Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡിൽ നിന്ന് പൈസ പിൻവലിച്ചാൽ കാർഡ് ഉടമക്ക് സാമ്പത്തിക ബാധ്യതയുണ്ടാകുമോ?

text_fields
bookmark_border
മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡിൽ നിന്ന് പൈസ പിൻവലിച്ചാൽ കാർഡ് ഉടമക്ക് സാമ്പത്തിക ബാധ്യതയുണ്ടാകുമോ?
cancel

നിങ്ങളുടെ മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മോഷ്ടാവ് നടത്തുന്ന പണമിടപാടുകളിലുണ്ടാകുന്ന നഷ്ടം പല സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അശ്രദ്ധയുണ്ടായോ എന്നും, കാർഡ് നൽകിയ ബാങ്കിനെയോ സ്ഥാപനത്തെയോ എത്ര വേഗത്തിൽ വിവരമറിയിച്ചു എന്നതുമാണ് ഇതിൽ നിർണായകം.

അനധികൃത ഇലക്ട്രോണിക് ഇടപാടുകളിൽ ഉപഭോക്താവിന്‍റെ ബാധ്യതയെക്കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഉപഭോക്താവിന്‍റെ ഭാഗത്തുനിന്ന് യാതൊരു അശ്രദ്ധയും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ ബാങ്കിൽ നിന്നുള്ള സന്ദേശം ലഭിച്ച് മൂന്ന് പ്രവൃത്തിദിനങ്ങൾക്കുള്ളിൽ അനധികൃത ഇടപാടിനെക്കുറിച്ച് ബാങ്കിനെ അറിയിച്ചാൽ ഉപഭോക്താവിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വേഗത്തിൽ പ്രതികരിക്കുക എന്നത് വളരെ പ്രധാനമാണ്.

നിങ്ങളുടെ വാലറ്റ് കാണാതാവുകയോ അപരിചിതമായ എന്തെങ്കിലും ഇടപാട് ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ പ്രതിമാസ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്‍റിനായി കാത്തിരിക്കരുത്. ഉടൻ തന്നെ ബാങ്കിന്‍റെ ഔദ്യോഗിക ഹെൽപ്പ് ലൈൻ, മൊബൈൽ ആപ്പ് അല്ലെങ്കിൽ ലഭ്യമായ മറ്റ് റിപ്പോർട്ടിങ് സംവിധാനങ്ങൾ വഴി ബന്ധപ്പെട്ട് കാർഡ് ബ്ലോക്ക് ചെയ്യുക.

ശ്രദ്ധിക്കേണ്ട മറ്റൊരു സാഹചര്യം കൂടിയുണ്ട്. കാർഡ് പിൻ പാസ്‌വേഡ് അല്ലെങ്കിൽ മറ്റ് സുരക്ഷാ വിവരങ്ങൾ പങ്കുവെക്കുന്നത് പോലുള്ള ഉപഭോക്താവിന്‍റെ സ്വന്തം അശ്രദ്ധ കാരണമാണ് നഷ്ടം സംഭവിക്കുന്നതെങ്കിൽ ബാങ്കിനെ വിവരമറിയിക്കുന്നത് വരെയുള്ള സാമ്പത്തിക നഷ്ടം ഉപഭോക്താവ് തന്നെ സഹിക്കേണ്ടി വരും. എന്നാൽ, ഒരിക്കൽ ബാങ്കിനെ വിവരമറിയിച്ചാൽ അതിനുശേഷം നടക്കുന്ന ഏതൊരു അനധികൃത ഇടപാടിൽ നിന്നുമുള്ള നഷ്ടം സാധാരണയായി ബാങ്ക് തന്നെ വഹിക്കും.

ലളിതമായ ഒരു ഉദാഹരണം പരിശോധിക്കാം. തിങ്കളാഴ്ച നിങ്ങളുടെ വാലറ്റ് കാണാതാവുകയും ബുധനാഴ്ച മാത്രം കാർഡ് നഷ്ടപ്പെട്ട കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്യുന്നു എന്ന് കരുതുക. ഈ സമയത്തിനിടയിൽ ആരെങ്കിലും ഒരു അനധികൃത ഇടപാട് നടത്തുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കാർഡിനെക്കുറിച്ചും ഇടപാടിനെക്കുറിച്ചും ബാങ്കിനെ അറിയിക്കുകയാണെങ്കിൽ, ആർ.ബി.ഐയുടെ നിയമങ്ങൾക്കും കേസിന്‍റെ വസ്തുതകൾക്കും അനുസൃതമായി ബാധ്യത നിർണയിക്കപ്പെടും. എന്നാൽ റിപ്പോർട്ട് ചെയ്യാൻ ദിവസങ്ങൾ വീണ്ടും വൈകുന്നത് സ്ഥിതി കൂടുതൽ വഷളാക്കാം.

