സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഡെലിവറി ജീവനക്കാർക്കും പ്രൊവിഡന്‍റ് ഫണ്ട്: ഇ.പി.എഫ്.ഒയുടെ പുതിയ പദ്ധതി എങ്ങനെ ഉപയോഗപ്പെടുത്താം?
text_fieldsസ്വയം തൊഴിൽ ചെയ്യുന്നവർ, ഗിഗ് തൊഴിലാളികൾ, ഫ്രീലാൻസർമാർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് പ്രൊവിഡന്‍റ് ഫണ്ട് (PF) പദ്ധതിയിലേക്ക് സ്വമേധയാ സംഭാവന നൽകാൻ അവസരം ഒരുക്കുന്ന ഒരു പദ്ധതിയുടെ പ്രാരംഭ ചർച്ചകളിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). ഇതുവഴി ലക്ഷക്കണക്കിന് ആളുകൾക്ക് ഔദ്യോഗിക സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭിച്ചേക്കും.
പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലുള്ള പദ്ധതിക്ക് ഇനി സർക്കാർ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതിക്ക് ആവശ്യമായ ഐ.ടി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഇ.പി.എഫ്.ഒ ഇതിനകം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ആർക്കൊക്കെ പ്രയോജനം ലഭിക്കും
നിലവിൽ 20ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് ഇ.പി.എഫ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ പദ്ധതി അംഗീകരിക്കപ്പെടുകയാണെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവർ, ബിസിനസ് ഉടമകൾ, ഫ്രീലാൻസർമാർ, ക്യാബ് ഡ്രൈവർമാർ, ഫുഡ് ഡെലിവറി പങ്കാളികൾ തുടങ്ങിയ ഗിഗ് തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.
പദ്ധതി എങ്ങനെ പ്രവർത്തിക്കും
സാധാരണ ഇ.പി.എഫ് സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, തൊഴിലുടമയുടെ സംഭാവന ഇതിൽ ഉണ്ടാകില്ല. തൊഴിലാളികൾക്ക് അവരുടെ വരുമാനത്തിൽ നിന്ന് പൂർണമായും സ്വമേധയാ സംഭാവന നൽകാം. സ്ഥിരവരുമാനമില്ലാത്ത ഗിഗ് തൊഴിലാളികൾക്കായി ദിവസേനയോ, പ്രതിമാസമായോ, വാർഷികമായോ അല്ലെങ്കിൽ സാമ്പത്തിക സാഹചര്യം അനുവദിക്കുമ്പോഴോ പണം നിക്ഷേപിക്കാനുള്ള സൗകര്യം ഇതിലുണ്ടാകും. ഇതിന് നിലവിലെ ഇ.പി.എഫിന് സമാനമായ പലിശയും ലഭിക്കും.
നികുതി ആനുകൂല്യങ്ങൾ
നിലവിലെ ഇ.പി.എഫ് നിയമങ്ങൾക്ക് സമാനമായി വർഷത്തിൽ 2.5 ലക്ഷം രൂപ വരെയുള്ള സംഭാവനകൾക്ക് നികുതി ഇളവ് ലഭിച്ചേക്കാം. നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും നികുതി രഹിതമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി.എം-എസ്.വൈ.എം പദ്ധതിയിൽ നിന്നുള്ള വ്യത്യാസം:
പ്രധാൻ മന്ത്രി ശ്രം യോഗി മാൻധൻ യോജനയിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. പി.എം-എസ്.വൈ.എമ്മിൽ സർക്കാർ സഹായവും ലഭിക്കുന്നുണ്ട്. എന്നാൽ പുതിയ ഇ.പി.എഫ്.ഒ പദ്ധതിയിൽ സർക്കാരിന്‍റെ സാമ്പത്തിക സംഭാവന ഉണ്ടാകില്ല. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് അക്കൗണ്ട് പോലെ അംഗങ്ങൾ സ്വന്തം നിലയിൽ തുക കണ്ടെത്തിയാണ് വിരമിക്കൽ നിധി സ്വരൂപിക്കേണ്ടത്.
പുതിയ ലേബർ കോഡുകളുടെ കീഴിൽ സാമൂഹിക സുരക്ഷാ വ്യാപ്തി വിപുലീകരിക്കാനുള്ള സർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി. വിദേശ മാതൃകകളും ഇതിനായി ഉദ്യോഗസ്ഥർ പഠിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

