2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്; കേന്ദ്ര തീരുമാനം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 2000 രൂപക്ക് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം.
എന്നാൽ ഹരജിയിൽ കേന്ദ്ര സർക്കാരിനും മറ്റുള്ളവർക്കും കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശമുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയം നിയമപരമായതിനേക്കാൾ കൂടുതൽ സാങ്കേതികമാണെന്ന് കോടതി നിരീക്ഷിച്ചു.
ഗേറ്റ്‌വേ ഉപയോഗിക്കുന്ന 96 ശതമാനം ആളുകളെയും ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സാധാരണക്കാരെ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഈ മാസം ആദ്യമാണ് കേന്ദ്രം പുതിയ യുപിഐ നിയമങ്ങൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 2000 രൂപക്ക് മുകളിലുള്ള പേഴ്‌സൺ-ടു-മർച്ചന്റ് (P2M) ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കും.
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇടയിൽ പണം അയക്കുന്നത് തുക എത്രയായാലും പൂർണമായും സൗജന്യമായി തുടരും. P2M ഇടപാടുകളിൽ ഏകദേശം 96 ശതമാനവും 2000 രൂപയിൽ താഴെയുള്ളതാണ്. അതിനാൽ ഭൂരിഭാഗം ഇടപാടുകളെയും പുതിയ നിയമം ബാധിക്കില്ലെന്ന് സർക്കാർ പറയുന്നു.
2000 രൂപക്ക് മുകളിൽ ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കുന്ന കടയുടമകൾക്കാണ് ഈ ഫീസ് ബാധകമാകുന്നത്. തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി വ്യാപാരികൾ പ്രതിഷേധം ഉയർത്തിയിരുന്നു. ചിലയിടങ്ങളിൽ ക്യുആർ കോഡ് സ്കാനറുകളിൽ കറുത്ത റിബൺ കെട്ടിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. യുപിഐയുടെ സൗജന്യ സ്വഭാവം ഇല്ലാതാകുമെന്നും ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
എന്നാൽ ഡിജിറ്റൽ പേയ്‌മെന്റ് ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തുന്നതിനും ബാങ്കുകൾക്കും പേയ്‌മെന്റ് സേവനദാതാക്കൾക്കും അടിസ്ഥാന സൗകര്യ ചെലവുകൾ തിരിച്ചുപിടിക്കുന്നതിനുമാണ് എംഡിആർ ഏർപ്പെടുത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

