വിൽപത്രം തയാറാക്കാം, തർക്കം ഒഴിവാക്കാം...
text_fieldsഇന്ത്യക്കാർ സമ്പാദിക്കുന്നതിലും നിക്ഷേപിക്കുന്നതിലും ആസ്തികൾ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും ഈ ആസ്തികൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നത് സംബന്ധിച്ച് ശ്രദ്ധയും ആസൂത്രണവും കുറവാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പല ഇന്ത്യക്കാരും സമ്പത്ത് സ്വീകരിക്കാൻ തയാറെടുക്കുന്നു, പക്ഷേ അത് കൈമാറാൻ തയാറെടുക്കുന്നില്ല. ദേശീയതലത്തിലെ പ്രധാന സാമ്പത്തിക മാഗസിൻ നടത്തിയ സർവേയിൽ കണ്ടെത്തിയത് രാജ്യത്ത് 85 ശതമാനം പേരും വിൽപത്രം തയാറാക്കിയിട്ടില്ല എന്നാണ്.
62.5 ശതമാനം പേർക്ക് ഭാവിയിൽ വിൽപത്രം തയാറാക്കാനുള്ള പദ്ധതി പോലുമില്ല. 22.3 ശതമാനം പേർക്ക് ഇപ്പോൾ ഇല്ലെങ്കിലും പിന്നീട് തയാറാക്കുള്ള പദ്ധതിയോ ആസൂത്രണമോ ഉണ്ട്. ബാക്കിയുള്ളവർ ഒന്നും പ്രതികരിക്കാത്തവരാണ്. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പാരമ്പര്യമായി സ്വത്ത് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവരാണ്. ഒരുനാൾ എല്ലാ സ്വത്തുക്കളും ഇട്ടേച്ചുപോകേണ്ടവരാണെന്ന് ഉറപ്പുണ്ടായിട്ടും അത് ആർക്ക് എങ്ങനെ നൽകണമെന്നത് സംബന്ധിച്ച് ആലോചനയില്ല.
30.6 ശതമാനം പേർ തങ്ങളുടെ കുടുംബത്തിൽ പാരമ്പര്യ സ്വത്ത് സംബന്ധിച്ച തർക്കം നിലനിൽക്കുന്നുവെന്ന് സമ്മതിക്കുന്നു. അതായത് ഏകദേശം മൂന്നിലൊന്ന് കുടുംബവും ആസ്തികളുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള തർക്കം നേരിട്ടിട്ടുണ്ട്. 23.3 ശതമാനം ചെറിയ അഭിപ്രായ വ്യത്യാസങ്ങളും 7.3 ശതമാനം വലിയ തർക്കങ്ങളുമാണ്. പൂർവികർ വ്യക്തതയോടെ വിൽപത്രം തയാറാക്കിയിരുന്നെങ്കിൽ പല തർക്കങ്ങളും ഒഴിവാക്കാമായിരുന്നു. തർക്കങ്ങൾ തടയാൻ കുടുംബങ്ങൾ വിൽപത്രം ഉണ്ടാക്കുന്നു എന്നാണ് പൊതുവായ ധാരണ. എന്നാൽ, സർവേ ഇതിന് വിപരീതമായ ചില സൂചനകളാണ് നൽകുന്നത്. പൈതൃക തർക്കങ്ങളൊന്നുമില്ലാത്ത കുടുംബങ്ങളിൽ, 29.7% മാത്രമേ വിൽപത്രം ഉണ്ടാക്കിയിട്ടുള്ളൂ. തർക്കങ്ങളുള്ള കുടുംബങ്ങളിൽ ഇത് 54.1% ആയി ഉയരുന്നു. പല ഇന്ത്യക്കാരും കുടുംബ തർക്കങ്ങൾ നേരിൽ കണ്ടതിനുശേഷം മാത്രമേ എസ്റ്റേറ്റ് പ്ലാനിങ് ആരംഭിക്കുന്നുള്ളൂ എന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
എന്താണ് വിൽപത്രം
