സഹായമോ, സാമ്പത്തിക കെണിയോ? ഇതിൽ വീഴരുതെന്ന മുന്നറിയിപ്പുമായി യുവാവിന്റെ വിഡിയോ സന്ദേശം
text_fieldsഅമിത്തിന്റെ വിഡിയോ സന്ദേശത്തിൽ നിന്ന്
ന്യൂഡൽഹി: ‘ജീവിതത്തിൽ പല തെറ്റുകളും സംഭവിക്കാം, എന്നാൽ ഇ.എം.ഐ ട്രാപ്പിൽ കുടുങ്ങുന്ന തെറ്റ് ചെയ്യരുത്. നിങ്ങൾക്ക് ഒരു സ്വപ്നമുണ്ടാകാം, അല്ലെങ്കിൽ മാതാപിതാക്കൾക്ക്, നിങ്ങൾക്ക് ഒരു കാർ സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടാകാം. എന്നാൽ, ഇ.എം.ഐ ബാധ്യതയിൽ കുടുങ്ങിയാൽ നിങ്ങളുടെ യുവത്വം മുഴുവൻ അതിന്റെ തിരിച്ചടവുകൾക്കായി കടന്നുപോകാം’ -ഡൽഹി സ്വദേശിയായ അമിത് എന്ന യുവാവിന്റേതാണ് ഈ വാക്കുകൾ. വരുമാനത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് മാത്രം ചെലവഴിക്കണമെന്ന നിർദേശവുമായി അമിത്, സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ സന്ദേശം ഇതിനകം വൈറലായി.
വാഹനങ്ങൾ, വീട്, മറ്റു വിലകൂടിയ വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ പലരും ആശ്രയിക്കുന്ന തവണ വായ്പ (ഇ.എം.ഐ) എങ്ങനെയാണ് ജീവിതത്തെ ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് അമിത്. ഒരുമിച്ച് വലിയ തുക ചെലവഴിക്കാതെ ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ഇ.എം.ഐ സഹായിക്കുമ്പോഴും, ദീർഘകാല സാമ്പത്തിക ബാധ്യതയായി ഇത് മാറുന്നതിന്റെ മുന്നറിയിപ്പ് നൽകുകയാണ് അദ്ദേഹം.
വിലകൂടിയ ഒരു വസ്തു സ്വന്തമാക്കുന്ന ദിവസം കുടുംബത്തിനും ചുറ്റുമുള്ളവർക്കും അഭിമാനമുണ്ടാകാം. എന്നാൽ, പിന്നീട് മാസതവണകൾ അടക്കാനുള്ള സമ്മർദം ജീവിതത്തിലെ പല തീരുമാനങ്ങളെയും ബാധിക്കും. ‘നിങ്ങൾക്ക് ഒരു ദിവസം വലിയ സന്തോഷം തോന്നും. കുടുംബം അഭിമാനിക്കും, ആളുകൾ അഭിനന്ദിക്കും. എന്നാൽ, അതിനുശേഷം പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും‘ -അമിത് കൂട്ടിച്ചേർത്തു.
വരുമാനം അനുവദിക്കുന്നില്ലെങ്കിൽ ഇത്തരം വസ്തുക്കൾ വാങ്ങരുത്. യഥാർഥ ആഡംബരം വിലകൂടിയ വസ്തുക്കൾ സ്വന്തമാക്കുന്നതിലല്ല, സാമ്പത്തിക സ്വാതന്ത്ര്യത്തിലാണ്. ഇന്നത്തെ ഷോ ഓഫ്, നാളത്തെ സമ്മർദമാകാം. പണത്തിന്റെ സുരക്ഷയാണ് പ്രധാനം, മറ്റുള്ളവരുടെ അംഗീകാരമല്ല.
ഇ.എം.ഐ അടക്കാനുള്ള ഭയത്തോടെ ജീവിക്കുന്നതിനേക്കാൾ, സ്വന്തം ശേഷിക്കനുസരിച്ച് ജീവിക്കുന്നത് കൂടുതൽ സന്തോഷം നൽകും. ഇ.എം.ഐ തിരിച്ചടവിന്റെ സമ്മർദം വ്യക്തിയുടെ ജോലിയെയും വ്യക്തിജീവിതത്തെയും ബാധിക്കാമെന്നും അമിത് പറയുന്നു.
‘നിങ്ങളുടെ കൈയിലുള്ള പണംകൊണ്ട് വാങ്ങാൻ കഴിയുന്നില്ലെങ്കിൽ ദയവ് ചെയ്ത് വാങ്ങാതിരിക്കൂ. ഇ.എം.ഐ എടുത്ത് വാങ്ങുന്ന സന്തോഷത്തേക്കാൾ നല്ലത് തൽക്കാലത്തേക്ക് ഇങ്ങനെ തന്നെ മുന്നോട്ടുപോകുന്നതാണ്’ -എന്നു പറഞ്ഞാണ് യുവാവ് സന്ദേശം അവസാനിപ്പിക്കുന്നത്.
അതേസമയം, സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചക്കാണ് വിഡിയോ വഴി തുറന്നിട്ടിരിക്കുന്നത്. ഇ.എം.ഐ അനാവശ്യമാണെന്നും വിഡിയോയിൽ പറഞ്ഞ കാര്യങ്ങളെല്ലാം യാഥാർഥ്യമാണെന്നും കുറെ പേർ വാദിക്കുമ്പോൾ, ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുകയാണെങ്കിൽ ഇ.എം.ഐ അത്ര ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് പറയുന്നവരുമുണ്ട്. വീടും വാഹനവും വാങ്ങാൻ സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്ക് മുന്നിലെ പ്രായോഗികമായ സാമ്പത്തിക ഉപാധിയാണ് ഇ.എം.ഐ എന്നും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. ‘ഞാൻ ഇതിനകം തന്നെ അതിൽ കുടുങ്ങിക്കഴിഞ്ഞു’ എന്ന് ഒരാൾ പ്രതികരിച്ചു.
അതേസമയം, ഇ.എം.എ എടുക്കുന്നതിന് മുമ്പ് വരുമാനം, തിരിച്ചടവ് ശേഷി, ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആഗ്രഹങ്ങളും സാമ്പത്തിക അച്ചടക്കവും തമ്മിൽ സന്തുലനം പാലിക്കണമെന്ന ഉപദേശവും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

