ജോലി നഷ്ടപ്പെട്ടോ? ഇനി 2 മാസം കൊണ്ട് പി.എഫ് മുഴുവനായി പിൻവലിക്കാൻ കഴിയില്ല
text_fieldsജോലി നഷ്ടപ്പെട്ടാൽ 2 മാസത്തിന് ശേഷം പി.എഫ് തുക മുഴുവനായി പിൻവലിക്കാം എന്ന പഴയ രീതിക്ക് മാറ്റം വരുന്നു. മുമ്പ് ജോലി നഷ്ടപ്പെട്ട് രണ്ട് മാസത്തിന് ശേഷം മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ 2026ലെ പുതിയ സ്കീമിൽ, തൊഴിലില്ലാത്ത അവസ്ഥയിൽ ആദ്യത്തെ മാസങ്ങളിൽ 75 ശതമാനം വരെ പിൻവലിക്കാം. ബാക്കി തുക 12 മാസത്തെ തുടർച്ചയായ തൊഴിലില്ലായ്മയ്ക്ക് ശേഷം മാത്രമേ പിൻവലിക്കാൻ കഴിയൂ..
കൂടാതെ, പി.എഫ് അഡ്വാൻസ് പിൻവലിക്കലിനെ മൂന്ന് വിഭാഗങ്ങളിലായി ക്രോഡീകരിച്ചിരിട്ടുണ്ട്: അത്യാവശ്യ ആവശ്യങ്ങൾ, ഭവന നിർമാണം, പ്രത്യേക സാഹചര്യങ്ങൾ. ഇതിനായി നിശ്ചിത പരിധികളും ഏർപ്പെടുത്തിയിട്ടുണ്ട് (വിദ്യാഭ്യാസത്തിന് 10 തവണ, വിവാഹത്തിനും വീട് നിർമാണത്തിനും 5 തവണ, പ്രത്യേക സാഹചര്യങ്ങളിൽ വർഷത്തിൽ 2 തവണ).
കർശന നിയന്ത്രണങ്ങൾക്ക് പിന്നിൽ
കാലാവധിക്ക് മുമ്പുള്ള പിൻവലിക്കലുകൾ ഇന്ത്യയുടെ റിട്ടയർമെന്‍റ് സുരക്ഷാ പദ്ധതിക്ക് വലിയ വെല്ലുവിളിയാണ്. ഭൂരിഭാഗം ആളുകളും ജോലി മാറുമ്പോഴെല്ലാം പി.എഫ് അക്കൗണ്ടിലെ പണം മുഴുവൻ പിൻവലിക്കാറുണ്ട്. ഇത് പി.എഫ് അക്കൗണ്ടിനെ ഒരു വിരമിക്കൽ സമ്പാദ്യമായി കാണുന്നതിന് പകരം, ജോലികൾക്കിടയിലുള്ള സാമ്പത്തിക സഹായമായി മാത്രം ഉപയോഗിക്കുന്നതിന് കാരണമാകുന്നു.
ഓരോ തവണ പണം പിൻവലിക്കുമ്പോഴും നിക്ഷേപത്തിന്‍റെ ആദായം പൂജ്യമാകും. 25 ശതമാനം തുക നിർബന്ധമായും അക്കൗണ്ടിൽ നിലനിർത്തുന്നതിലൂടെ തൊഴിലില്ലാത്ത കാലത്തും ഒരു നിശ്ചിത തുക സുരക്ഷിതമായി തുടരുകയും, പുതിയ ജോലി ലഭിക്കുമ്പോൾ ആ തുക വർധിക്കുകയും ചെയ്യും.
ഹ്രസ്വകാലത്തേക്ക് ജോലി നഷ്ടപ്പെടുന്നവർക്ക് 75 ശതമാനം തുക കൊണ്ട് ചെലവുകൾ നടത്താൻ സാധിക്കും. എന്നാൽ ദീർഘകാലം ജോലിയില്ലാതെ ഇരിക്കുന്നവർ പി.എഫിലെ 25 ശതമാനം തുക ഒരു വർഷത്തേക്ക് ലഭിക്കില്ല എന്ന് മുന്നിൽ കണ്ട് സാമ്പത്തിക ആസൂത്രണം നടത്തേണ്ടതുണ്ട്. ഇത്തരം സാഹചര്യം അതിജീവിക്കാൻ പി.എഫിന് പുറമെ ഒരു അത്യാവശ്യ ഫണ്ട് കരുതി വെക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

