സന്തോഷ വാർത്ത; ഉയർന്ന പി.എഫ് ലാഭം നൽകാൻ റിസർവ് ബാങ്ക് നീക്കം
text_fieldsന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് സർക്കാർ, സ്വകാര്യ കമ്പനി ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിൽ ജീവനക്കാർക്ക് ഉയർന്ന വാർഷിക ലാഭം നൽകാൻ റിസർവ് ബാങ്ക് നീക്കം തുടങ്ങി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ഫണ്ട് കൂടുതൽ ലാഭം ലഭിക്കുന്ന മേഖലയിൽ നിക്ഷേപിക്കാൻ കേന്ദ്ര സർക്കാറിന് ആർ.ബി.ഐ നിർദേശം നൽകി. സർക്കാർ ബോണ്ട് നിക്ഷേപത്തിൽനിന്നുള്ള ആദായം കൊണ്ട് നിലവിൽ നിശ്ചയിക്കപ്പെട്ട പലിശ നൽകാൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ആർ.ബി.ഐ ഇടപെടൽ.
25 ലക്ഷം കോടി രൂപയാണ് ഇ.പി.എഫ്.ഒയുടെ അക്കൗണ്ടിലുള്ളത്. 30 കോടി ജീവനക്കാരുടെ റിട്ടയർമെന്റ് നിക്ഷേപമാണിത്. നിലവിൽ സർക്കാർ ബോണ്ടുകളിലാണ് ഫണ്ടിന്റെ ഭൂരിഭാഗം തുകയും നിക്ഷേപിച്ചിരിക്കുന്നത്. പ്രൊവിഡന്റ് ഫണ്ട് കൈകാര്യം ചെയ്യുന്നതിലും നിക്ഷേപിക്കുന്നതിലുമുള്ള പോരായ്മകൾ കണ്ടെത്തി പുതിയ നിർദേശങ്ങൾ സമർപ്പിക്കണമെന്ന് ഈ വർഷം ആദ്യം തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടതിന് പിന്നിലെയാണ് ആർ.ബി.ഐ നടപടി.
ബോണ്ട് ആദായം ഇടിഞ്ഞതിനാൽ പി.എഫ് ഉപഭോക്താക്കൾക്ക് മികച്ച പലിശ നൽകാൻ ഇ.പി.എഫ്.ഒ വലിയ സമ്മർദം നേരിടുന്നുണ്ട്. ഓഹരി നിക്ഷേപത്തിലൂടെയാണ് നഷ്ടം നികത്തിൽ ലാഭം നൽകാൻ കഴിയുന്നതെന്ന് ഇ.പി.എഫ്.ഒയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
45 മുതൽ 65 വരെ ശതമാനം ഫണ്ട് ബോണ്ടുകളിലും 20 മുതൽ 45 വരെ ശതമാനം കടപ്പത്രങ്ങളിലും അഞ്ച് മുതൽ 15 വരെ ശതമാനം ഓഹരികളിലുമാണ് ഇ.പി.എഫ്.ഒ ഫണ്ട് നിക്ഷേപിക്കുന്നത്. അഞ്ച് ശതമാനം വരെ ഫണ്ട് കടപ്പത്രങ്ങളിൽ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കാറുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 8.25 ശതമാനം പലിശയാണ് ഉപഭോക്താക്കൾക്ക് നൽകിയത്. അതേസമയം, പത്ത് വർഷത്തെ ശരാശരി ബോണ്ട് ആദായം വെറും 6.86 ശതമാനം മാത്രമായിരുന്നു. എന്നാൽ, ഓഹരി വിപണിയിൽ നിഫ്റ്റി 5.3 ശതമാനവും സെൻസെക്സ് 5.1 ശതമാനവും നേട്ടം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

