Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightപേഴ്സണൽ ലോൺ...

പേഴ്സണൽ ലോൺ നിരസിക്കപ്പെട്ടോ? നിങ്ങളുടെ അപ്രൂവൽ സാധ്യത കൂട്ടാൻ ചില വഴികൾ ഇതാ...

text_fields
bookmark_border
പേഴ്സണൽ ലോൺ നിരസിക്കപ്പെട്ടോ? നിങ്ങളുടെ അപ്രൂവൽ സാധ്യത കൂട്ടാൻ ചില വഴികൾ ഇതാ...
cancel

പേഴ്സണൽ ലോൺ അപേക്ഷ നിരസിക്കപ്പെടുന്നത് നിരാശാജനകമായ കാര്യമാണ്. നിങ്ങൾ ആവശ്യപ്പെടുന്ന തുക അത്ര വലുതായിരിക്കില്ല, നിങ്ങൾക്ക് സ്ഥിരവരുമാനം ഉണ്ടായിരിക്കാം, കൂടാതെ അത് കൃത്യമായി തിരിച്ചടക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും നിങ്ങൾക്കുണ്ടാകാം. എന്നാൽ ബാങ്ക് അല്ലെങ്കിൽ വായ്പാ ദാതാവ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതോടെ ആ അപേക്ഷ നിരസിക്കപ്പെടുന്നു.

വായ്പാ ദാതാക്കൾ ഒരു സ്കോറിനെ മാത്രം അടിസ്ഥാനമാക്കിയല്ല തീരുമാനങ്ങൾ എടുക്കുന്നത്. ക്രെഡിറ്റ് സ്കോർ ഒരു പ്രധാന ഘടകം തന്നെയാണ്, പക്ഷേ അത് വലിയൊരു പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ്. ഇക്കാരണത്താലാണ് ക്രെഡിറ്റ് സ്കോർ അത്ര മികച്ചതല്ലാത്ത ചില ആളുകൾക്ക് വായ്പ ലഭിക്കുന്നതും, എന്നാൽ മികച്ച പ്രൊഫൈൽ ഉണ്ടെന്ന് തോന്നിക്കുന്ന മറ്റ് ചിലർക്ക് അത് ലഭിക്കാതെ പോകുന്നതും.

വായ്പ നിരസിക്കപ്പെട്ട ഉടൻ ഉണ്ടാകുന്ന ആദ്യ പ്രതികരണം, ക്രെഡിറ്റ് സ്കോർ വളരെ കുറവാണെന്ന് കരുതി അത് അവിടെ വിട്ടുകളയുക എന്നതാണ്. എന്നാൽ യഥാർഥത്തിൽ, ഇതിനെക്കുറിച്ച് കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കുകയാണ് വേണ്ടത്. മാസങ്ങൾക്ക് മുമ്പ് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് അടക്കാൻ മറന്നുപോയതോ, പണ്ട് അടച്ചുതീർത്ത ഒരു ലോൺ അക്കൗണ്ട് ഇപ്പോഴും ആക്ടീവായി കാണിക്കുന്നതോ, അല്ലെങ്കിൽ ക്രെഡിറ്റ് റിപ്പോർട്ടിലെ തെറ്റായ വിവരങ്ങളോ ഒക്കെ ആളുകൾ കരുതുന്നതിലും കൂടുതൽ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം.

റിപ്പോർട്ട് ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നത് എവിടെയാണ് പിഴവ് സംഭവിച്ചതെന്നും അടുത്ത തവണ അപേക്ഷിക്കുന്നതിന് മുമ്പ് അത് എങ്ങനെ പരിഹരിക്കാമെന്നും മനസിലാക്കാൻ സഹായിക്കും.

സാമ്പത്തിക പെരുമാറ്റം വായ്പ ദാതാക്കൾ ശ്രദ്ധിക്കുന്നുണ്ട്

ഒരു ക്രെഡിറ്റ് സ്കോർ പ്രതിഫലിപ്പിക്കുന്നത് നിങ്ങളുടെ മുൻകാല വായ്പാ ശീലങ്ങളെയാണ്. എന്നാൽ വായ്പ നൽകുന്നവർക്ക് നിങ്ങളുടെ സമീപകാലത്തെ സാമ്പത്തിക പെരുമാറ്റവും നിരീക്ഷിക്കുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും, അതിനുശേഷം കൃത്യമായ തിരിച്ചടവ് റെക്കോർഡ് സൂക്ഷിക്കുന്ന ഒരാളെ, ഇന്നും പേയ്‌മെന്‍റുകൾ മുടക്കുന്ന ഒരു വായ്പക്കാരനിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടായിരിക്കും ബാങ്കുകൾ വീക്ഷിക്കുക. അതുകൊണ്ടാണ് കൃത്യസമയത്തുള്ള ഇ.എം.ഐ, ക്രെഡിറ്റ് കാർഡ് പേയ്‌മെന്‍റുകൾ എന്നിവക്ക് ഇത്രയധികം പ്രാധാന്യമുള്ളത്. നിങ്ങളുടെ മുൻകാല സാമ്പത്തിക ബുദ്ധിമുട്ടുകൾ താൽക്കാലികം മാത്രമായിരുന്നുവെന്നും, അത് നിങ്ങളുടെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയല്ലെന്നും തെളിയിക്കാൻ കാലക്രമേണ ഈ കൃത്യത സഹായിക്കും.