ഒരു വ്യക്തി തന്റെ സ്വത്തിന്റെ മരണാനന്തര അവകാശികളെപ്പറ്റി എഴുതി വെക്കുന്ന രേഖയാണ് വിൽപത്രം (ഒസ്യത്ത്). എന്നാൽ ഇതു നിർബന്ധപൂർവമോ പരപ്രേരണമൂലമോ നിയമപ്രകാരമല്ലാത്ത ദുഃസ്വാതന്ത്ര്യം ചെലുത്തിയോ ആണെങ്കിൽ നിയമസാധുതയില്ല. വിൽപത്രമെഴുതുന്നതിന് പ്രത്യേക ഭാഷാശൈലിയോ പാടവമോ ഒന്നും തന്നെ വേണമെന്നില്ല. ലളിതമായ ഭാഷയിൽ മറ്റുള്ളവർക്ക് വായിച്ച് മനസ്സിലാക്കാവുന്ന രീതിയിൽ എഴുതിയാൽ മതി. വിൽപത്രം മാറ്റാനോ റദ്ദാക്കാനോ അതെഴുതുന്നയാൾക്ക് അവകാശമുണ്ടാകും. വിൽപത്രം രജിസ്റ്റർ ചെയ്യാമെങ്കിലും ചെയ്യണമെന്ന് നിർബന്ധമില്ല. എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്ന കരാറാണിത്. വിൽപത്രമെഴുതിയ വ്യക്തി മരിച്ചു കഴിഞ്ഞാൽ മരിച്ച വ്യക്തിയുടെ വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളാകുന്ന ആർക്കും അത് രജിസ്റ്റർ ചെയ്യാൻ സമർപ്പിക്കാവുന്നതാണ്. വിൽപത്രത്തിൽ പറയുന്ന സ്വത്തുകളുടെ അവകാശം നിർദ്ദേശിക്കുന്ന വ്യക്തിക്ക് ലഭ്യമാകുന്നത് എഴുതിയ വ്യക്തിയുടെ കാലശേഷം മാത്രമായിരിക്കും. എന്നാൽ, അവകാശം ലഭ്യമാകുന്നതിനെപറ്റി എന്തെങ്കിലും പ്രത്യേക കാലയളവ് രേഖപ്പെടുത്തിയാൽ അപ്രകാരം നിശ്ചയിക്കപ്പെട്ട കാലയളവിനുശേഷം അവകാശം ലഭ്യമാകുന്നതാണ്.
എങ്ങനെ തയാറാക്കും?
നിങ്ങളുടെ സ്വത്തുക്കളുടെ വിവരങ്ങളും, അവ ആർക്കൊക്കെ അവകാശപ്പെട്ടതാണെന്നും വ്യക്തമായി എഴുതുക. വെള്ളപേപ്പറിലോ സ്റ്റാമ്പ് പേപ്പറിലോ എഴുതാം. പ്രത്യേകിച്ച് ഫോർമാറ്റ് ഇല്ല.
ആർക്കൊക്കെ എഴുതാം?
വിൽപത്രം തയാറാക്കുന്നയാൾക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. സ്വന്തം ഇഷ്ടപ്രകാരവും പൂർണ മാനസികാരോഗ്യത്തോടെയും ആയിരിക്കണം എഴുതേണ്ടത്.
രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?
വിൽപ്പത്രം തയാറാക്കി സബ്-രജിസ്ട്രാർ ഓഫിസിൽ നേരിട്ട് ഹാജരായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
സാക്ഷികൾ ആര്?
വിൽപത്രം എഴുതുന്ന ആൾ രണ്ട് സാക്ഷികളുടെ മുന്നിൽ വെച്ച് ഒപ്പിടണം. സാക്ഷികൾ വിൽപത്രത്തിൽ അവകാശികളല്ലാത്തവരായിരിക്കണം. സാക്ഷികളോടൊപ്പം അധികാരപരിധിയിലുള്ള സബ്-രജിസ്ട്രാർ ഓഫിസിൽ നേരിട്ട് ഹാജരാകുക. എല്ലാ സാക്ഷികളും ഒരേ സമയത്ത് സന്നിഹിതരായി ഒരേ ദിവസം തന്നെ ഒപ്പുവെക്കണമെന്ന് വ്യവസ്ഥയില്ല.
ഫീസ്?
സാധാരണയായി 100 രൂപ മുതൽ 1000 രൂപ വരെയാണ് ഫീസ്
എവിടെ സൂക്ഷിക്കും?
സബ് രജിസ്ട്രാർ ഓഫിസിൽ വിൽപത്രം നേരിട്ട് രജിസ്റ്റർ ചെയ്തു സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. നിയമവിദഗ്ധരുടെയോ വിശ്വസ്തരായ മറ്റുള്ളവരുടെയോ പക്കൽ ഏൽപിക്കുന്നവരുമുണ്ട്. ബാങ്ക് ലോക്കറിൽ സൂക്ഷിക്കാം. എന്നാൽ മരണശേഷം ലോക്കർ തുറക്കാൻ നിയമപരമായ നടപടികൾ ആവശ്യമായി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

