Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

75ാം വയസിൽ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുമോ?

text_fields
bookmark_border
75ാം വയസിൽ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുമോ?
cancel

75 വയസുള്ളൊരാൾക്ക് അതുവരെ ഇൻഷുറൻസ് ഇല്ലായിരുന്നു എന്ന കാരണം കൊണ്ട് ഹെൽത്ത് ഇൻഷുറൻസ് കിട്ടാതിരിക്കില്ല. എന്നാൽ പ്രീമിയം തുക, മെഡിക്കൽ അണ്ടർറൈറ്റിങ്, കാത്തിരിപ്പ് കാലയളവ് എന്നിവ ഈ പ്രായത്തിൽ തീരുമാനങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.

2024ൽ ഇൻഷുറൻസ് റെഗുലേറ്ററി ആന്‍റ് ഡെവലപ്‌മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ഹെൽത്ത് ഇൻഷുറൻസിനായുള്ള പരമാവധി പ്രായപരിധി നീക്കം ചെയ്തിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും സേവനം ലഭ്യമാക്കാൻ ഇത് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വ്യക്തിഗത പോളിസികൾക്ക് അവരുടേതായ യോഗ്യതാ വ്യവസ്ഥകൾ ഉണ്ടായിരിക്കും.

അതുകൊണ്ട് 75 വയസുള്ള ഒരാൾക്ക് ഇപ്പോഴും പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് കണ്ടെത്താനാകും, എന്നാൽ പ്രായം കുറഞ്ഞവർക്ക് ലഭിക്കുന്നതിനേക്കാൾ തെരഞ്ഞെടുപ്പുകൾ പരിമിതമായിരിക്കാം. ചില സീനിയർ സിറ്റിസൺ പോളിസികൾ ഈ പ്രായത്തിലും പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നുണ്ട്. മറ്റുള്ളവക്ക് പ്രായപരിധി ബാധകമാണ്. അതിനാൽ പോളിസികൾ താരതമ്യം ചെയ്ത് നോക്കേണ്ടത് വളരെ പ്രധാനമാണ്.

ചെലവും മെഡിക്കൽ പരിശോധനകളും പ്രധാന വെല്ലുവിളി

ചെലവും മെഡിക്കൽ അണ്ടർറൈറ്റിങ്ങുമാണ് പോളിസിയിലെ പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം. 75ാം വയസിൽ പോളിസി നൽകുന്നതിന് മുമ്പ് ഇൻഷുറൻസ് കമ്പനികൾ മെഡിക്കൽ പരിശോധനകൾ ആവശ്യപ്പെട്ടേക്കാം. കൂടാതെ പ്രായവും ആരോഗ്യപരമായ അപകടസാധ്യതകളും അനുസരിച്ച് പ്രീമിയം തുകയും ഉയർന്നതായിരിക്കും. നിലവിലുള്ള രോഗങ്ങൾക്ക് കാത്തിരിപ്പ് കാലയളവും ബാധകമായേക്കാം. അതായത് നേരത്തേ തന്നെയുള്ള രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് പോളിസി ഉടനടി കവർ ചെയ്തെന്ന് വരില്ല.

ചികിത്സ ആവശ്യമായി വരും എന്ന സാഹചര്യത്തിൽ മാത്രം പോളിസി എടുക്കുന്നത് തിരിച്ചടിയായേക്കും. ഭാവിയിലെ അടിയന്തര ചികിത്സാച്ചെലവുകളിൽ നിന്ന് പരിരക്ഷ നൽകാനാണ് പോളിസി ഉദ്ദേശിക്കുന്നത്. അല്ലാതെ ഇതിനകം രോഗം സ്ഥിരീകരിച്ചതോ ചികിത്സ നിശ്ചയിച്ചതോ ആയവ മുൻകാല പ്രാബല്യത്തോടെ കവർ ചെയ്യാനല്ല. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, വൃക്ക പ്രശ്നങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടെങ്കിൽ കാത്തിരിപ്പ് കാലയളവിലെ വ്യവസ്ഥകൾ ശ്രദ്ധാപൂർവ്വം വായിച്ചു നോക്കുക.

70 വയസ്സിനു മുകളിലുള്ളവർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി

70 വയസും അതിൽ കൂടുതലുമുള്ള ഇന്ത്യക്കാർക്കായി മറ്റൊരു പ്രധാന പദ്ധതി കൂടിയുണ്ട്. വരുമാന പരിധി നോക്കാതെ 70 വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തുന്നതിനായി സർക്കാർ 'ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന' (AB PM-JAY) വികസിപ്പിച്ചിട്ടുണ്ട്. അർഹരായ മുതിർന്ന പൗരന്മാർക്ക് പ്രത്യേക 'ആയുഷ്മാൻ വയ് വന്ദന കാർഡ്' ലഭിക്കുകയും, പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നേടുകയും ചെയ്യാം.

പ്രൈവറ്റ് ഇൻഷുറൻസ് ആവശ്യമില്ലെന്ന് ഇതിനർഥമില്ല. എബി പിഎം-ജെഎവൈ (AB PM-JAY) ആശുപത്രിവാസത്തിന് ഊന്നൽ നൽകുകയും അതിനായി എംപാനൽ ചെയ്ത ആരോഗ്യ സംരക്ഷണ ശൃംഖലയിലൂടെ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഒരു പ്രൈവറ്റ് പോളിസി വ്യത്യസ്തമായ ആനുകൂല്യങ്ങളും ആശുപത്രി തിരഞ്ഞെടുപ്പുകളും നൽകിയേക്കാം. പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് ഇതിനകം ഉള്ള മുതിർന്നവർക്കും ആയുഷ്മാൻ പദ്ധതിക്ക് അർഹതയുണ്ടായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

75ാം വയസ്സിൽ പ്രൈവറ്റ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചെക്ക്‌ലിസ്റ്റ്:

  • പ്രീമിയം തുക
  • കോ-പേയ്മെന്‍റ്
  • റൂം വാടക പരിധികൾ
  • രോഗം തിരിച്ചുള്ള സബ്-ലിമിറ്റുകൾ
  • കാത്തിരിപ്പ് കാലയളവ്
  • ഒഴിവാക്കലുകൾ
  • വീടിനടുത്തുള്ള കാഷ്ലെസ് ആശുപത്രികൾ
  • ആജീവനാന്ത പുതുക്കൽ സൗകര്യം

75ാം വയസിലും ആരോഗ്യ പരിരക്ഷ നേടാനാകും. എന്നാൽ സർക്കാർ പദ്ധതിയും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത പ്രൈവറ്റ് പോളിസിയും ഒരു പ്രത്യേക മെഡിക്കൽ എമർജൻസി ഫണ്ടും സംയോജിപ്പിച്ചുകൊണ്ട് വേണം ഇതിനായി തീരുമാനമെടുക്കാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - health insurance after age 75
Next Story