ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം മൂന്ന് ഇരട്ടിയായി; ഇന്ത്യക്കാർ മൂന്നാം സ്ഥാനത്ത്
text_fieldsമുംബൈ: സ്വർണ വില റോക്കറ്റ് പോലെ കുതിച്ചപ്പോൾ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഗോൾഡ് ഇ.ടി.എഫ്) ഇന്ത്യക്കാരുടെ നിക്ഷേപവും ചരിത്രം കുറിച്ചു. കഴിഞ്ഞ വർഷം ലോകത്തെ മൊത്തം ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം ഇരട്ടിയിലേറെ ഉയർന്നപ്പോൾ ഇന്ത്യയിൽ മൂന്ന് ഇരട്ടിയായി. വേൾഡ് ഗോൾഡ് കൗൺസിലാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
1.2 ബില്ല്യൻ ഡോളർ (10,832 കോടി രൂപ) ആയിരുന്നു 2024ൽ ഇന്ത്യയിലെ മൊത്തം ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം. കഴിഞ്ഞ വർഷം നിക്ഷേപം 4.37 ബില്ല്യൻ ഡോളർ (39,447) ആയി ഉയർന്നു. അതുപോലെ അസറ്റ് മാനേജ്മെന്റ് കമ്പനികൾ വാങ്ങി സൂക്ഷിക്കുന്ന ഭൗതിക സ്വർണത്തിന്റെ തൂക്കം 57.5 ടണ്ണിൽനിന്ന് 95 ടണ്ണായി വർധിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം നടത്തിയവരിൽ ഇന്ത്യക്കാർ തുടർച്ചയായ രണ്ടാം വർഷവും മൂന്നാം സ്ഥാനത്താണ്. യു.എസും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. 2024ൽ ഗോൾഡ് ഇ.ടി.എഫുകളിൽ 1.8 ബില്ല്യൻ മാത്രം നിക്ഷേപമുണ്ടായിരുന്ന യു.എസ് 49.82 ബില്ല്യൻ ഡോളറിലേക്ക് ഉയർന്നാണ് ചൈനയെ പിന്നിലാക്കിയത്. എന്നാൽ, ചൈനയുടെ ഗോൾഡ് ഇ.ടി.എഫ് നിക്ഷേപവും ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ചൈനക്കാരുടെ 4.36 ബില്ല്യൻ ഡോളർ നിക്ഷേപം 15.47 ബില്ല്യൻ ഡോളറിലേക്കാണ് ഉയർന്നത്.
ലോകത്തെ മൊത്തം ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം 271.8 ബില്ല്യൻ ഡോളറിൽനിന്ന് കഴിഞ്ഞ വർഷം 558.9 ബില്ല്യൻ ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. താരിഫ് ഭീഷണിയും വ്യാപാര തർക്കങ്ങളും കാരണം രൂപപ്പെട്ട ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ് നിക്ഷേപകരെ സുരക്ഷിത ആസ്തിയായ സ്വർണത്തിലേക്ക് ആകർഷിച്ചത്. മാത്രമല്ല, യു.എസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതും നിക്ഷേപകരുടെ താൽപര്യം ഉയരാൻ ഇടയാക്കി.
അതേസമയം, മറ്റു രാജ്യങ്ങളും സ്വർണ നിക്ഷേപത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിലല്ലെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് പറയുന്നത്. യു.കെയുടെ ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം 3.78 ബില്ല്യൻ ഡോളറും സ്വിറ്റ്സർലൻഡിൽ 4.34 ബില്ല്യൻ ഡോളറും ജപ്പാന്റെത് 3.12 ബില്ല്യൻ ഡോളറും ഫ്രാൻസിന്റെത് 2.2 ബില്ല്യൻ ഡോളറുമാണ്. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം ഏഴു മാസമായി തുടർച്ചയായി ഗോൾഡ് ഇ.ടി.എഫുകളിലേക്ക് നിക്ഷേപം ഒഴുകുകയാണ്.
അതിനിടെ, കേരളത്തിൽ സ്വർണവില ശനിയാഴ്ച വീണ്ടും വർധിച്ചു. ഗ്രാമിന് 105 രൂപയാണ് ഉയർന്നത്. 12,875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന്റെ വില 840 രൂപ വർധിച്ചു. ഒരു പവൻ സർണം വാങ്ങാൻ 1,03,000 രൂപ നൽകണം. ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്. ഇന്റർനാഷണൽ മാർക്കറ്റിൽ ട്രോയ് ഔൺസിന്റെ വില 56 ഡോളർ ഉയർന്ന് 4,509.2 ഡോളറിലെത്തി. 1.28 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

