മൊബൈൽ നമ്പർ മാറ്റിയോ? ബാങ്ക്, യു.പി.ഐ അപ്ഡേറ്റുകൾ വൈകരുത്
text_fieldsമൊബൈൽ നമ്പർ മാറ്റുമ്പോൾ പഴയ നമ്പർ ബാങ്ക് അക്കൗണ്ട്, യു.പി.ഐ ആപ്പുകൾ, മറ്റ് സാമ്പത്തിക സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ട്രാൻസാക്ഷൻ അലർട്ടുകൾക്കും, സേവനങ്ങളെ ആശ്രയിച്ച് ആധികാരികത ഉറപ്പാക്കുന്നതിനും മൊബൈൽ ബാങ്കിങ്ങിനും ബാങ്കുകൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലും ഇമെയിൽ ഐഡികളിലും വരുത്തുന്ന മാറ്റങ്ങൾ അക്കൗണ്ടും കെ.വൈ.സി വിവരങ്ങളും സഹിതം അപ്ഡേറ്റ് ചെയ്യാൻ റിസർവ് ബാങ്ക് (ആർ.ബി.ഐ) ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടിൽ നിന്ന് തുടങ്ങുക
നിങ്ങൾ ആദ്യം അപ്ഡേറ്റ് ചെയ്യേണ്ടത് ബാങ്കിലാണ്. നിങ്ങളുടെ ബാങ്ക് നൽകുന്ന സൗകര്യങ്ങൾക്കനുസരിച്ച് മൊബൈൽ ആപ്പ്, ഇൻറർനെറ്റ് ബാങ്കിംഗ്, എ.ടി.എം അല്ലെങ്കിൽ ബ്രാഞ്ച് എന്നിവ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. പുതിയ നമ്പർ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ബാങ്ക് അലേർട്ടുകൾ അതിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ബാങ്ക് നിങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചു എന്നതുകൊണ്ട് മാത്രം മാറ്റം പൂർത്തിയായി എന്ന് കരുതരുത്. പുതിയ നമ്പർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിന് ഒരു ചെറിയ ഇടപാട് നടത്തി അലർട്ട് പരിശോധിക്കുന്നത് നന്നായിരിക്കും. പഴയ സിം ഉപയോഗിക്കുന്നത് പൂർണ്ണമായി നിർത്തിയിട്ടുണ്ടെങ്കിൽ ഇത് വളരെ പ്രധാനമാണ്. ഇടപാട് അലർട്ടുകളോ മറ്റ് ബാങ്കിങ് സന്ദേശങ്ങളോ പഴയ നമ്പറിലേക്കാണ് പോകുന്നതെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നിങ്ങൾക്ക് നഷ്ടമായേക്കാം.
യു.പി.ഐ ആപ്പുകൾ വീണ്ടും സജ്ജീകരിക്കേണ്ടി വന്നേക്കാം
നമ്പർ മാറ്റിയതിന് ശേഷം നിങ്ങളുടെ യു.പി.ഐ ആപ്പിലും ശ്രദ്ധിക്കേണ്ടതുണ്ട്. യു.പി.ഐ രജിസ്ട്രേഷൻ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഉദാഹരണത്തിന്, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഭീം നിർദ്ദേശങ്ങൾ പ്രകാരം, സേവനം സജ്ജീകരിക്കുമ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അടങ്ങിയ സിം തന്നെ ഉപയോക്താക്കൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.
ബാങ്കിൽ നമ്പർ അപ്ഡേറ്റ് ചെയ്ത ശേഷം, യു.പി.ഐ ആപ്പ് തുറന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇപ്പഴും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. പുതിയ നമ്പർ പരിശോധിച്ച് രജിസ്ട്രേഷൻ നടപടികൾ നിങ്ങൾ വീണ്ടും പൂർത്തിയാക്കേണ്ടി വന്നേക്കാം. പഴയ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള കാര്യങ്ങൾ പരിശോധിക്കാതെ പെട്ടെന്ന് പഴയ യു.പി.ഐ ഐ.ഡി ഡിലീറ്റ് ചെയ്യരുത്. പഴയ മൊബൈൽ നമ്പർ അടിസ്ഥാനമാക്കിയുള്ള യു.പി.ഐ ഐ.ഡി വഴി നിങ്ങൾക്ക് പതിവായി പണം ലഭിക്കുന്നുണ്ടെങ്കിൽ, പുതിയ നമ്പർ ആ ഐ.ഡിയെ എങ്ങനെ ബാധിക്കുന്നുവെന്നും മറ്റൊരു പേയ്മെന്റ് വിലാസം ഉണ്ടാക്കേണ്ടതുണ്ടോ എന്നും പരിശോധിക്കുക.
