Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രെഡിറ്റ് കാർഡ് ഉപയോഗം 30 ശതമാനത്തിൽ കൂടുതൽ ചെലവഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

text_fields
bookmark_border
ക്രെഡിറ്റ് കാർഡ് ഉപയോഗം 30 ശതമാനത്തിൽ കൂടുതൽ ചെലവഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?
cancel

ആരോഗ്യകരമായ ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്തുന്നതിനായി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ അവരുടെ മൊത്തം ക്രെഡിറ്റ് ലിമിറ്റിന്‍റെ 30 ശതമാനത്തിൽ കൂടുതൽ ചെലവഴിക്കരുതെന്ന് വിദഗ്ധർ. 2 ലക്ഷം രൂപ ക്രെഡിറ്റ് ലിമിറ്റുള്ള ഒരാളെ സംബന്ധിച്ചിടത്തോളം, മാസത്തിലെ ക്രെഡിറ്റ് കാർഡ് ഉപയോഗം 60,000 രൂപയിൽ താഴെയായി നിലനിർത്തണം എന്നാണ് ഇതിനർഥം.

ഉയർന്ന ക്രെഡിറ്റ് ലിമിറ്റ് ഉണ്ടെന്നതുകൊണ്ട് ലഭ്യമായ മുഴുവൻ തുകയും ഉപയോഗിക്കണമെന്ന് അർഥമില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പകരം, ക്രെഡിറ്റ് യൂട്ടിലൈസേഷൻ നിയന്ത്രണത്തിൽ നിർത്തുകയും, ബില്ലുകൾ മുഴുവനായി അടയ്ക്കുകയും, ചെലവഴിക്കുന്ന ശീലങ്ങൾക്കനുസരിച്ച് കാർഡുകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിലൂടെ കടക്കെണിയിൽ വീഴാതെ തന്നെ റിവാർഡുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും.

ക്രെഡിറ്റ് കാർഡ് ഉപയോഗം 30 ശതമാനത്തിൽ താഴെയായി നിലനിർത്തേണ്ടത് എന്തുകൊണ്ട്?

നിശ്ചിത പരിധിക്കുള്ളിൽ ക്രെഡിറ്റ് യൂട്ടിലൈസേഷൻ നിലനിർത്തുന്നത്, ഒരാൾ വായ്പയെ അമിതമായി ആശ്രയിക്കുന്നില്ലെന്നും കാർഡ് കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്നുമാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഉയർന്ന ക്രെഡിറ്റ് യൂട്ടിലൈസേഷൻ വായ്പയെ കൂടുതൽ ആശ്രയിക്കുന്നതിന്റെയും അമിത ചെലവിന്റെയും സൂചനയാകാം. ഇത് കാർഡ് ഉടമയുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

ആരോഗ്യകരമായ ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ നിലനിർത്തുന്നത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും. ഭാവിയിൽ വ്യക്തിഗത വായ്പകൾ, കാർ ലോണുകൾ, ഹോം ലോണുകൾ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ ഇത് ഏറെ ഗുണകരമാകും. ഒരാൾക്ക് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ പോലും ഈ 30 ശതമാനം പരിധി ബാധകമാണ്. ഓരോ കാർഡിന്റെയും ലിമിറ്റ് വെവ്വേറെ ചെലവഴിക്കാനുള്ള തുകയായി കാണുന്നതിന് പകരം, മൊത്തത്തിലുള്ള ക്രെഡിറ്റ് ഉപയോഗമാണ് കാർഡ് ഉടമകൾ പരിഗണിക്കേണ്ടത്.

മുഴുവൻ ക്രെഡിറ്റ് ലിമിറ്റും ഉപയോഗിക്കുന്നത് ദോഷകരമാകുന്നത് എന്തുകൊണ്ട്?

അനിയന്ത്രിതമായി ചെലവഴിക്കാനുള്ള പണമായി ക്രെഡിറ്റ് കാർഡിന്റെ അനുവദിക്കപ്പെട്ട ലിമിറ്റിനെ കാണരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലഭ്യമായ ലിമിറ്റിന്‍റെ വലിയൊരു ഭാഗം ഉപയോഗിക്കുന്നത് വായ്പയെ അമിതമായി ആശ്രയിക്കുന്നതിന്റെ സൂചനയാകാം. അതേസമയം അടയ്ക്കാത്ത ബാലൻസുകൾ വായ്പാ ചെലവ് അതിവേഗം വർദ്ധിപ്പിക്കും. കൃത്യമായ പരിധിക്കുള്ളിൽ ഉപയോഗിക്കുമ്പോൾ ക്രെഡിറ്റ് കാർഡുകൾ പ്രയോജനപ്രദമായ ഒരു സാമ്പത്തിക ഉപാധിയാണ്. എന്നാൽ അമിതമായ ചെലവും കുടിശ്ശിക തുക മാറ്റിയിടുന്നതും ഇവയെ കടക്കെണിയാക്കി മാറ്റും.

