നടപ്പാക്കാം.... പുതുവത്സര തീരുമാനങ്ങൾ
text_fields2026 ഒരു നല്ല വർഷമായിരിക്കട്ടെ എന്ന് എല്ലാ വായനക്കാർക്കും ആശംസിക്കുന്നതിനോടൊപ്പം ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഓർമപ്പെടുത്താനും കൂടി ഈ അവസരം ഉപയോഗിക്കുവാൻ താൽപര്യപ്പെടുന്നു. പൊതുവെ പ്രവാസികളുടെ ഇടയിൽ പല പ്രധാനപ്പെട്ട കാര്യങ്ങളും അലസത കൊണ്ടും, മുൻഗണന കൊടുക്കാത്തതുകൊണ്ടും മാറ്റിവെക്കുന്ന ഒരു രീതി കാണാറുണ്ട്. അത്തരക്കാർക്കുവേണ്ടി പുതുവർഷത്തിലേക്കു പ്രയാജനപ്പെടുന്ന ചില നിർദേശങ്ങൾ താഴെ കൊടുക്കുന്നു.
1. സാമ്പത്തിക അച്ചടക്കമാണ് ഏറ്റവും പ്രധാനപ്പെട്ടത്. സമ്പന്നർക്കും പാവപ്പെട്ടവർക്കും ഒരുപോലെ ബാധകമാണ് സാമ്പത്തിക അച്ചടക്കം. കുടുംബ ബജറ്റ്, അതായത് വരവുചെലവ് കണക്കുകളെപ്പറ്റിയുള്ള ശരിയായ ധാരണ പല പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്. ഒരു മാസത്തിന്റെ ആദ്യംതന്നെ ഇക്കാര്യം ചെയ്താൽ ചെലവുകളുടെ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയും. ഇത് നിങ്ങളുടെ സാമ്പത്തിക ഭദ്രതക്കും സന്തോഷത്തിനും ഇട നൽകുന്നു.
2. നേരത്തേയുള്ള പ്ലാനിങ് അവസാന നിമിഷത്തിലെ തിരക്ക് ഒഴിവാക്കാനും കാര്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കാനും കഴിയുന്നു. യാത്ര പോലുള്ള കാര്യങ്ങളിൽ വലിയ സാമ്പത്തിക ലാഭവുമുണ്ടാക്കാനും കഴിയും.
3. ദീർഘകാല സമ്പാദ്യപദ്ധതികൾ തുടങ്ങുക. ഈ ലേഖന പരമ്പരയുടെ പേര് തന്നെ സമ്പത്തു കാലത്ത് തൈപത്തുവെച്ചാൽ ആപത്ത് കാലത്ത് കാപത്തു തിന്നാം എന്നാണ്. എത്ര ബുദ്ധിമുട്ടിയാലും ചെറുതെങ്കിലും ഒരു തുക കൃത്യമായി സമ്പാദിക്കുക. ദീർഘ കാലത്തേക്കുള്ള എത്ര ചെറിയ സമ്പാദ്യവും പിന്നീട് വലിയ തുക തരും. ഇതിനെ പൊതുവെ കൂട്ടുപലിശയുടെ മാജിക് എന്ന് വിശേഷിപ്പിക്കാം. മഴത്തുള്ളികൾ എത്ര ചെറുതാണെകിലും, നിരന്തരമായി മഴ പെയ്യുമ്പോൾ അത് അരുവികളും പുഴയും കവിഞ്ഞൊഴുകുന്നു എന്ന കാര്യം ഓർക്കുക.
4. വായ്പകൾ എടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക. കൊക്കിൽ കൊള്ളുന്നത് കൊത്തുക എന്നതാണ് പ്രമാണം. നാട്ടിലും ഇവിടെയും ക്രെഡിറ്റ് കാർഡ് ഉൾപ്പെടെ നിരവധി വായ്പകൾ എടുത്തു നട്ടംതിരിയുന്നവരാണ് പ്രവാസികൾ അധികവും. കുടുംബ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനത്തിൽ കൂടുതൽ വായ്പ തിരിച്ചടവ് വരാതെ നോക്കുക. വിനിമയ നിരക്ക് കൂടുന്നത് കൊണ്ടുള്ള അധിക തുക ബാങ്ക് അടച്ചു തീർക്കുന്നതിനു ഉപയോഗിക്കണം.
