ഓഹരി വിപണിയിൽ ‘സലീം കുമാർ’ സീൻ; ഒരു കൈയബദ്ധം, നാറ്റിക്കരുത്!!
text_fieldsമുംബൈ: മലയാളികൾ ഏറെ ആസ്വദിച്ച നടൻ സലീം കുമാറിന്റെ കോമഡി ഡയലോഗാണ് ‘ഒരു കൈയബദ്ധം, നാറ്റിക്കരുത്’. എന്നാൽ, ഇതേ ഡയലോഗാണ് കഴിഞ്ഞ ദിവസം രാജ്യത്തെ ആയിരക്കണക്കിന് ചെറുകിട ഓഹരി നിക്ഷേപകരും പറഞ്ഞത്. ചൊവ്വാഴ്ച വിപണിയിൽ വൻ ലാഭത്തോടെ വ്യാപാരം തുടങ്ങിയ എൽ.ജി ഇലക്ട്രോണിക്സ് ഇന്ത്യയുടെ ഓഹരി വാങ്ങാൻ ശ്രമിച്ചവർക്കാണ് ചെറിയൊരു കൈയബദ്ധം സംഭവിച്ചത്. എൽ.ജി ഐ.പി.ഒ വൻ ലാഭത്തിൽ ലിസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതിനാൽ രാവിലെ വ്യാപാരം തുടങ്ങുമ്പോൾ തന്നെ ഓഹരി വാങ്ങിക്കാൻ കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു.
എന്നാൽ, പലരും എൽ.ജി ഇലക്ട്രോണിക്സ് ഇന്ത്യക്ക് പകരം അബദ്ധത്തിൽ മറ്റൊരു കമ്പനിയുടെ ഓഹരിയാണ് വാങ്ങിക്കൂട്ടിയത്. ചെറുകിട നിക്ഷേപകർക്ക് പറ്റിയ അമളിയെ കുറിച്ച് ഓഹരി ബ്രോക്കർമാരാണ് വെളിപ്പെടുത്തിയത്. കോയമ്പത്തൂർ ആസ്ഥാനമായ വാഹന ഘടകങ്ങൾ നിർമിക്കുന്ന എൽ.ജി ബാലകൃഷ്ണൻ ആൻഡ് ബ്രോസ് എന്ന കമ്പനിയുടെ ഓഹരിയാണ് തിടുക്കംകൂട്ടി വാങ്ങിയത്. ഇതോടെ, 1937ൽ തുടങ്ങിയ ഈ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയർന്നു. 4,372 കോടി രൂപ മാത്രം വിപണി മൂലധനമുള്ള ചെറിയൊരു കമ്പനിയാണിത്. എൽ.ജി ബാലകൃഷ്ണൻ ആൻഡ് ബ്രോസിന്റെ 6,84,105 ഓഹരികൾ ചൊവ്വാഴ്ച വ്യാപാരം ചെയ്യപ്പെട്ടു. ഓഹരിയുടെ രണ്ടാഴ്ചത്തെ ദിനംപ്രതിയുള്ള ശരാശരി ട്രേഡിങ് വോള്യം വെറും 31,400 മാത്രമായിരുന്നു. 1390 രൂപ മാത്രമുണ്ടായിരുന്ന ഓഹരി വില 15 ശതമാനം ഉയർന്ന് 1600 രൂപയിലുമെത്തി. എന്നാൽ, അബദ്ധം സംഭവിച്ചെന്ന് മനസ്സിലാക്കിയ നിക്ഷേപകർ വൈകീട്ടോടെ ഓഹരികൾ വിറ്റൊഴിവാക്കി.
വിപണിയിൽ ഓഹരി മാറി വ്യാപാരം ചെയ്യപ്പെടുന്നത് സാധാരണയാണെന്നാണ് ബ്രോർക്കർമാർ പറയുന്നത്. മുമ്പ് ടാറ്റ മോട്ടോർസിനെ കുറിച്ച് പോസിറ്റിവ് വാർത്തകൾ വരുമ്പോൾ ചെറുകിട നിക്ഷേപകർ അബദ്ധത്തിൽ ടാറ്റ മോട്ടോർസിന്റെ ഡി.വി.ആർ (ഡിഫ്രൻഷ്യൽ വോട്ടിങ് റൈറ്റ്സ്) ഓഹരികൾ വാങ്ങിക്കൂട്ടാറുണ്ടായിരുന്നു. ഓഹരി വില കുതിച്ചുയർന്ന ശേഷം അബദ്ധം മനസ്സിലാക്കിയ നിക്ഷേപകർ വൈകീട്ടോടെ ഡി.വി.ആർ ഓഹരികൾ വിറ്റൊഴിവാക്കിയ സംഭവങ്ങൾ നിരവധിയാണ്.
കോവിഡ് മഹാമാരിയുടെ തുടക്ക കാലത്ത് യു.എസ് ഓഹരി വിപണിയിലാണ് ഇതുപോലെ ഏറ്റവും ശ്രദ്ധേയമായ സംഭവം നടന്നത്. കോവിഡ് അടച്ചുപൂട്ടലിൽ വിഡിയോ കോൺഫറൻസിങ് സാധ്യത ഉയർന്നതോടെ സൂം വിഡിയോ കമ്മ്യൂണിക്കേഷൻസിന്റെ ഓഹരി വാങ്ങാൻ ശ്രമിച്ച നിക്ഷേപകർക്കാണ് അന്ന് അബദ്ധം സംഭവിച്ചത്. സൂം വിഡിയോ കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികൾക്ക് പകരം പ്രവർത്തനം നിലച്ച ചൈനീസ് കമ്പനിയായ സൂം ടെക്നോളജിയുടെ ഓഹരികൾ വാങ്ങിക്കൂട്ടുകയായിരുന്നു. ഇതോടെ സൂം ടെക്നോളജിയുടെ ഓഹരി വില ഒരാഴ്ചക്കുള്ളിൽ 1800 ശതമാനം കുതിച്ചുയർന്നു. തുടർന്ന് സൂം ടെക്നോളജിയുടെ വ്യാപാരം സസ്പെൻഡ് ചെയ്യാൻ യു.എസ് ഓഹരി വിപണി നിയന്ത്രിക്കുന്നവർക്ക് ഇടപെടേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

