Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.പി.എസ് സ്വാസ്ഥ്യ: പെൻഷൻ സമ്പാദ്യം ഇനി ചികിത്സാ ചെലവിനും എങ്ങനെ വിനിയോഗിക്കാം

text_fields
bookmark_border
എൻ.പി.എസ് സ്വാസ്ഥ്യ: പെൻഷൻ സമ്പാദ്യം ഇനി ചികിത്സാ ചെലവിനും എങ്ങനെ വിനിയോഗിക്കാം
cancel

വിശ്രമജീവിതത്തിനായി പദ്ധതികൾ തയ്യാറാക്കുമ്പോൾ എല്ലാവരുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഭാവിയിലെ ചികിത്സാ ചെലവുകൾ കണ്ടെത്തുക എന്നതാണ്. സാധാരണയായി ആളുകൾ റിട്ടയർമെന്‍റ് സമ്പാദ്യമെന്നും ചികിത്സാ ചെലവുകൾക്കുള്ള തുകയെന്നും രണ്ട് വേറെ സാമ്പത്തിക ലക്ഷ്യങ്ങളായാണ് ഇതിനെ കാണാറുള്ളത്.

ജോലിയിൽ നിന്നുള്ള ക്രമമായ വരുമാനം നിൽക്കുന്നതോടെ, റിട്ടയർമെന്റിന് ശേഷമുള്ള ഏറ്റവും വലിയ ചെലവുകളിൽ ഒന്നായി ചികിത്സാച്ചെലവ് മാറാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായാണ് നാഷനൽ പെൻഷൻ സിസ്റ്റത്തിന് കീഴിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയ 'എൻ.പി.എസ് സ്വാസ്ഥ്യ' പദ്ധതി അവതരിപ്പിച്ചത്. 2026 ഒക്ടോബർ 1നാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.

എൻ.പി.എസ് സ്വാസ്ഥ്യ എങ്ങനെ പ്രവർത്തിക്കുന്നു?

എൻ.പി.എസ് സ്വാസ്ഥ്യയെ ഒരു സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസിയായി തെറ്റിദ്ധരിക്കരുത്. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, വരിസംഖ്യാക്കാരുടെ നിക്ഷേപം നടത്തുന്ന എൻ.പി.എസ് സ്വാസ്ഥ്യ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ട്. രണ്ടാമത്തേത്, ഐ.ആർ.ഡി.എ.ഐ അംഗീകൃത ഇൻഷുറർ വഴി ലഭ്യമാക്കുന്ന ഒരു സൂപ്പർ ടോപ്പ്-അപ്പ് ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ്.

എൻ.പി.എസ് സ്വാസ്ഥ്യയിൽ ചേരുന്നതിന് അനുയോജ്യമായ സൂപ്പർ ടോപ്പ്-അപ്പ് ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. എന്നാൽ പെൻഷൻ അക്കൗണ്ടും ഇൻഷുറൻസ് പോളിസിയും നിയമപരമായി രണ്ട് വെവ്വേറെ ഉൽപ്പന്നങ്ങളായി തന്നെ നിലനിൽക്കുന്നു.

എൻ.പി.എസ് സ്വാസ്ഥ്യ അക്കൗണ്ടിലേക്ക് അടയ്ക്കുന്ന തുക പി.എഫ്.ആർ.ഡി.എ അംഗീകൃത പെൻഷൻ ഫണ്ട് വഴിയാണ് നിക്ഷേപിക്കുന്നത്. ഇതിൽ നിന്നുള്ള ലാഭം വിപണിധിഷ്ഠിതമാണ്, അതായത് ഇതിൽ നിശ്ചിതമായതോ ഗ്യാരണ്ടിയുള്ളതോ ആയ റിട്ടേൺ ലഭിക്കില്ല.

ചികിത്സാ ആവശ്യങ്ങൾക്കുള്ള പിൻവലിക്കലിൽ കൂടുതൽ ഇളവുകൾ

നിശ്ചിത ആരോഗ്യപരിപാലന ചെലവുകൾക്കായി പണം പിൻവലിക്കാനുള്ള സൗകര്യമാണ് എൻ.പി.എസ് സ്വാസ്ഥ്യയുടെ പ്രധാന സവിശേഷതകളിലൊന്ന്. അക്കൗണ്ടുടമക്ക് എൻ.പി.എസ് സ്വാസ്ഥ്യ അക്കൗണ്ടിലേക്ക് താൻ അടച്ച ആകെ തുകയുടെ 25 ശതമാനം വരെ ഭാഗികമായി പിൻവലിക്കാൻ സാധിക്കും. അക്കൗണ്ടിന്‍റെ നിലവിലെ വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തിലല്ല, മറിച്ച് വരിസംഖ്യാക്കാരൻ നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തിലാണ് ഈ പരിധി നിശ്ചയിക്കുന്നത്.

