ഫ്രോസൺ സ്ക്രീൻ യു.പി.ഐ തട്ടിപ്പ്: ഒരു ടെക്നിക്കൽ 'ഗ്ലിച്ച്' നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എങ്ങനെ കാലിയാക്കുമെന്ന് നോക്കാം
text_fieldsസോഷ്യൽ മീഡിയ പരസ്യങ്ങളിലോ അപരിചിതമായ ലിങ്കുകളിലോ ക്ലിക്ക് ചെയ്ത ശേഷം പെട്ടെന്ന് ഫോൺ ഹാങ് ആകുന്നത് ഒരു സാധാരണ സാങ്കേതിക തകരാറായി കാണരുത്. ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങൾ ചോർത്താനുമുള്ള ഒരു മാർഗമായി ഈ സ്ക്രീൻ ഫ്രീസിങ് തട്ടിപ്പുകാർ ഉപയോഗിക്കുന്നു. ഇത്തരം സംഭവങ്ങൾ പരമ്പരാഗത ഫിഷിങ് രീതികൾക്കും അപ്പുറത്തേക്ക് കടന്നിരിക്കുകയാണെന്നാണ് സൈബർ സുരക്ഷാ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.
ഫോണുകളെ ഹാക്ക് ചെയ്യാനും വ്യാജ ഇടപാടുകൾക്ക് ഉപയോക്താക്കളെക്കൊണ്ട് അംഗീകാരം നൽകിക്കാനും തട്ടിപ്പുകാർ വ്യാജ ആപ്ലിക്കേഷനുകൾ, സോഷ്യൽ എഞ്ചിനീയറിങ് തന്ത്രങ്ങൾ, റിമോട്ട്-ആക്സസ് ടൂളുകൾ, ആൻഡ്രോയിഡ് പെർമിഷനുകൾ എന്നിവ സംയോജിപ്പിച്ച് ഉപയോഗിക്കുന്നു. ഇത്തരം തട്ടിപ്പുകളിൽ സ്ക്രീൻ ഹാങ് ആകുന്നത് ഉപയോക്താക്കളെ കബളിപ്പിക്കാനുള്ള മാർഗം മാത്രമാണ്. ഫോണിനോ, ബാങ്കിങ് ആപ്പിനോ അല്ലെങ്കിൽ യു.പി.ഐ അക്കൗണ്ടിനോ എന്തോ കുഴപ്പമുണ്ടെന്ന് വിശ്വസിപ്പിക്കാൻ തട്ടിപ്പുകാർ വ്യാജ എറർ സന്ദേശങ്ങളോ, പരസ്യങ്ങളോ, അല്ലെങ്കിൽ കസ്റ്റമർ സപ്പോർട്ട് പ്രതിനിധികളെന്ന വ്യാജേനയുള്ള കോളുകളോ ഉപയോഗിച്ചേക്കാം. തുടർന്ന് ഓഫറുകൾ, ക്യാഷ്ബാക്ക്, വെരിഫിക്കേഷൻ അല്ലെങ്കിൽ സർവീസ് ആപ്പ് എന്ന പേരിൽ ഒരു എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യാൻ ഇരയാകുന്ന വ്യക്തിയെ ഇവർ പ്രേരിപ്പിക്കും.
ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ ഈ വ്യാജ ആപ്പുകൾക്ക് ഫോണിലെ ആക്സസിബിലിറ്റി, നോട്ടിഫിക്കേഷൻ തുടങ്ങി വിവിധ പെർമിഷനുകൾ ദുരുപയോഗം ചെയ്ത് ഫോണിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഒ.ടി.പികൾ വായിക്കാനും, സ്ക്രീൻ നിയന്ത്രിക്കാനും ഉപയോക്താവ് ചെയ്യുന്നതുപോലുള്ള പ്രവർത്തനങ്ങൾ കൃത്രിമമായി ചെയ്യാനും കഴിയും.
ഇത്തരം ആക്രമണങ്ങളുടെ സങ്കീർണത കാരണം യു.പി.ഐയുടെ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളെ തകർക്കേണ്ട ആവശ്യം തട്ടിപ്പുകാർക്ക് വരുന്നില്ല. യു.പി.ഐ എൻക്രിപ്ഷൻ തകർക്കുന്നതിന് പകരം ഫോൺ, പാസ്‌വേഡുകൾ, ഒടിപി അല്ലെങ്കിൽ പണമടയ്ക്കൽ പ്രക്രിയ എന്നിവയെയാണ് ആക്രമണകാരികൾ ലക്ഷ്യമിടുന്നത്.
