അബദ്ധത്തിൽ ഒടിപി പങ്കുവെച്ചോ? പണം നഷ്ടപ്പെടും മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ അറിയാം
text_fieldsഅബദ്ധവശാൽ നമ്മുടെ ഒ.ടി.പി പങ്കുവെച്ചാൽ പണം നഷ്പ്പെടാൻ സെക്കൻഡുകൾ മതി. എന്നാൽ, പരിഭ്രാന്തി പെടുകയല്ല വേണ്ടത്. വേഗം തന്നെ ബാങ്കിനെ ഇക്കാര്യം അറിയിക്കുകയാണ് ചെയ്യേണ്ടത്. ആദ്യ പത്ത് മിനിറ്റ് വളരെ പ്രധാനമാണ്.
അതിനാൽ ഒ.ടി.പി അപരിചിതരുമായി പങ്കുവെച്ചാൽ ഉടനെ തന്നെ ബാങ്കിന്റെ 24 മണിക്കൂർ ഹെൽപ്പ് ലൈനിൽ വിളിക്കുകയോ ആപ്പിലെ ബ്ലോക്ക് ഓപ്ഷൻ ഉപയോഗിച്ച് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ എന്നിവ മരവിപ്പിക്കുകയോ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. പണം നഷ്ടമായിട്ടില്ലെങ്കിലും ഇത് ചെയ്യണം.
അടുത്തതായി ദേശീയ സൈബർ തട്ടിപ്പ് ഹെൽപ്പ് ലൈനായ 1930ൽ വിളിക്കുകയോ cybercrime.gov.in വെബ്‌സൈറ്റിൽ പരാതി നൽകുകയും വേണം. പണം നഷ്ടമായിട്ടുണ്ടെങ്കിൽ ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നത് തട്ടിപ്പുകാരന്റെ അക്കൗണ്ട് മരവിപ്പിക്കാൻ അധികൃതരെ സഹായിക്കും. നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, വിളിച്ചയാളുടെ നമ്പർ, മെസേജുകളുടെ സ്ക്രീൻഷോട്ട് എന്നിവ സൂക്ഷിക്കുക.
നെറ്റ് ബാങ്കിങ് പാസ്‌വേഡ്, യു.പി.ഐ പിൻ, കാർഡ് പിൻ എന്നിവ മാറ്റുകയാണ് അടുത്ത പടി. പിന്നുകളിൽ ജനനത്തീയതിയോ മൊബൈൽ നമ്പറോ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇമെയിൽ പാസ്‌വേഡും മാറ്റുന്നതിനൊപ്പം ബാങ്കിങ് ഇമെയിൽ മറ്റ് ഡിവൈസുകളിൽ നിന്നെല്ലാം ലോഗ് ഔട്ട് ചെയ്യുക.
പിന്നീട് പങ്കുവെച്ച ഒ.ടി.പി എന്തിനായിരുന്നുവെന്ന് മെസേജിൽ പരിശോധിക്കുക. അക്കൗണ്ടിൽ പുതിയ ആളെ ആഡ് ചെയ്തിട്ടുണ്ടോ, കാർഡ് ലിമിറ്റ് കൂട്ടിയിട്ടുണ്ടോ, പുതിയ യു.പി.ഐ ഓട്ടോപേ മാൻഡേറ്റുകളുണ്ടോ, പുതിയ ഉപകരണ രജിസ്ട്രേഷനുണ്ടോയെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. നിങ്ങൾ സെറ്റ് ചെയ്യാത്തതെല്ലാം നീക്കം ചെയ്യുകയും പണം ഡെബിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ട്രാൻസാക്ഷൻ റഫറൻസ് നമ്പർ ബാങ്കിന് നൽകുകയും വേണം.
തട്ടിപ്പുകാരൻ പറഞ്ഞ് ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ, പ്രത്യേകിച്ച് സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഡിലീറ്റ് ചെയ്യുകയാണ് അടുത്തതായി നാം ചെയ്യേണ്ടത്. മൊബൈൽ സിഗ്നൽ പെട്ടെന്ന് ഇല്ലാതായാൽ ഉടൻ ഓപ്പറേറ്ററെ വിളിക്കുക. നിങ്ങളുടെ എസ്.എം.എസ് വായിക്കാൻ അജ്ഞാത ആപ്പിന് അനുമതിയുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഒ.ടി.പി പങ്കുവെച്ച സമയം, ബാങ്കിനെ വിളിച്ച സമയം, പരാതി നമ്പറുകൾ എഴുതി വെക്കുക. എല്ലാം കുറിച്ച് വെച്ച് ഇമെയിൽ പരാതി നൽകുകയും വേണം. 30 ദിവസത്തിൽ ബാങ്ക് പരിഹരിച്ചില്ലെങ്കിൽ cms.rbi.org.in വഴി ആർ.ബി.ഐ ഓംബുഡ്സ്മാനെ സമീപിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

