ബാങ്ക് അക്കൗണ്ടില്ലെങ്കിലും കൗമാരക്കാർക്ക് ഇനി യു.പി.ഐ ഉപയോഗിക്കാം; 'പോക്കറ്റ് മണി' ഫീച്ചറുമായി പേടിഎം
text_fieldsസ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത കൗമാരക്കാർക്കും ഇനിമുതൽ യു.പി.ഐ വഴി ഡിജിറ്റൽ ഇടപാടുകൾ നടത്താം. ഇതിനായി 'പോക്കറ്റ് മണി' എന്ന പുതിയ ഫീച്ചർ പേടിഎം അവതരിപ്പിച്ചു. മാതാപിതാക്കളുടെ പൂർണ്ണമായ മേൽനോട്ടത്തിലും നിയന്ത്രണത്തിലും കുട്ടികൾക്ക് പണരഹിത ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് ഈ സംവിധാനം.
മെട്രോ യാത്രകൾ, ലഘുഭക്ഷണങ്ങൾ, ഓൺലൈൻ ഷോപ്പിങ്, ഫുഡ് ഡെലിവറി, ഗെയിമിങ് സബ്‌സ്‌ക്രിപ്ഷനുകൾ, മൊബൈൽ റീചാർജ് തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്കായി കുട്ടികൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ മാതാപിതാക്കൾക്ക് അനുമതി നൽകാം. നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) 'യു.പി.ഐ സർക്കിൾ' സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.
എങ്ങനെ പ്രവർത്തിക്കുന്നു?
ഈ സംവിധാനത്തിൽ മാതാപിതാക്കൾ പ്രൈമറി യൂസർ ആയിരിക്കും. കുട്ടി സെക്കൻഡറി യൂസറും. പണം കുട്ടിയുടെ അക്കൗണ്ടിൽ നിന്നല്ല, മറിച്ച് മാതാപിതാക്കളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ഈടാക്കുന്നത്. പേടിഎം ആപ്പ് വഴി മാതാപിതാക്കൾക്ക് ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം. ഒരിക്കൽ അനുമതി നൽകിക്കഴിഞ്ഞാൽ ഓരോ ഇടപാടിനും മാതാപിതാക്കളുടെ ഫോണിലേക്ക് വരുന്ന ഒ.ടി.പി അനുമതികൾ കുട്ടികൾക്ക് ആവശ്യമില്ല. അവർക്ക് സ്വന്തം ഫോണിൽ നിന്ന് നേരിട്ട് പണം നൽകാം.
കുട്ടികൾ അമിതമായി പണം ചിലവഴിക്കുന്നത് തടയാനും ദുരുപയോഗം ഒഴിവാക്കാനുമായി കർശനമായ നിയന്ത്രണങ്ങൾ പേടിഎം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു തവണ പരമാവധി 5,000 രൂപ വരെ മാത്രമേ അയക്കാൻ സാധിക്കൂ. ഒരു മാസത്തെ ആകെ യു.പി.ഐ ചെലവ് 15,000 രൂപയാണ്. ഈ ഫീച്ചർ വഴി അന്താരാഷ്ട്ര പേയ്‌മെന്റുകളോ എ.ടി.എമ്മിൽ നിന്നുള്ള പണം പിൻവലിക്കലുകളോ സാധ്യമല്ല.
അക്കൗണ്ട് ആക്ടിവേറ്റ് ചെയ്ത് ആദ്യ 30 മിനിറ്റിൽ പരമാവധി 500 രൂപയുടെ ഇടപാടുകൾ മാത്രമേ നടത്താനാകൂ. ആദ്യ 24 മണിക്കൂറിലെ പരമാവധി പരിധി 5,000 രൂപയാണ്. സുരക്ഷ ഉറപ്പാക്കാൻ കുട്ടിയുടെ ഫോണിൽ ഡിവൈസ് ലോക്ക് (ബയോമെട്രിക് അല്ലെങ്കിൽ പിൻ) നിർബന്ധമാക്കിയിട്ടുണ്ട്.
നിയന്ത്രണം പൂർണ്ണമായും മാതാപിതാക്കൾക്ക്
പേടിഎം ആപ്പിലെ പാരന്റൽ കൺട്രോൾ ഡാഷ്‌ബോർഡ് വഴി മാതാപിതാക്കൾക്ക് കുട്ടികളുടെ ചെലവുകൾ തത്സമയം നിരീക്ഷിക്കാനാകും. ആവശ്യമെങ്കിൽ യു.പി.ഐ പിൻ ഉപയോഗിച്ച് ഈ സേവനം താൽക്കാലികമായി നിർത്താനോ പൂർണ്ണമായി റദ്ദാക്കാനോ സാധിക്കും. കൂടാതെ, കുട്ടികൾ ഏതെല്ലാം ആവശ്യങ്ങൾക്കാണ് പണം ചെലവഴിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാൻ 'സ്പെൻഡ് സമ്മറി' ടൂളും ഇതിലുണ്ട്.
ഗൂഗ്ൾ പേയും സമാനമായ യുപിഐ സർക്കിൾ ഫീച്ചർ മുൻപ് അവതരിപ്പിച്ചിരുന്നു. കൗമാരക്കാരെ ചെറുപ്രായം മുതലേ ഡിജിറ്റൽ ഇടപാടുകളിൽ പരിചയപ്പെടുത്താനും ഒപ്പം സാമ്പത്തിക അച്ചടക്കം വളർത്താനും ഇത്തരം ഫീച്ചറുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. പുതുക്കിയ പേടിഎം ആപ്പിലെ പെയ്‌മെന്റ് സെക്ഷനിൽ നിന്ന് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