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ വരുത്തുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്ന് മിനിമം തുക മാത്രം അടച്ച് ബാക്കി തുക അടുത്ത മാസത്തേക്ക് മാറ്റിവെക്കുന്നതാണ്. അടയ്ക്കാത്ത കുടിശ്ശികയ്ക്ക് പലിശ കുമിഞ്ഞുകൂടുന്നതിനാൽ ഇത് കടഭാരം വർദ്ധിപ്പിക്കും. കുടിശ്ശിക തുക അടുത്ത ബില്ലിങ് കാലയളവിലേക്ക് മാറ്റിവെക്കുമ്പോൾ ക്രെഡിറ്റ് കാർഡ് പലിശ വാർഷികം ഏകദേശം 45–48 ശതമാനം വരെ എത്തിയേക്കാമെന്ന് വിദഗ്ധർ പറയുന്നു. ബില്ലിന്റെ ഒരു ചെറിയ ഭാഗം അടച്ചാൽ പോലും, ബാക്കിയുള്ള തുകയ്ക്ക് വലിയ പലിശ നൽകേണ്ടി വന്നേക്കാം.

ക്രെഡിറ്റ് കാർഡുകൾ എങ്ങനെ ബുദ്ധിപൂർവ്വം ഉപയോഗിക്കാം?

ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം, ഉത്തരവാദിത്തത്തോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനുള്ള നിരവധി മാർഗങ്ങളുണ്ട്.

  • ചെലവ് ശീലങ്ങൾക്കനുസരിച്ച് കാർഡ് തിരഞ്ഞെടുക്കുക: കഴിഞ്ഞ മൂന്ന് മുതൽ ആറ് മാസം വരെയുള്ള ചെലവുകൾ അവലോകനം ചെയ്യുക. പലചരക്ക് സാധനങ്ങൾ, ഷോപ്പിംഗ്, യൂട്ടിലിറ്റി ബില്ലുകൾ, യാത്രകൾ എന്നിവയിൽ ഏതിനാണ് കൂടുതൽ ചെലവഴിക്കുന്നത് എന്ന് മനസ്സിലാക്കി അതിന് അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.
  • മുഴുവൻ ബില്ലും കൃത്യസമയത്ത് അടയ്ക്കുക: മിനിമം തുക മാത്രം അടച്ച് ബാക്കി തുക മാറ്റിവെക്കുന്നത് ഒഴിവാക്കുക; ഇത് വലിയ പലിശ ഈടാക്കുന്നതിന് കാരണമാകും.
  • കുറഞ്ഞ എണ്ണം ക്രെഡിറ്റ് കാർഡുകൾ സൂക്ഷിക്കുക: ഉത്തരവാദിത്തമുള്ള ഉപയോക്താക്കൾക്ക് മൂന്ന് മുതൽ നാല് കാർഡുകൾ വരെ മതിയാകും. തിരിച്ചടവ് മുടങ്ങുന്നതും കൈകാര്യം ചെയ്യുന്നതിലെ പിഴവുകളും ഒഴിവാക്കാൻ കാർഡുകളുടെ എണ്ണം പരിമിതമായി സൂക്ഷിക്കണം.
  • വാർഷിക ഫീസ് ഒഴിവാക്കാൻ ബാങ്കിനോട് ആവശ്യപ്പെടുക: കൃത്യമായ തിരിച്ചടവ് ചരിത്രമുള്ള കാർഡ് ഉടമകൾക്ക് ബാങ്കിനെ സമീപിച്ച് വാർഷിക ചാർജുകൾ ഒഴിവാക്കാനോ കുറയ്ക്കാനോ അഭ്യർഥിക്കാം.
  • കാലാവധി തീരുന്നതിന് മുമ്പ് റിവാർഡ് പോയിന്റുകൾ ഉപയോഗിക്കുക: ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ, ലോഞ്ച് ആക്സസ് എന്നിവയുടെ കാലാവധി പരിശോധിക്കുക.
  • പെട്ടെന്നുള്ള ആവേശത്തിൽ വാങ്ങലുകൾ ഒഴിവാക്കുക: ചെറിയ വിവേചനാധികാര ചെലവുകൾക്ക് 24–48 മണിക്കൂർ 'കൂളിംഗ്-ഓഫ്' കാലയളവും, വലിയ വാങ്ങലുകൾക്ക് കുറഞ്ഞത് 30 ദിവസത്തെ ഇടവേളയും എടുത്ത ശേഷമേ ചെലവഴിക്കാവൂ.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - credit card usage
Next Story