എസ്.എം.എസ് വഴി വരുന്ന ഒ.ടി.പികൾ ചോർത്തുക, വ്യാജ ആപ്പുകളിലൂടെയോ ഫിഷിങ് പേജുകളിലൂടെയോ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കുക, ആൻഡ്രോയിഡ് ആക്സസിബിലിറ്റി പെർമിഷനുകൾ ദുരുപയോഗം ചെയ്യുക, അല്ലെങ്കിൽ സ്ക്രീൻ ഷെയറിങ് ആപ്പുകൾ വഴി ഉപയോക്താവിന്റെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കുക എന്നിവ ഇതിൽ ഉൾപ്പെടാം.
ചില കേസുകളിൽ, സോഷ്യൽ എഞ്ചിനീയറിങ് തന്ത്രങ്ങൾ ഉപയോഗിച്ച് ഉപയോക്താവിനെക്കൊണ്ട് തന്നെ അറിയാതെ യു.പി.ഐ പിൻ എൻ്റർ ചെയ്യിക്കുകയോ അല്ലെങ്കിൽ ഇടപാടിന് അംഗീകാരം നൽകിക്കുകയോ ചെയ്യുന്നു. ഇത് കാരണം, നടക്കുന്ന തട്ടിപ്പ് ഇടപാടുകളെ യഥാർഥ പേയ്‌മെന്റിൽ നിന്ന് വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. തെറ്റിദ്ധരിക്കപ്പെട്ടോ ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ ആണെങ്കിലും സാങ്കേതികമായി ഉപയോക്താവ് തന്നെയാണ് ആ ഇടപാടിന് അനുമതി നൽകിയിരിക്കുന്നത്.
എങ്ങനെ സുരക്ഷിതമാക്കാം?
ഫോൺ സംശയാസ്പദമായ രീതിയിൽ ഫ്രീസ് ആയാൽ ഉടൻ സ്വീകരിക്കുന്ന നടപടികൾ നിർണായകമാണ്. ഉപയോക്താക്കൾ ഉടൻ തന്നെ മൊബൈൽ ഡാറ്റയും വൈഫൈയും വിച്ഛേദിക്കുക. ബാങ്കിങ് വിവരങ്ങളോ യു.പി.ഐ പിന്നോ നൽകരുത്.
ടെക്നിക്കൽ സപ്പോർട്ട് വാഗ്ദാനം ചെയ്ത് വരുന്ന അപരിചിതരുടെ നിർദേശങ്ങൾ പാലിക്കരുത്. സംശയാസ്പദമായ ആപ്പുകൾ ഫോണിൽ നിന്ന് ഒഴിവാക്കുക. അനാവശ്യമായ ആക്സസിബിലിറ്റി, ഡിവൈസ്-അഡ്മിനിസ്ട്രേഷൻ പെർമിഷനുകൾ പിൻവലിക്കുക. വിശ്വസനീയമായ ഒരു സെക്യൂരിറ്റി ആപ്പ് ഉപയോഗിച്ച് ഫോൺ സ്കാൻ ചെയ്യുക.
നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന് സംശയമുണ്ടെങ്കിൽ, ഔദ്യോഗിക മാർഗങ്ങളിലൂടെ ബാങ്കുമായി ബന്ധപ്പെടുക, സമീപകാല ഇടപാടുകൾ പരിശോധിക്കുക, സുരക്ഷിതമായ മറ്റൊരു ഫോണിൽ നിന്ന് ബാങ്കിംഗ് വിവരങ്ങളുടെ പാസ്‌വേഡുകൾ മാറ്റുക. പണനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ട് ചെയ്യുക.
ഡിജിറ്റൽ പേയ്‌മെന്റുകൾ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറുമ്പോൾ ഒരു ഇടപാടിന്റെ സുരക്ഷ എന്നത് ഓതന്റിക്കേഷനിൽ മാത്രം ഒതുങ്ങുന്നില്ല. ശക്തമായ ഫോൺ സുരക്ഷ, സുരക്ഷിതമായ ആപ്പുകൾ, തട്ടിപ്പുകൾ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ, അവബോധമുള്ള ഉപയോക്തൃ പെരുമാറ്റം എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം.
ഒരു കാര്യം ഓർക്കുക: ഒരു യഥാർഥ ബാങ്കോ സേവന ദാതാവോ നിങ്ങളുടെ യു.പി.ഐ പ്രശ്നം പരിഹരിക്കാൻ ഒരു റിമോട്ട്-ആക്സസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ സ്ക്രീൻ ഷെയർ ചെയ്യാനോ ഒരിക്കലും ആവശ്യപ്പെടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

