പുറത്തിറങ്ങുമ്പോൾ ചെലവ് കുറക്കാൻ യു.പി.ഐക്ക് പകരം കാശ് ഉപയോഗിക്കുന്ന തന്ത്രത്തിന് പിന്നിലെ യാഥാർഥ്യം
text_fieldsയു.പി.ഐ ഇല്ലാതെ ഒരു ദിവസം പോലും കടന്നു പോകുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു ലോകത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ഒരു ദിവസത്തെ പർച്ചേസിങിന്‍റെ മുക്കാൽ ഭാഗം പേമെന്‍റും നടക്കുന്നത് ഗൂഗ്ൾ പേ പോലുള്ള യു.പി.ഐ ഐ ആപ്പുകൾ വഴിയാണ്. വാലറ്റിൽ പണം കരുതേണ്ട ആവശ്യമില്ല എന്നതു കൊണ്ടൊക്കെ തന്നെ യു.പി.ഐ ആപ്പുകൾക്ക് പ്രിയം കൂടി. എന്നാൽ ഇന്ന് നഗരങ്ങളിൽ ജീവിക്കുന്ന യുവാക്കൾക്കിടയിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി പണം ലാഭിക്കുന്നതിനായി യു.പി.ഐ ആപ്പുകൾ ഒഴിവാക്കി പണം നേരിട്ട് ൽകി സാധനങ്ങൾ വാങ്ങുന്ന പ്രവണത കൂടുകയാണ്. പാശ്ചാത്യ രാജ്യങ്ങളിലും യുവാക്കൾക്കിടയിൽ ഇത്തരത്തിൽ കാഷ് ഒൺലി വീക്കെന്‍റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. വെള്ളിയാഴ്ച എ.ടി.എംൽ നിന്ന് പണം എടുത്ത ശേഷം ഞായറാഴ്ച വരെ ആ പണം മാത്രം ഉപയോഗിച്ച് ജീവിത ചെലവുകൾ നടത്തുക എന്നതാണ് ഈ ആശയം.
ഗുരുഗ്രാമിൽ ഒരു യുവതി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രതികരണത്തിൽ തന്‍റെ അനുഭവം പറയുന്നത് ഇങ്ങനെ. "ഓഫീസിലെ കാന്‍റീനിൽ നിന്ന് ഒരു ചായ കുടിക്കുന്നതിൽ നിന്നാണ് യു.പി.ഐ പേമെന്‍റ് എത്ര ഏളുപ്പമാണെന്ന് മനസ്സിലാക്കുന്നത്. ഇതാകുമ്പോൾ കടക്കാരന്‍റെ പക്കൽ നിന്ന് ബാക്കി തുക വാങ്ങാൻ കഷ്ടപ്പെടുകയും വേണ്ട. പക്ഷേ ഇതിന്‍റെ അപകടം പിന്നീടാണ് തിരിച്ചറിഞ്ഞത്. നിമിഷ നേരം കൊണ്ട് ഇടപാട് പൂർത്തിയാകും എന്നതുകൊണ്ട് തന്നെ എവിടെ പോയാലും ചെറിയ പർചേസിങിന് പോലും താൻ യു.പി.ഐ ഉപയോഗിക്കാൻ തുടങ്ങി. പിന്നെ ആവശ്യമില്ലെങ്കിൽ പോലും ഓരോന്ന് വാങ്ങി കാശ് പാഴാക്കും."
യു.പി.ഐക്ക് പകരം കാശിലേക്ക് മാറിയപ്പോൾ വളരെ കുറച്ച് പണം മാത്രം വാലറ്റിൽ സൂക്ഷിക്കുകയും വളരെ അത്യാവശ്യമുള്ള അല്ലെങ്കിൽ വലിയ പർചേസിങുകൾ മാത്രം ഡെബിറ്റ് കാർഡ് വഴി നടത്തുകയുെ ചെയ്യുന്ന രീതിയിലേക്ക് മാറിയത് തന്‍റെ പാഴ് ചെലവുകൾ കുറക്കാൻ സഹായിച്ചുവെന്ന് യുവതി പറയുന്നു. പേമെന്‍റുകൾക്ക് പണം ഉപയോഗിക്കാൻ തുടങ്ങിയ ശേഷം ഒരു സാധനം വാങ്ങണമെങ്കിൽ അത് തനിക്ക് അത്രയും അത്യാവശ്യം ഉള്ളതാണോ എന്ന് നോക്കിയിട്ടേ വാങ്ങൂ എന്നാണ് അവർ പറയുന്നത്. യു.പി.ഐ ആപ്പ് ഉപയോഗിച്ചിരുന്ന സമയത്ത് ഇങ്ങനെയൊന്ന് ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ലത്രേ.