പഴയ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് സേവനങ്ങൾ പരിശോധിക്കുക
ബാങ്കും യു.പി.ഐ ആപ്പും പ്രധാനപ്പെട്ടവയാണ്, എന്നാൽ പരിശോധിക്കേണ്ട മറ്റ് കാര്യങ്ങളും ബാക്കിയുണ്ട്. പഴയ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രെഡിറ്റ് കാർഡ്, ലോൺ അക്കൗണ്ടുകൾ, നിക്ഷേപ അക്കൗണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ, മറ്റ് സാമ്പത്തിക സേവനങ്ങൾ എന്നിവ പരിശോധിക്കുക.
ബാങ്ക് അക്കൗണ്ടിലെ മാറ്റം മറ്റെല്ലാം സ്വയം അപ്ഡേറ്റ് ചെയ്യുമെന്ന് കരുതാതെ, നിങ്ങളുടെ ഡീമാറ്റ് അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകളിലും (ബാധകമെങ്കിൽ) നമ്പർ അപ്ഡേറ്റ് ചെയ്യുക. ബ്രോക്കർമാരെയോ ഫിനാൻഷ്യൽ ആപ്പുകളെയോ ആണ് നിങ്ങൾ ആശ്രയിക്കുന്നതെങ്കിൽ, പ്രൊഫൈലും സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കുക.
പഴയ നമ്പർ കുറച്ചു ദിവസത്തേക്ക് കൂടി ആക്ടീവാണെങ്കിൽ, മാറ്റങ്ങൾ വരുത്തുന്ന സമയത്ത് അത് ശ്രദ്ധയോടെ ഉപയോഗിക്കുക. നിങ്ങളുടെ പ്രധാനപ്പെട്ട അക്കൗണ്ടുകളിലെല്ലാം പുതിയ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാൽ, ഇനി പഴയ കണക്ഷൻ ആവശ്യമില്ലെങ്കിൽ അത് ഡീമാറ്റ് ചെയ്യാൻ ടെലികോം ദാതാവിനോട് ആവശ്യപ്പെടുക.
മാറ്റം വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബാങ്കും യു.പി.ഐ ആപ്പുകളും ശരിയായ നമ്പറിലേക്കാണ് അലേർട്ടുകൾ അയക്കുന്നത് എന്ന് പരിശോധിക്കാൻ പറ്റിയ സമയം കൂടിയാണിത്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന ആർക്കും ഒ.ടി.പിയോ, യു.പി.ഐ പിൻ നമ്പറോ, ബാങ്കിങ് പാസ്‌വേഡോ ഒരിക്കലും പങ്കുവെക്കരുത്.
രജിസ്റ്റർ ചെയ്ത നമ്പർ മാറ്റുന്നതിന് മുമ്പ് ബാങ്ക് കൂടുതൽ വിവരങ്ങൾ ചോദിക്കുകയാണെങ്കിൽ, അവരുടെ ഔദ്യോഗിക നടപടിക്രമങ്ങൾ മാത്രം പാലിക്കുക. ബാങ്ക് അല്ലെങ്കിൽ യു.പി.ഐ വിവരങ്ങൾ "അപ്ഡേറ്റ്" ചെയ്യാൻ ആവശ്യപ്പെട്ട് വരുന്ന അനാവശ്യ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
പഴയ നമ്പർ ഉപയോഗിക്കുന്ന എല്ലാ സാമ്പത്തിക അക്കൗണ്ടുകളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കി ഒന്നിനുപുറകെ ഒന്നായി അപ്ഡേറ്റ് ചെയ്യുന്നതാണ് ഈ മാറ്റം കൈകാര്യം ചെയ്യാനുള്ള ഏറ്റവും എളപ്പമുള്ള വഴി. പുതിയ നമ്പറിലേക്ക് ബാങ്ക് അലർട്ടുകൾ വരികയും നിങ്ങളുടെ യു.പി.ഐ ആപ്പുകൾ സാധാരണ പോലെ പ്രവർത്തിക്കുകയും ചെയ്താൽ ആ ജോലി വലിയൊരു ഭാഗം കഴിഞ്ഞു എന്നർഥം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

