Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോൺ പൂർണമായി തിരിച്ചടച്ചിട്ടും കുടിശ്ശിക കാണിക്കുന്നുണ്ടോ? ക്രെഡിറ്റ് റിപ്പോർട്ട് എങ്ങനെ തിരുത്താം

text_fields
bookmark_border
ലോൺ പൂർണമായി തിരിച്ചടച്ചിട്ടും കുടിശ്ശിക കാണിക്കുന്നുണ്ടോ? ക്രെഡിറ്റ് റിപ്പോർട്ട് എങ്ങനെ തിരുത്താം
cancel

അവസാന ഇ.എം.ഐയും അടച്ച്, ലോൺ ക്ലോസ് ചെയ്തതിന്റെ കത്തും വാങ്ങി സമാധാനിച്ചിരിക്കുമ്പോൾ ആയിരിക്കും മാസങ്ങൾക്ക് ശേഷം നിങ്ങളുടെ സിബിൽ റിപ്പോർട്ടിൽ ആ ലോൺ തുക ഇപ്പോഴും കുടിശ്ശികയായി കാണിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പുതിയൊരു ലോണിനോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കാൻ പ്ലാൻ ചെയ്യുമ്പോൾ ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കും. തെറ്റായ കുടിശ്ശിക തുകയോ, വൈകിയ അടവുകളോ, ക്ലോസ് ചെയ്യാത്ത ലോൺ സ്റ്റാറ്റസോ ഒരു ബാങ്കിന് മുന്നിൽ നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെ ദോഷകരമായി ബാധിച്ചേക്കാം.

എന്നാൽ ഇവിടെ പ്രധാനപ്പെട്ട ഒരു വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. ഒരു ലോൺ അടച്ചുതീർത്തു എന്നതുകൊണ്ട് മാത്രം അത് നിങ്ങളുടെ സിബിൽ റിപ്പോർട്ടിൽ നിന്ന് അപ്രത്യക്ഷമാകില്ല. ക്ലോസ് ചെയ്ത അക്കൗണ്ടുകൾ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയുടെ ഭാഗമായി റിപ്പോർട്ടിൽ തുടർന്നും ഉണ്ടാകും. എന്നാൽ അതിലെ അക്കൗണ്ട് സ്റ്റാറ്റസ്, കുടിശ്ശിക തുക, മറ്റ് തിരിച്ചടവ് വിവരങ്ങൾ എന്നിവ മാറ്റപ്പെട്ടിരിക്കണം.

1. ആദ്യം ലോൺ എപ്പോഴാണ് തിരിച്ചടച്ചതെന്ന് പരിശോധിക്കുക

അവസാന അടവ് പൂർത്തിയാക്കിയ ഉടൻ തന്നെ പരാതി നൽകാൻ തുനിയരുത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കൃത്യമായ ഇടവേളകളിലാണ് വിവരങ്ങൾ സിബില്ലിലേക്ക് അയക്കുന്നത്. ആർ.ബി.ഐ നിയമപ്രകാരം കുറഞ്ഞത് രണ്ടാഴ്ചയിലൊരിക്കലെങ്കിലും ക്രെഡിറ്റ് വിവരങ്ങൾ ബാങ്കുകൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

വിവരങ്ങൾ അയക്കാൻ ബാങ്കുകൾക്ക് 7 ദിവസവും, ലഭിച്ച വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സിബില്ലിന് 5 ദിവസവും സമയമുണ്ട്. അതിനാൽ, അടുത്തിടെയാണ് ലോൺ ക്ലോസ് ചെയ്തതെങ്കിൽ സാധാരണ റിപ്പോർട്ടിംഗ് സമയം പൂർത്തിയാകുന്നതുവരെ കാത്തിരുന്ന ശേഷം പുതിയ റിപ്പോർട്ട് പരിശോധിച്ച് ഉറപ്പുവരുത്തുക.

2. എന്താണ് തെറ്റ് എന്ന് കൃത്യമായി കണ്ടെത്തുക

നിങ്ങളുടെ സിബിൽ റിപ്പോർട്ടിലെ അക്കൗണ്ട് വിവരങ്ങൾ തുറന്ന് പരിശോധിക്കുക:

  • കുടിശ്ശിക തുക പൂജ്യം ആയിട്ടുണ്ടോ?
  • വൈകിയ അടവുകൾ വല്ലതും കാണിക്കുന്നുണ്ടോ?
  • അക്കൗണ്ട് സ്റ്റാറ്റസ് 'Closed' എന്ന് മാറിയിട്ടുണ്ടോ?
  • ബാങ്ക് അവസാനം റിപ്പോർട്ട് ചെയ്ത തീയതി എന്നാണെന്നും പരിശോധിക്കുക.

റിപ്പോർട്ടിൽ കുടിശ്ശിക തുക 'Zero' എന്നും അക്കൗണ്ട് സ്റ്റാറ്റസ് 'Closed' എന്നും കാണിക്കുന്നുണ്ടെങ്കിൽ അത് തെറ്റല്ല. അത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയുടെ ഭാഗമായി റിപ്പോർട്ടിൽ തുടരും. എന്നാൽ പൂർണ്ണമായി അടച്ചുതീർത്ത ലോണിന് ഇനിയും പണം അടയ്ക്കാനുണ്ടെന്നോ, ഓവർഡ്യൂ ഉണ്ടെന്നോ, തെറ്റായ സ്റ്റാറ്റസോ കാണിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്.

