിലൂടെയും ടെലഗ്രാമിലൂടെയും മറ്റും ഭാസിൻ ഓഹരി ശിപാർശകൾ നൽകിയിരുന്നു. ഇവയിൽ പലതും അദ്ദേഹം ഇടപാട് നടത്തുന്ന ഓഹരികളാണെന്നാണ് സെബി അന്വേഷണത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ജൂണിൽ വിവിധയിടങ്ങളിൽ സെബി നടത്തിയ റെയ്ഡിലും അന്വേഷണത്തിലും വാട്സ്ആപ് ചാറ്റുകളും ഓഡിയോ റെക്കോഡിങ്ങുകളും ഉൾപ്പെടെ നിർണായക തെളിവുകൾ കണ്ടെത്തി. താൻ നേരത്തെ വാങ്ങിയ ഓഹരികൾ പൊതുജനങ്ങളോട് വാങ്ങാൻ ശിപാർശ ചെയ്യും. അതോടെ വില കയറുന്നത് ഉപയോഗപ്പെടുത്തി തന്റെ പക്കലുള്ള ഓഹരി വിൽക്കുന്നതായിരുന്നു ഭാസിന്റെ രീതി.
ഇത് പ്രകടമായ വഞ്ചനയാണ്. സഞ്ജയ് ഭാസിൻ മാത്രമല്ല ഓഹരി അവലോകന വിദഗ്ധർക്ക് സെബി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ ലംഘിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ സാധാരണ നിക്ഷേപകരെ ചൂഷണം ചെയ്യുന്നത്. മുന്നിലോട്ടം (ആദ്യം ഓഹരി വാങ്ങിയിട്ട ശേഷം പൊതുജനങ്ങളെ പ്രേരിപ്പിക്കൽ) ആണ് ഇത്തരം തട്ടിപ്പുകളുടെ പൊതു രീതി.
കമ്പനികളുടെ അടിസ്ഥാന സാമ്പത്തിക നിലയും ബിസിനസ് മോഡലും സ്വന്തം നിലക്ക് പഠിക്കാതെ വഴിയില്ലെന്നാണ് ഈ ‘വിദഗ്ധ’ ചതികളെല്ലാം വ്യക്തമാക്കുന്നത്. ചുരുങ്ങിയത് നമ്മൾ ഓഹരി വാങ്ങിവെച്ച കമ്പനികളുടെ ഫണ്ടമെന്റൽ എങ്കിലും സ്ഥിരമായി നിരീക്ഷിക്കണം. അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ വലിയ വൈദഗ്ധ്യമൊന്നും ആവശ്യമില്ല.
വിൽപന, ലാഭം, ലാഭ തോത്, കടം, കരുതൽധനം, പ്രമോട്ടർമാർ ഓഹരി പണയപ്പെടുത്തിയിട്ടുണ്ടോ എന്നിവയാണ് അടിസ്ഥാനപരമായി നോക്കേണ്ടത്. നിലവിലെ വില ന്യായമാണോ എന്ന് പരിശോധിക്കാൻ പി.ഇ അനുപാതം, പി.ഇ.ബി അനുപാതം എന്നിവ പരിശോധിക്കണം. അതേ വ്യവസായത്തിലെ മറ്റു കമ്പനികളുമായാണ് താരതമ്യം ചെയ്യേണ്ടത്.
ഉദാഹരണമായി പഞ്ചസാര കമ്പനികളുടെ പി.ഇ അനുപാതം ഊർജ, ടെലികോം കമ്പനികളുമായി താരതമ്യം ചെയ്താൽ വലിയ അന്തരമുണ്ടാകും. അത് സ്വാഭാവികമാണ്. കുഞ്ഞൻ കമ്പനികളിലാണ് തട്ടിപ്പ് എളുപ്പം. 1000 കോടി രൂപയെങ്കിലും വിപണി മൂലധനമുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നതാണ് ഉചിതം. 1000 കോടിയിൽ താഴെയുള്ള കമ്പനികൾക്ക് സെബി നിയന്ത്രണങ്ങൾ കൂടുതലുമാണ്.
ഓഹരി വിലയിലെ അസ്വാഭാവിക വില മുന്നേറ്റങ്ങളും സമൂഹ മാധ്യമ കാമ്പയിനും അപകട സൂചനകളാണ്. എന്തുകൊണ്ട് ഓഹരി വില ഉയരുന്നു അല്ലെങ്കിൽ താഴുന്നു എന്നതിന് യുക്തിഭദ്രമായ ഒരു കാരണമുണ്ടാകും. ആ കാരണം മനസ്സിലാക്കി നിക്ഷേപിച്ചാൽ നഷ്ടസാധ്യത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