സത്യത്തിൽ സൈക്കോളജിക്കൽ ഘടകമാണ് യു.പി.ഐ ഉപയോഗത്തെ സ്വാധീനിക്കുന്നത്. യു.പി.ഐ ആപ്പ് അനാവശ്യ ചെലവുകൽ കൂട്ടുമെന്ന് സാമ്പത്തിക വിദഗ്ദർ തന്നെ സമ്മതിക്കുന്നുണ്ട്.
യു.പി.ഐ ഉപയോഗത്തിലെ എളുപ്പവും സമയ ലാഭവുമാണ് ആസൂത്രിതമല്ലാത്തതുമായ പർചേസുകളിലേക്ക് ഉപയോക്താക്കളെ നയികുന്നതെന്ന സെബി രജിസ്ട്രേഡ് ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസറും സഹജ് മണി സ്ഥാപകനുമായ അഭിഷേക് പറയുന്നു. പണമായി തന്നെ പേമെന്‍റ് ചെയ്യുമ്പോൾ വാങ്ങലുകളിൽ ഉപഭോക്താക്കൾക്ക് യാഥാർഥ്യ ബോധം ഉണ്ടാകുന്നു. പണമായി തന്നെ പേമെന്‍റുകൾ ചെയ്യുന്നതാണ് പണം ലാഭിക്കാൻ യു.പിഐക്കാൾ മികച്ച രീതിയെന്ന് ഫിനാൻസ് കണ്ടന്‍റ് ക്രിയേറ്ററായ ഗർവിത് ഗോയലും പറയുന്നു.
കൈയിലെ പണം ചെലവാക്കുമ്പോൾ വാലറ്റിന്‍റെ ഭാരം കുറയുന്നുവെന്ന തിരിച്ചറിവ് നമുക്ക് ലഭിക്കും. അത് കൊണ്ട് തന്നെ ഒരു സാധനത്തിന് പണം ചെലവാക്കുന്നതിന് രണ്ട് തവണ ചിന്തിക്കാൻ ഇത് ആളുകളെ പ്രേരിപ്പിക്കും. യു.പി.ഐയിൽ 300 രൂപയുടെ ഊണും 800 രൂപയുടെ വസ്ത്രവും 1000 രൂപയുടെ സബ്സ്ക്രിപ്ഷനും വലിയ തുകയായി തോന്നില്ല.
കാഷ് ഒൺലി പേമെന്‍റ് എന്നത് ഒരു ശാശ്വത പരിഹാരം അല്ലെങ്കിലും ചെലവ് കുറക്കുന്നതിന് സാമ്പത്തിക വിദഗ്ദർ ചില തന്ത്രങ്ങൾ മുന്നോട്ടു വെക്കുന്നു.
24 മണിക്കൂർ റൂൾ: 500നു മുകളിൽ വിലയുള്ള സാധനങ്ങൾ വാങ്ങുന്നതിനു മുമ്പ് 24 മണിക്കൂർ കാത്തിരിക്കുക.അത് മിക്കപ്പോഴും ആ സാധനം വാങ്ങേണ്ടതില്ലെന്ന് തോന്നലുണ്ടാക്കും.
ഈസി പേമെന്‍റുകൾ: സേവ്ഡ് കാർഡുകൾ, ഓട്ടോ പേ, വൺ ക്ലിക്ക് പേ ഔട്ടുകൾ തുടങ്ങിയവ ടേൺ ഓഫ് ചെയ്യുക
മാസം തോറുമുള്ള സബ്സ്ക്രിപഷനുകൾ: മാസം തോറും സേവനങ്ങൾക്ക് പണം അടക്കുന്നത് പണം ചെലവാക്കുന്നത് സംബന്ധിച്ച് ഒരു ബോധം ഉണ്ടാകാനും ആ തുകക്കുള്ള മൂല്യം അതിനുണ്ടോ എന്ന് ചിന്തിക്കാനും സഹായിക്കും.
വാറൻ ബഫറ്റ്: ആവശ്യമില്ലാത്ത സാധനങ്ങൾ നിങ്ങൾ വാങ്ങി കൂട്ടിയാൽ പെട്ടെന്ന് തന്നെ വേണ്ടപ്പെട്ട സാധനങ്ങൾ നിങ്ങൾക്ക് വിൽക്കേണ്ടി വരുമെന്ന വാറൻ ബഫറ്റിന്‍റെ വാക്കുകൾ ഓർമയിലിരിക്കട്ടെ.
പണത്തെ സമയവുമായി ബന്ധിപ്പിക്കുക: അതായത് ഓരോ സാധനവും വാങ്ങുമ്പോൾ എത്ര സമയം ജോലി ചെയ്താലാണ് ആ പണം ലഭിക്കുക എന്ന് ചിന്തിക്കുക.
നിയന്ത്രണം: ഷോപ്പിങ് ആപ്പുകൾ ഫോണിന്‍റെ ഹോം സ്ക്രീനിൽ നിന്ന് ഒഴിവാക്കുക. പ്രൊമോഷണൽ ഇമെയിലുകൾ അൺസബ്സ്ക്രൈബ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

