ഇൻഷുറൻസ് തുക പര്യാപ്തമാണോ? ഹെൽത്ത് ഇൻഷുറൻസ് പുതുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsആരോഗ്യ ഇൻഷുറൻസ് പുതുക്കാനുള്ള സന്ദേശം ലഭിക്കുമ്പോൾ പ്രീമിയം അടച്ച് മറ്റൊരു വർഷത്തേക്ക് അത് മാറ്റിവെക്കുകയാണ് നമ്മുടെ പതിവ് രീതി. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് എടുത്ത പോളിസി പരിരക്ഷ നിലവിലെ നമ്മുടെ സാഹചര്യങ്ങൾക്ക് പര്യപ്തമാകണമെന്നില്ല. പ്രായവും കുടുംബത്തിന്റെ ആവശ്യങ്ങളും മാറുന്നതിനനുസരിച്ച് പോളിസികൾ മാറ്റം ആവശ്യമായേക്കാം. അതിനാൽ തന്നെ പണം അടക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇൻഷുറൻസ് തുക പര്യപ്തമാണോയെന്ന് പരിശോധിക്കുക
വർധിച്ചുവരുന്ന ആശുപത്രി ചെലവുകൾ കാരണം പഴയ ഇൻഷുറൻസ് തുക തികയാതെ വന്നേക്കാം. അതിനാൽ കുടുംബത്തിന്റെ ആരോഗ്യ ആവശ്യങ്ങളും ചികിത്സാ ചെലവുകളും വിലയിരുത്തി കവറേജ് മതിയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ കവറേജ് ഉയർത്താം. കൂടാതെ, റീസ്റ്റോറേഷൻ ആനുകൂല്യം, ക്യുമുലേറ്റീവ് ബോണസ് എന്നിവയുടെ വ്യവസ്ഥകളും പരിശോധിക്കണം.
പ്രീമിയം വർധനവ് എന്തുകൊണ്ടെന്ന് മനസിലാക്കുക
പുതുക്കുമ്പോൾ പ്രീമിയം വർധിച്ചതായി തോന്നിയാൽ മുൻ വർഷത്തെ പ്രീമിയവുമായി താരതമ്യം ചെയ്യണം. ഈ വർധനവ് പ്രായപരിധി, പോളിസി മാറ്റങ്ങൾ എന്നിവ കാരണമാണോ എന്ന് അന്വേഷിക്കുക. കുറഞ്ഞ നിരക്കിലുള്ള മറ്റ് പോളിസികളിലേക്ക് മാറുമ്പോൾ കോ-പേയ്‌മെന്റ്, ഡെഡക്റ്റബിൾ തുടങ്ങിയ വ്യവസ്ഥകൾ ഉണ്ടോയെന്നും പരിശോധിക്കണം.
പോളിസിയിലെ വ്യവസ്ഥകൾ വായിക്കുക
പലരും ഇൻഷുറൻസ് തുകയും പ്രീമിയവും മാത്രമേ പോളിസികൾ എടുക്കുമ്പോൾ നോക്കാറുള്ളൂ. റൂം റെന്റ് പരിധി, ചികിത്സയ്ക്കുള്ള സബ്-ലിമിറ്റുകൾ, ഒഴിവാക്കലുകൾ, നിലവിലുള്ള രോഗങ്ങളുടെ കാത്തിരിപ്പ് കാലാവധി എന്നിവ വായിച്ച് മനസിലാക്കേണ്ടതും പ്രധാനമാണ്.
നെറ്റ്‌വർക്ക് ആശുപത്രികളുടെ പട്ടിക പരിശോധിക്കുക
മുമ്പ് ക്യാഷ്‌ലെസ് ചികിത്സ നൽകിയ ആശുപത്രി ഈ വർഷം നെറ്റ്‌വർക്കിൽ ഉണ്ടാകണമെന്നില്ല. അതിനാൽ പുതിയ പട്ടിക കൃത്യമായി പരിശോധിക്കുക പ്രീമിയം പുതുക്കുന്നതിന് മുമ്പ് ആശുപത്രി ഉണ്ടെന്ന് ഉറപ്പാക്കുക. ഇനി നമ്മൾ തിരയുന്ന ആശുപത്രി ലിസ്റ്റിൽ ഇല്ലെങ്കിൽ റീഇംബേഴ്സ്മെന്റ് നടപടികൾ എന്തൊക്കെയെന്ന് മുൻകൂട്ടി ചോദിച്ച് മനസിലാക്കേണ്ടതുണ്ട്.
പോളിസി മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി തീരുമാനിക്കുക
നിലവിലെ പോളിസി തൃപ്തികരമല്ലെങ്കിൽ പുതുക്കുന്നതിന് മുൻപ് തന്നെ മറ്റ് പ്ലാനുകൾ താരതമ്യം ചെയ്യുക. മറ്റ് ഇൻഷുറൻസ് കമ്പനികളിലേക്ക് മാറാൻ ഇൻഷുറൻസ് പോർട്ടബിലിറ്റി സൗകര്യം ഉപയോഗിക്കാവുന്നതാണ്. പുതുക്കേണ്ട തിയതിക്ക് വളരെ മുമ്പ് തന്നെ ഈ പ്രക്രിയ ആരംഭിക്കേണ്ടതാണ്.