കിടത്തിച്ചികിത്സയ്ക്കും ഒ.പി ചികിത്സാ ചെലവുകൾക്കും ഈ തുക ഉപയോഗിക്കാം. ഇതിനായി ആദ്യമായി പണം പിൻവലിക്കുന്നതിന് പ്രത്യേകം കാത്തിരിപ്പ് കാലാവധിയോ കുറഞ്ഞ സമയപരിധിയോ ഇല്ല. പദ്ധതിയുടെ നിബന്ധനകളും തുക പിൻവലിക്കൽ പരിധികളും പാലിക്കപ്പെടുന്നിടത്തോളം, തവണകൾക്ക് പി.എഫ്.ആർ.ഡി.എ നിശ്ചിത പരിധി ഏർപ്പെടുത്തിയിട്ടുമില്ല.

വൈദ്യചെലവുകൾ എപ്പോഴും മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെ വരണമെന്നില്ലാത്തതിനാൽ ഇത് വളരെ ഉപകാരപ്രദമാണ്. റിട്ടയർമെന്റിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരാൾക്ക് ചികിത്സയ്ക്കായി പണം ആവശ്യമായി വന്നേക്കാം.

ആരംഭിക്കാൻ എത്ര തുക വേണം?

തുടക്കത്തിൽ അടയ്ക്കേണ്ട തുകയിൽ മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യ വർഷത്തെ ഇൻഷുറൻസ് പ്രീമിയം, ബാധകമായ നികുതികൾ, വാർഷിക മെയിന്റനൻസ് ചാർജായി നികുതി ഉൾപ്പെടെ 200 രൂപ, കൂടാതെ എൻ.പി.എസ് സ്വാസ്ഥ്യ അക്കൗണ്ട് നിക്ഷേപത്തിലേക്ക് കുറഞ്ഞത് 1,000 രൂപ എന്നിവ അടയ്ക്കണം. ഇതിനുശേഷം, തുടർന്നുള്ള ഓരോ തവണയിലും കുറഞ്ഞത് 10 രൂപ മാത്രം അടച്ചാൽ മതിയാകും.

എൻ.പി.എസിൽ ചേരാൻ യോഗ്യതയുള്ള ആർക്കും എൻ.പി.എസ് സ്വാസ്ഥ്യയിലും ചേരാവുന്നതാണ്, എന്നിരുന്നാലും ഇൻഷുറൻസ് ഭാഗം ഇൻഷുറൻസ് കമ്പനിയുടെ നിബന്ധനകൾക്കും അണ്ടർറൈറ്റിങ് മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കും.

ഇത് സാധാരണ ഹെൽത്ത് ഇൻഷുറൻസിന് പകരമാകുമോ?

എൻ.പി.എസ് സ്വാസ്ഥ്യയെ ഒരു സാധാരണ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് പകരമായി കാണരുത്. പദ്ധതിയുമായി ബന്ധപ്പിച്ചിരിക്കുന്ന ഇൻഷുറൻസ് ഒരു സൂപ്പർ ടോപ്പ്-അപ്പ് പോളിസിയായതിനാൽ ഇതിൽ ഡിഡക്റ്റബിളുകൾ, വെയിറ്റിങ് പിരീഡുകൾ, ഒഴിവാക്കലുകൾ, മറ്റ് നിബന്ധനകൾ എന്നിവ ബാധകമായേക്കാം. എൻ.പി.എസ് സ്വാസ്ഥ്യ സംവിധാനത്തോടൊപ്പം നൽകുന്ന ഇൻഷുറൻസ് പോളിസിയെ ആശ്രയിച്ചായിരിക്കും ഇതിന്‍റെ കൃത്യമായ ആനുകൂല്യങ്ങൾ ലഭ്യമാകുക.

കൂടാതെ, റിട്ടയർമെന്‍റ് സമ്പാദ്യം പരമാവധി സുരക്ഷിതമായി സൂക്ഷിക്കുന്നതാണ് ഉചിതം. ചികിത്സാ ആവശ്യങ്ങൾക്കായി ഓരോ തവണ പണം പിൻവലിക്കുമ്പോഴും, ഭാവിയിൽ റിട്ടയർമെന്‍റിനായി വളരാൻ ബാക്കിയുള്ള തുക കുറയുകയാണ് ചെയ്യുന്നത്. പലർക്കും സാധാരണ ഹെൽത്ത് ഇൻഷുറൻസ്, എമർജൻസി ഫണ്ട്, ദീർഘകാല റിട്ടയർമെന്‍റ് സമ്പാദ്യം എന്നിവയുടെ ഒരു കോമ്പിനേഷൻ തന്നെയായിരിക്കും ഇപ്പോഴും ആവശ്യമെന്ന് വരാം.

റിട്ടയർമെന്‍റ് ആരോഗ്യപരിപാലനം എന്നീ രണ്ട് പ്രധാന സാമ്പത്തിക ആശങ്കകളെ തമ്മിൽ ബന്ധിപ്പിക്കാനാണ് എൻ.പി.എസ് സ്വാസ്ഥ്യ പ്രധാനമായും ശ്രമിക്കുന്നത്. ഇന്നത്തെ ചികിത്സാ ആവശ്യങ്ങളും റിട്ടയർമെന്‍റിന് ശേഷമുള്ള ജീവിതത്തിനായുള്ള സമ്പാദ്യവും അക്കൗണ്ടുടമ എങ്ങനെ സമതുലിതമായി കൊണ്ടുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്‍റെ വിജയം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story