55 രൂപ മുതൽ നിക്ഷേപിക്കാം, 60 വയസ് കഴിഞ്ഞാൽ 3000 രൂപ പെൻഷൻ: വ്യാപാരികൾക്കായുള്ള എൻ.പി.എസ് സ്കീമിൽ നിക്ഷേപിക്കാൻ നിർദേശവുമായി തൊഴിൽ മന്ത്രാലയം
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രജിസ്റ്റർ ചെയ്ത വ്യാപാരികളോടും സ്ഥാപനങ്ങളോടും നാഷനൽ പെൻഷൻ സ്കീമിൽ ചേരണമെന്ന് കേന്ദ്ര തൊഴിൽ, ഉദ്യോഗ മന്ത്രാലയത്തിന്‍റെ നിർദേശം. 60 വയസ് തികയുമ്പോൾ പ്രതിമാസം 3,000 രൂപ പെൻഷൻ നൽകി വാർധക്യകാല സംരക്ഷണം ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.
ഇ.പി.എഫ്.ഒ പോലുള്ള ഔദ്യോഗിക പെൻഷൻ സംവിധാനങ്ങൾക്ക് പുറത്തുള്ള രജിസ്റ്റർ ചെയ്ത കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമായി 2019 സെപ്റ്റംബറിലാണ് സർക്കാർ എൻ.പി.എസ് പദ്ധതി ആരംഭിച്ചത്. 18 മുതൽ 40 വരെ പ്രായമുള്ള വാർഷിക വിറ്റുവരവ് 1.5 കോടിയിൽ താഴെയുള്ള വ്യാപാരികൾക്ക് ഈ സ്വമേധയാ ഉള്ള സമവിഹിത പെൻഷൻ പദ്ധതിയിൽ അപേക്ഷിക്കാം. ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയോ അടുത്തുള്ള കോമൺ സർവീസ് സെന്റർ സന്ദർശിച്ചോ ഉപഭോക്താക്കൾക്ക് സ്വയം രജിസ്റ്റർ ചെയ്യാവുന്നതാണ്.
പദ്ധതി അനുസരിച്ച്, പ്രതിമാസ വിഹിതത്തിന്‍റെ 50 ശതമാനം ഗുണഭോക്താവ് അടയ്ക്കേണ്ടതാണ്. ബാക്കി 50 ശതമാനം തുക കേന്ദ്ര സർക്കാർ സംഭാവന ചെയ്യും. 60 വയസ് പൂർത്തിയാകുന്നതോടെ ഉപഭോക്താക്കൾക്ക് പ്രതിമാസം കുറഞ്ഞത് 3,000 രൂപ ഉറപ്പുള്ള പെൻഷന് അർഹതയുണ്ട്. സർക്കാറിന്‍റെ പുതിയ കണക്കുകൾ പ്രകാരം, 2025 നവംബർ 26 വരെ 60,538 ആളുകളാണ് ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്.
പരമ്പരാഗതമായി സർക്കാറിന്‍റെ പെൻഷൻ പദ്ധതികൾക്ക് പുറത്തായിരുന്ന ഒരു വലിയ വിഭാഗത്തെ വിരമിക്കൽ ആസൂത്രണത്തിന്‍റെ ഭാഗമാക്കുന്നതിൽ എൻ.പി.എസ് ട്രേഡേഴ്‌സ് പദ്ധതി ഒരു വലിയ ചുവടുവയ്പ്പാണ്. ഈ പദ്ധതിപ്രകാരം, രജിസ്റ്റർ ചെയ്ത ബിസിനസുള്ള ഒരു കടയുടമയ്ക്കോ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയ്ക്കോ പ്രതിമാസം 55 രൂപ മുതൽ 200 രൂപ വരെ കുറഞ്ഞ തുക നിക്ഷേപിച്ച് 60 വയസ്സിന് ശേഷം 3,000 രൂപ ഉറപ്പുള്ള പെൻഷൻ നേടാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