5. നാട്ടിലേക്ക് ഒരിക്കൽ മടങ്ങേണ്ടിവരുമെന്നത് മനസ്സിലാക്കി ഒരു പെൻഷൻ പദ്ധതിയിൽ അംഗമാകുക. പ്രവാസി ക്ഷേമനിധി , നാഷനൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്), അടൽ പെൻഷൻ യോജന (എ.പി.വൈ) മറ്റു പെൻഷൻ പദ്ധതികൾ എന്നിവയിൽ അംഗമായി ജീവിതസായാഹ്നത്തിൽ ഒരു ചെറിയ തുക എങ്കിലും മാസന്തോറും കിട്ടുന്നു എന്നു ഉറപ്പുവരുത്തുക
6. നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ എടുക്കണം. ഇന്നത്തെ ആശുപത്രി ചെലവുകൾ നോക്കുമ്പോൾ ഇത് വളരെ അത്യന്താപേക്ഷിതമാണ്. ഇതൊരു ചെലവായി കാണാതെ അനുയോജ്യമായ ഫാമിലി പോളിസി എടുക്കുക.
7. സൈബർ ക്രൈമുകളെ പറ്റിയുള്ള അറിവ്. ഒരു കാരണവശാലും നിങ്ങളോ നിങ്ങളുടെ കുടുംബാംഗങ്ങളോ സൈബർ ചതിക്കുഴികളിൽ പെടാതിരിക്കാൻ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ചിന്തക്കും അപ്പുറമുള്ള തട്ടിപ്പുകളുമായാണ് ഇത്തരം ആളുകൾ വരുന്നത്. ഒ.ടി.പി, പാസ് വേഡ്, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ അപരിചിതർക്കു നൽകാതിരിക്കുക, പെട്ടെന്ന് പണമുണ്ടാക്കുന്ന വിദ്യകൾ വേണ്ടെന്നുവെക്കുക. നമ്മൾ നിരന്തരം ജാഗരൂകരായിരിക്കുക എന്നതിനപ്പുറം മറ്റൊന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം.
8. നോമിനേഷൻ ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും, പ്രത്യേകിച്ച്, വായ്പകൾ, സമ്പാദ്യങ്ങൾ, ബാങ്ക് ലോക്കർ , ഇൻഷുറൻസ് പോളിസികൾ, ചിട്ടി ഇവ എഴുതി സൂക്ഷിക്കുക. ഒപ്പം പങ്കാളിയെ എങ്കിലും അറിയിക്കുക, അവകാശികൾ ഇല്ലാതെ ബാങ്കുകളിലും ഇൻഷുറൻസ് കമ്പനികളിലും കെട്ടിക്കിടക്കുന്നത് ലക്ഷം കോടികളാണ്.
9. ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക. ബന്ധുക്കളുമായും സുഹൃത്തുക്കളുമായുള്ള ബന്ധങ്ങൾ ഊഷ്മളമായി കാത്തു സൂക്ഷിക്കുക . ഇനി ചെറിയ വിള്ളലുകൾ ഉണ്ടെങ്കിൽ തന്നെ വിട്ടു വീഴ്ച ചെയ്ത് ബന്ധങ്ങൾ നന്നായി കൊണ്ടുപോകാൻ പുതുവർഷം ഉപയോഗിക്കുക.
10. നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം നന്നായി പരിപാലിക്കുക. ആരോഗ്യം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെടും എന്ന പഴഞ്ചൊല്ല് ഓർമവരുന്നു. പതിവായ വ്യായാമം, ആഹാരരീതി, യാത്രകൾ, ശരിയായ ഉറക്കം, സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ നിയന്ത്രണം എന്നിവയുടെ പ്രാധാന്യം അറിയുക.
പഠനങ്ങൾ കാണിക്കുന്നത് പത്തു ശതമാനം ആളുകൾ ന്യൂ ഇയർ തീരുമാനങ്ങൾ വർഷം മുഴവൻ നടപ്പാക്കുമ്പോൾ 80 ശതമാനം പേരും ഫെബ്രുവരി ആകുമ്പോഴേക്കും നിർത്തുന്നു എന്നതാണ്. എത്രത്തോളം നടപ്പാക്കാൻ കഴിയുന്നു, അത്രത്തോളം നല്ലത്.
(തുടരും)
(ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