3. ലോൺ ക്ലോസ് ചെയ്തതിന്റെ രേഖകൾ തയ്യാറാക്കി വെക്കുക

പരാതി നൽകുന്നതിന് മുൻപ് തിരിച്ചടച്ചതിന്റെ തെളിവുകൾ കൈവശം വെക്കുക:

  • നോ-ഡ്യൂസ് സർട്ടിഫിക്കറ്റ് (No-Dues Certificate) അല്ലെങ്കിൽ ലോൺ ക്ലോഷർ ലെറ്റർ
  • ഫൈനൽ ലോൺ സ്റ്റേറ്റ്‌മെന്റ്
  • അടച്ചതിന്റെ രസീതുകളും അവസാന അടവ് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റും.

പരാതി നൽകുന്നതിന് മുമ്പ് വായ്പ നൽകിയ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് നല്ലത്. അവരുടെ റെക്കോർഡുകളിൽ അക്കൗണ്ട് ക്ലോസ് ചെയ്തെന്നും, തിരുത്തിയ വിവരങ്ങൾ സിബിലിലേക്ക് അയച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. ബാങ്ക് നൽകുന്ന വിവരങ്ങൾ സിബില്ലിന് സ്വന്തമായി തിരുത്താനാകില്ല എന്നതിനാലാണിത്.

4. സിബിലിൽ ഓൺലൈനായി പരാതിപ്പെടുക

തെറ്റായ വിവരങ്ങൾ തുടർന്നും കാണിക്കുകയാണെങ്കിൽ, നിങ്ങളുടെ myCIBIL അക്കൗണ്ട് വഴി പരാതി നൽകാം:

  • 'Credit Reports' വിഭാഗത്തിൽ പോയി 'Dispute Centre' തുറക്കുക.
  • തെറ്റായ വിവരങ്ങളുള്ള ലോൺ അക്കൗണ്ട് തിരഞ്ഞെടുക്കുക.
  • തിരുത്തേണ്ട ഫീൽഡ് തെരഞ്ഞെടുത്ത് പരാതി സമർപ്പിക്കുക.

പരിശോധന നടക്കുന്ന സമയത്ത് ഈ വിവരങ്ങൾ "Under Dispute" എന്ന് രേഖപ്പെടുത്തും. വിവരങ്ങൾ തെറ്റാണെന്ന് ബാങ്ക് സ്ഥിരീകരിച്ചാൽ സിബിൽ റിപ്പോർട്ടിൽ മാറ്റം വരുത്തും.

5. തിരുത്തലുകൾക്ക് എത്ര സമയമെടുക്കും?

പരാതി പരിഹരിക്കുന്നതിനുള്ള ആകെ സമയം 30 ദിവസമാണ്. ആർ.ബി.ഐ നിയമപ്രകാരം തിരുത്തിയ വിവരങ്ങൾ നൽകാൻ ബാങ്കിന് 21 ദിവസവും, പ്രക്രിയ പൂർത്തിയാക്കാൻ സിബില്ലിന് ബാക്കി 9 ദിവസവും ലഭിക്കും. നഷ്ടപരിഹാര നിയമം: തെറ്റായ ക്രെഡിറ്റ് വിവരങ്ങളെക്കുറിച്ചുള്ള പരാതി 30 ദിവസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ, ആർ.ബി.ഐ വ്യവസ്ഥകൾക്ക് വിധേയമായി വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം അപേക്ഷകന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കും.

6. തിരുത്തലിന് ശേഷം റിപ്പോർട്ട് വീണ്ടും പരിശോധിക്കുക

പരാതി പരിഹരിച്ചതായി ഇമെയിൽ ലഭിച്ചതുകൊണ്ട് മാത്രം നിർത്തിവെക്കരുത്. നിങ്ങളുടെ സിബിൽ റിപ്പോർട്ട് വീണ്ടും ഡൗൺലോഡ് ചെയ്തോ പുതുക്കിയോ (Refresh) കുടിശ്ശിക തുകയും ലോൺ സ്റ്റാറ്റസും കൃത്യമായി മാറിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.

തിരിച്ചടച്ചതിന്റെ തെളിവുകൾ ഉണ്ടായിരുന്നിട്ടും ബാങ്ക് പരാതി നിരസിക്കുകയാണെങ്കിൽ, ബാങ്കിന്റെ ഗ്രീവൻസ് റെഡ്രസൽ (Grievance-Redressal) വിഭാഗത്തെ സമീപിക്കുക. ആവശ്യമെങ്കിൽ സിബില്ലിൽ വീണ്ടും പരാതി നൽകാനും സാധിക്കും.

പൂർണ്ണമായി തിരിച്ചടച്ച ഒരു ലോൺ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിക്ക് ഗുണകരമാണ്. അത് സിബിൽ റിപ്പോർട്ടിൽ നിന്ന് നീക്കം ചെയ്യുകയല്ല ലക്ഷ്യം, മറിച്ച് അതിൽ ഇനി തുകയൊന്നും അടയ്ക്കാനില്ല എന്ന് കൃത്യമായി കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - How to correct a credit report
Next Story