കടബാധ്യതകൾ തിരിച്ചടിയായേക്കാം

ഭൂരിഭാഗം വായ്പക്കാരും അവരുടെ ക്രെഡിറ്റ് സ്കോറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വായ്പ നൽകുന്നവർ പരിഗണിക്കുന്ന മറ്റൊരു പ്രധാന മാനദണ്ഡമുണ്ട്: നിങ്ങളുടെ നിലവിലുള്ള കടങ്ങൾ.

നിങ്ങളുടെ ശമ്പളത്തിന്‍റെ വലിയൊരു പങ്ക് നിലവിലുള്ള ലോണുകൾ തിരിച്ചടക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നതെങ്കിൽ, പുതിയൊരു ലോൺ കൂടി തിരിച്ചടക്കാനുള്ള നിങ്ങളുടെ ശേഷിയെക്കുറിച്ച് വായ്പ നൽകുന്നവർക്ക് ആശങ്കയുണ്ടായേക്കാം. അതിനാൽ, പുതിയൊരു ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിലവിലുള്ള ചില കടബാധ്യതകൾ തീർക്കുന്നത് സഹായകമാകും.

എല്ലാ ബാങ്കുകളിലും ഒരേസമയം അപേക്ഷിക്കുന്നത് ഗുണം ചെയ്യുമോ?

ഒരു ബാങ്കിൽ നിന്ന് ലോൺ നിരസിക്കപ്പെടുമ്പോൾ, ഉടൻ തന്നെ മറ്റ് പല ബാങ്കുകളിലേക്കും മാറി മാറി അപേക്ഷിക്കുന്നത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ഒരു ബാങ്ക് 'നോ' പറഞ്ഞാൽ മറ്റൊരു ബാങ്ക് 'യെസ്' പറഞ്ഞേക്കും എന്ന ചിന്ത മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ലോൺ അപേക്ഷകൾ സമർപ്പിക്കുന്നത്, ഭാവിയിൽ വായ്പ നൽകുന്നവർ നിങ്ങളുടെ അപേക്ഷകൾ പരിഗണിക്കുമ്പോൾ നെഗറ്റീവായി ബാധിച്ചേക്കാം.

എല്ലായിടത്തും ഒരേസമയം അപേക്ഷിക്കുന്നതിന് പകരം, മുമ്പത്തെ അപേക്ഷ നിരസിക്കപ്പെടാൻ ഉണ്ടായ കാരണം കൃത്യമായി മനസിലാക്കി ആ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കാൻ ശ്രമിക്കുന്നതാണ് കൂടുതൽ ബുദ്ധിപരമായ നീക്കം.

ഒരേ സ്കോറുള്ള രണ്ട് വായ്പക്കാർക്ക് വ്യത്യസ്ത ഫലം എന്തുകൊണ്ട്?

ക്രെഡിറ്റ് സ്കോറുകൾ പ്രധാനമാണ്, പക്ഷേ വായ്പ നൽകുന്നവർ പരിഗണിക്കുന്ന ഒരേയൊരു ഘടകം അതല്ല. സ്ഥിരതയുള്ള ജോലിയും, നിയന്ത്രിക്കാൻ കഴിയുന്ന കടബാധ്യതകളും, കൃത്യമായ തിരിച്ചടവ് ശീലങ്ങളുമുള്ള ഒരു വായ്പക്കാരൻ, സമാനമായ സ്കോറുള്ളതും എന്നാൽ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളായതുമായ മറ്റൊരാളെ അപേക്ഷിച്ച് ബാങ്കുകൾക്ക് കൂടുതൽ സുരക്ഷിതനായി തോന്നും. വരുമാനത്തിന്‍റെ സ്ഥിരതയും തിരിച്ചടവ് ശേഷിയും വായ്പാ തീരുമാനങ്ങളിൽ എപ്പോഴും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ലോൺ അനുമതി നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കുന്നത്.

ചുരുക്കത്തിൽ കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പ ലഭിക്കുന്നത് കൂടുതൽ പ്രയാസമാണെങ്കിലും അത് ഒരിക്കലും അസാധ്യമാക്കുന്നില്ല. ലോൺ നിരസിക്കപ്പെട്ട ഉടൻ തന്നെ പുതിയൊരു അപേക്ഷയിലേക്ക് കടക്കുന്നതിന് പകരം, നിങ്ങളുടെ തിരിച്ചടവ് രീതികൾ മെച്ചപ്പെടുത്തുന്നതിലും, നിലവിലുള്ള കടങ്ങൾ വീട്ടുന്നതിലും, ക്രെഡിറ്റ് റിപ്പോർട്ടിലെ തെറ്റുകൾ പരിശോധിച്ചു തിരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിലൂടെ പെട്ടെന്ന് ഫലം ലഭിച്ചേക്കില്ലെങ്കിലും, അടുത്ത തവണ നിങ്ങളുടെ ലോൺ അപേക്ഷ പാസാകാനുള്ള സാധ്യത ഇത് ഉറപ്പായും വർധിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Credit loanBusiness Newspersonal financeLatest News
News Summary - the ways to improve the chances to get credit loan success
Next Story