പൊതുമേഖല ഓഹരികൾ ചില്ലറക്കാരല്ല; നിക്ഷേപകരെ സമ്പന്നരാക്കിയതിൽ ഒന്നാം സ്ഥാനത്ത്
text_fieldsമുംബൈ: വർഷങ്ങളോളം ഓഹരി വിപണിയിൽ ആർക്കും വേണ്ടാതിരുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി ദീർഘകാല നിക്ഷേപകർക്ക് സമ്മാനിച്ചത് വൻ സമ്പത്ത്. രാജ്യത്തെ നിക്ഷേപകരെ സമ്പന്നരാക്കിയ 100 ഓഹരികളിൽ 26 എണ്ണം പൊതുമേഖല കമ്പനികളുടെതാണ്. 2020 ഏപ്രിൽ മുതൽ കഴിഞ്ഞ വർഷം മാർച്ച് വരെയുള്ള കാലയളവിലാണ് പൊതുമേഖല കമ്പനി (പി.എസ്.യു) ഓഹരികൾ പറന്നുയർന്നത്. സ്റ്റോക്ക് ബ്രോക്കറും നിക്ഷേപകരുമായ മോത്തിലാൽ ഓസ്‍വാൾ ഗ്രൂപ്പാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
പ്രതിരോധ രംഗത്തെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏയറനോട്ടിക്സ് ലിമിറ്റഡാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതലും വേഗത്തിലും സ്ഥിരതയോടെയും സമ്പത്തുണ്ടാക്കിയ ഓഹരികളിൽ ഒന്നാം സ്ഥാനത്ത്. മാത്രമല്ല, മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതലും വേഗത്തിലും സ്ഥിരതയോടെയും സമ്പത്ത് നൽകിയ പത്ത് ഓഹരികളിൽ നാലെണ്ണം പി.എസ്.യുകളാണെന്നും മോത്തിലാൽ ഓസ്‍വാൾ റിപ്പോർട്ട് പറയുന്നു.
2017 മുതൽ 2022 വരെയുള്ള കാലയളവിൽ മികച്ച റിട്ടേൺ നൽകിയവരിൽ ഒരേയൊരു പി.എസ്.യു ഓഹരി മാത്രമാണുണ്ടായിരുന്നത്. 2019-2024 കാലയളവിൽ 20 പി.എസ്.യു ഓഹരികൾ 100 മികച്ച ഓഹരികളുടെ പട്ടികയിൽ ഇടംപിടിച്ചു. എന്നാൽ, 2017 മുതൽ 2022 വരെയുള്ള കാലയളവിനെ അപേക്ഷിച്ച് 2020 ഏപ്രിൽ മുതൽ കഴിഞ്ഞ വർഷം മാർച്ച് വരെയുള്ള കാലയളവിൽ മികച്ച പി.എസ്.യു ഓഹരികളുടെ എണ്ണം ഒരു ശതമാനത്തിൽനിന്ന് 26 ശതമാനത്തിലേക്ക് ഉയർന്നു.
ഇതിനുമുമ്പ് 2006-11 കാലയളവിലാണ് ഏറ്റവും കൂടുതൽ പി.എസ്.യു ഓഹരികൾ കുതിച്ചുയർന്നതും നിക്ഷേപകർക്ക് ഏറ്റവും അധികം സമ്പത്ത് നൽകിയതും. പക്ഷെ, അതിനുശേഷം മിക്ക പി.എസ്.യുകളിലും ഗണ്യമായ ഇടിവുണ്ടാകുകയായിരുന്നു. ഇതോടെ പി.എസ്.യു ഓഹരികളിൽ നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ടു.
കോവിഡ് കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് തളർച്ച നേരിട്ടപ്പോൾ വ്യാപാരികളും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലൂടെ സർക്കാറും കനത്ത വിൽപന നടത്തിയതാണ് പി.എസ്.യു ഓഹരികൾക്ക് തിരിച്ചടിയായതെന്ന് 3പി ഇൻവെസ്റ്റ്മെന്റ് മാനേജേസിന്റെ സ്ഥാപകനും ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസറുമായ പ്രശാന്ത് ജയിൻ പറഞ്ഞു. സാമ്പത്തികമായി സെൻസിറ്റീവ് മേഖലകളിലായതിനാൽ മൊത്തം ഓഹരി വിപണിയേക്കാൾ ആഘാതം നേരിട്ടത് പി.എസ്.യു ഓഹരികൾക്കായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നീട്, വിപണിയിൽനിന്നുള്ള അഭിപ്രായം പരിഗണിച്ചും സ്വയം വിലയിരുത്തുകയും ചെയ്ത ശേഷമാണ് പൊതു മേഖല കമ്പനികളുടെ ഓഹരികൾ ഇ.ടി.എഫുകളിലൂടെ വിൽക്കുന്നത് സർക്കാർ നിർത്തിയത്. കോവിഡ് കാലത്ത് പി.എസ്.യു ഓഹരികളുടെ വില കൂപ്പുകുത്തിയതോടെ നിക്ഷേപകരും വ്യാപാരികളും വാങ്ങിക്കൂട്ടുകയായിരുന്നു. പ്രതിരോധ സാമഗ്രികൾ ആഭ്യന്തര വിപണിയിൽനിന്ന് തന്നെ വാങ്ങാൻ സർക്കാർ തീരുമാനിച്ചതും റഷ്യ-യുക്രെയ്ൻ യുദ്ധവും ഇസ്രായേലിന്റെ ഗസ്സ ആക്രമണവുമാണ് ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡ് അടക്കമുള്ള കമ്പനികൾ നിക്ഷേപകരുടെ പ്രിയങ്കരിയാവാൻ കാരണമെന്നും പ്രശാന്ത് ജയിൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

