വ്യാജന്മാരുടെ കെണിയിൽ അകപ്പെടല്ലേ... ഡിജിറ്റൽ വായ്പകൾ എടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില മുന്നറിയിപ്പുകൾ
text_fieldsപ്രതീകാത്മക ചിത്രം
ഡിജിറ്റൽ വായ്പകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യക്തിഗത വായ്പകളുടെ പേരിൽ സാമ്പത്തിക തട്ടിപ്പുകളും വ്യാപകമാവുകയാണ്. വ്യാജ വായ്പ ആപ്പുകളുടെ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ വായ്പയെടുക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം.
പലപ്പോഴും യാഥാർഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആപ്പുകളും വെബ്‌സൈറ്റുകളും സൃഷ്ടിച്ച്, വളരെ കുറഞ്ഞ രേഖകൾ മാത്രം നൽകി വായ്പ നൽകാമെന്ന് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യാറുണ്ട്. അതിനാൽ തന്നെ ഒരു ഡിജിറ്റൽ ആപ്പ്, ആർ.ബി.ഐ അംഗീകൃത ബാങ്കുമായോ എൻ.ബി.എഫ്.സിയുമായോ ബന്ധപ്പെട്ടതാണോ എന്ന് പരിശോധിക്കണം. എസ്.എം.എസ് വഴിയോ സോഷ്യൽ മീഡിയ ലിങ്കുകൾ വഴിയോ ലഭിക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.
വായ്പ നൽകുന്നതിന് വേണ്ടി മുൻകൂറായി പ്രോസസ്സിങ് ഫീസ്, ഇൻഷുറൻസ് ചാർജ്, ജി.എസ്.ടി, സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണമെന്ന് നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. എന്നാൽ, അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് ഒരിക്കലും പണം ആവശ്യപ്പെടില്ല. വായ്പ തുകയിൽ നിന്നാണ് ഇത്തരം തുകകൾ പിടിക്കുന്നത്. അതിനാൽ പണം ആവശ്യപ്പെടുകയാണെങ്കിൽ അതൊരു തട്ടിപ്പാണെന്ന് തിരിച്ചറിയുക.
കൂടാതെ, നിങ്ങളുടെ വരുമാനമോ ക്രെഡിറ്റ് സ്‌കോറോ നോക്കാതെ വലിയ വായ്പ നൽകാമെന്നുള്ള വാഗ്ദാനങ്ങൾ കാണാറുണ്ട്. യാതൊരു തടസ്സമുവില്ലാതെ നൽകുന്ന ഇത്തരം വായ്പ വാഗ്ദാനങ്ങൾ തട്ടിപ്പായേക്കാം. പൊതുവെ എല്ലാ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുന്നതിന് മുമ്പ് കൃത്യമായ പരിശോധനകൾ നടത്തും.
നിങ്ങളുടെ വായ്പ അംഗീകരിക്കപ്പെട്ടുവെന്ന് പറഞ്ഞ് ബാങ്ക് പ്രതിനിധികളുടെ പേരിൽ ആരെങ്കിലും വിളിച്ച് ഒ.ടി.പി, കാർഡ് വിവരങ്ങൾ, യു.പി.ഐ പെയ്‌മെന്റ്, കെ.വൈ.സി രേഖകൾ ആവശ്യപ്പെട്ടാൽ സൂക്ഷിക്കുക. വിളിക്കുന്നയാൾക്ക് നിങ്ങളുടെ പേരോ വായ്പ തുകയോ മറ്റ് വ്യക്തിഗത വിവരങ്ങളോ അറിയാമെന്ന കാരണത്താൽ മാത്രം ഇത്തരം വിവരങ്ങൾ ഒരിക്കലും കൈമാറരുത്.
നിങ്ങളുടെ വായ്പ അപേക്ഷ അപൂർണ്ണമാണെന്നും ആധാർ, പാൻ, ബാങ്ക് വിവരങ്ങൾ ചെയ്യാൻ ഒരു ലിങ്കിൽ (ഫിഷിങ് ലിങ്ക്) ക്ലിക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളും സൂക്ഷിക്കുക. തിരിച്ചറിയാത്ത വ്യക്തികൾക്കോ അംഗീകൃതമല്ലാത്ത ആപ്പുകൾക്കോ വിവരങ്ങൾ കൈമാറാതിരിക്കുക. നിലവിലുള്ള വായ്പ അടച്ചുതീർക്കാൻ മറ്റൊരു വായ്പയെടുക്കാൻ പ്രേരിപ്പിക്കുന്ന 'ലോൺ-ഫ്ലിപ്പിങ്' കെണികളുമുണ്ട്. കുറഞ്ഞ ഇ.എം.ഐ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പുതിയ വായ്പ എടുക്കുമ്പോൾ ഫീസും പലിശയും ചേരുമ്പോൾ മൊത്തത്തിലുള്ള കടബാധ്യത വർധിക്കും.
ഇ.എം.ഐ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ കളക്ഷൻ എക്സിക്യൂട്ടീവുകളെന്ന് പരിചയപ്പെടുത്തി വ്യക്തിഗത യു.പി.ഐ ഐഡിയിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ ഉടൻ പണം അടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി വരുന്ന കോളുകൾ വിശ്വസിക്കരുത്. ഔദ്യോഗിക ചാനലുകൾ വഴി കുടിശ്ശിക തുകയും പണമടയ്ക്കേണ്ട രീതിയും പരിശോധിച്ച് ഉറപ്പുവരുത്തുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കാതെ വായ്പ നൽകുന്നവരെക്കുറിച്ച് കൃത്യമായി അന്വേഷിക്കുന്നതും നിങ്ങളെ തട്ടിപ്പുകളിൽ നിന്ന് രക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

