എന്തിന് ജൂലൈ 31നു മുമ്പ് നിങ്ങൾ ഐ.ടി.ആർ ഫയൽ ചെയ്യണം? അറിഞ്ഞിരിക്കുക ഈ മൂന്ന് നേട്ടങ്ങൾ
text_fieldsപല നികുതിദായകരും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് ഒരു വാർഷിക കടമയായി ആണ് കാണുന്നത്. എന്നാൽ കൃത്യസമയത്ത് റിട്ടേൺ ഫയൽ ചെയ്യുന്നത് നികുതി റീഫണ്ടുകൾ വേഗത്തിൽ ലഭിക്കുന്നത് മുതൽ ഭാവിയിലെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നത് വരെയുള്ള സാമ്പത്തിക ജീവിതത്തിലെ ഏറ്റവും ഉപയോഗപ്രദമായ രേഖകളിലൊന്നായി ഐ.ടി.ആറിനെ മാറ്റും.
ജൂലൈ 31നാണ് ഐ.ടി.ആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി. കൃത്യസമയത്ത് ഐ.ടി.ആർ ഫയൽ ചെയ്യുന്നത് വഴി മൂന്ന് പ്രയോജനങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക.
വായ്പകൾക്കും ഇൻഷുറൻസിനും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കും
ഐ.ടി.ആർ വരുമാനത്തിന്റെയും സാമ്പത്തിക സ്ഥിരതയുടെയും സൂചകമാണ്. ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ എന്നിവക്കുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പലപ്പോഴും ഐ.ടി.ആർ രേഖകൾ ആവശ്യപ്പെടാറുണ്ട്. ഉയർന്ന തുകക്കുള്ള ടേം ഇൻഷുറൻസ് പ്ലാനുകൾക്ക് അപേക്ഷിക്കുമ്പോഴും ഈ രേഖ ആവശ്യമായി വന്നേക്കാം. അപേക്ഷകന്റെ വരുമാനവും യോഗ്യതയും വിലയിരുത്താൻ ഇൻഷുറർമാർ ഐ.ടി.ആർ റിട്ടേൺ രേകകൾ ഉപയോഗിക്കുന്നു. കൂടാതെ, വിസ അപേക്ഷകൾക്കും ടെൻഡറുകളിൽ പങ്കെടുക്കുന്നതിനും മറ്റ് നിയമപരമായ ആവശ്യങ്ങൾക്കും ഐ.ടി.ആർ സാധാരണയായി ആവശ്യപ്പെടാറുണ്ട്.
റീഫണ്ടുകൾ ക്ലെയിം ചെയ്യാനും സാമ്പത്തിക രേഖകൾ സൂക്ഷിക്കാനും
ശമ്പളം, സ്ഥിര നിക്ഷേപങ്ങൾ, വാടക അല്ലെങ്കിൽ പ്രഫഷണൽ വരുമാനം എന്നിവയിൽ നിന്ന് 'ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്' വഴി അധിക നികുതി ഈടാക്കിയിട്ടുണ്ടെങ്കിൽ, ആ തുക തിരികെ ലഭിക്കാൻ ഐ.ടി.ആർ ഫയൽ ചെയ്യേണ്ടത് അത്യാവശ്യമാണ്.
നികുതിദായകരെ അവരുടെ പണം തിരികെ ലഭിക്കാൻ സഹായിക്കുന്നതിന് പുറമെ, ഔദ്യോഗിക വരുമാനത്തിന്റെയും വിലാസത്തിന്റെയും തെളിവായി ഐ.ടി.ആർ പ്രവർത്തിക്കുന്നു. വിവിധ സാമ്പത്തിക, നിയമപരമായ നടപടികൾക്ക് ഇത് പിന്തുണ നൽകുകയും വർഷങ്ങളായുള്ള വരുമാനത്തിന്റെയും നികുതിയുടെയും കൃത്യമായ രേഖകൾ സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നഷ്ടങ്ങൾ അടുത്ത വർഷത്തേക്ക് മാറ്റാനും ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു
ഓഹരി വിപണിയിലെ നിക്ഷേപങ്ങളിൽ നിന്നോ ബിസിനസ് പ്രവർത്തനങ്ങളിൽ നിന്നോ നഷ്ടം സംഭവിക്കുന്ന നികുതിദായകർക്ക്, ആ നഷ്ടങ്ങൾ അടുത്ത വർഷങ്ങളിലേക്ക് മാറ്റാനും ഭാവിയിലെ വരുമാനവുമായി ക്രമീകരിക്കാനും കഴിയും. ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ ഐ.ടി.ആർ ഫയൽ ചെയ്യേണ്ടതുണ്ട്.
ചുരുക്കത്തിൽ, അവസാന നിമിഷത്തെ സമ്മർദ്ദം ഒഴിവാക്കാൻ മാത്രമല്ല, കാലതാമസമില്ലാതെ പ്രധാനപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കാനും അവസാന തീയതിക്ക് മുമ്പ് റിട്ടേൺ ഫയൽ ചെയ്യുന്നത് സഹായിക്കുന്നു. റീഫണ്ട് ക്ലെയിം ചെയ്യുന്നതായാലും, വായ്പക്ക് അപേക്ഷിക്കുന്നതായാലും, അല്ലെങ്കിൽ നഷ്ടങ്ങൾ അടുത്ത വർഷത്തേക്ക് മാറ്റുന്നതായാലും, കൃത്യസമയത്ത് ഐ.ടി.ആർ ഫയൽ ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക ആസൂത്രണം കൂടുതൽ എളുപ്പമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