അനധികൃത ഇടപാട് നടന്ന് മൂന്ന് പ്രവൃത്തിദിനങ്ങൾക്കു ശേഷവും ഏഴ് പ്രവൃത്തിദിനങ്ങൾക്കുള്ളിലുമാണ് ബാങ്കിനെ അറിയിക്കുന്നതെങ്കിൽ, ചില സാഹചര്യങ്ങളിൽ ഉപഭോക്താവിന് പരിമിതമായ ബാധ്യത മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ആർബിഐ നിയമങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ, ഉപഭോക്താവിന്റെ ബാധ്യത ബാങ്കിന്‍റെ ഡയറക്ടർ ബോർഡ് അംഗീകരിച്ച നയങ്ങളെ ആശ്രയിച്ചിരിക്കും.

പരാതി നൽകുന്ന പ്രക്രിയയും പ്രധാനമാണ്. നിങ്ങൾ പരാതി നൽകുമ്പോൾ പരാതി നമ്പർ, എസ്.എം.എസ് അല്ലെങ്കിൽ ഇമെയിൽ വഴി ലഭിക്കുന്ന അക്നോളജ്മെന്‍റ്, സംശയാസ്പദമായ ഇടപാടുകളുടെ വിവരങ്ങൾ എന്നിവ സൂക്ഷിച്ചു വെക്കുക. ആവശ്യമുള്ള രേഖകളോ രേഖാമൂലമുള്ള സത്യവാങ്മൂലമോ ബാങ്ക് ആവശ്യപ്പെടുകയാണെങ്കിൽ അവ ഉടൻ തന്നെ സമർപ്പിക്കുക. കൂടാതെ, എത്രയും വേഗം കാർഡ് ബ്ലോക്ക് ചെയ്യണം. മോഷ്ടിക്കപ്പെട്ട കാർഡ് ബ്ലോക്ക് ചെയ്യുന്നത് കൊണ്ട് മാത്രം ഇതിനകം നടന്ന തട്ടിപ്പ് ഇടപാടുകൾ പരിഹരിക്കപ്പെടില്ലെങ്കിലും, കാർഡ് ഇനിയും ദുരുപയോഗം ചെയ്യുന്നത് തടയാൻ അതിന് കഴിയും.

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ തങ്ങളുടെ ഇടപാട് സന്ദേശങ്ങൾ എപ്പോഴും ഓൺ ചെയ്തു വെക്കണം. ഒരു ഇടപാട് നടന്ന് നിമിഷങ്ങൾക്കുള്ളിൽ ലഭിക്കുന്ന സന്ദേശം എന്തെങ്കിലും തട്ടിപ്പ് നടക്കുന്നുണ്ടെന്നതിന്‍റെ ആദ്യ സൂചനയാകാം. കാർഡ് അപൂർവമായി മാത്രം ഉപയോഗിക്കുന്നവരാണെങ്കിൽ, പതിവായി സ്റ്റേറ്റ്‌മെന്റുകൾ പരിശോധിക്കുന്നതും ഒരുപോലെ ഉപകാരപ്പെടും. ഒറിജിനൽ കാർഡ് ഉപയോഗിച്ചാണ് ഇടപാട് നടന്നത് എന്നതുകൊണ്ട് മാത്രം കാർഡുടമ പണം അടയ്ക്കാൻ ബാധ്യസ്ഥനാണെന്ന് കരുതുന്നത് ഒരു സാധാരണ തെറ്റാണ്. തട്ടിപ്പ് നടന്ന തുക ചെറുതായതിനാൽ റിപ്പോർട്ട് ചെയ്യാൻ വൈകുന്നതാണ് മറ്റൊരു തെറ്റ്. ചെറിയ തുകകളുടെ തുടർച്ചയായ തട്ടിപ്പുകൾ പെട്ടെന്ന് വലിയൊരു തുകയായി മാറാം.

കൂടാതെ, നിങ്ങൾ അറിയാതെ നടന്ന അനധികൃത ഇടപാടും, സ്വന്തം ഇഷ്ടപ്രകാരം സുരക്ഷാ വിവരങ്ങൾ കൈമാറുകയോ മറ്റൊരാളെ കാർഡ് ഉപയോഗിക്കാൻ അനുവദിക്കുകയോ ചെയ്ത ശേഷമുള്ള ഇടപാടുകളും തമ്മിൽ വ്യത്യാസമുണ്ട്. ബാധ്യത ആരുടേതാണെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ബാങ്ക് ഈ സാഹചര്യങ്ങൾ കൃത്യമായി പരിശോധിക്കും. ബാങ്ക് തൃപ്തികരമായ രീതിയിൽ പരാതി പരിഹരിച്ചില്ലെങ്കിൽ, ബാങ്കിന്റെ പരാതി പരിഹാര പ്രക്രിയ പൂർത്തിയാക്കിയ ശേഷം ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉപഭോക്താവിന് ആർബിഐയുടെ പരാതി പരിഹാര സംവിധാനത്തെ സമീപിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - loss credit card issue
Next Story