'സൗജന്യ കുടിവെള്ളം നൽകിയില്ല, വിലകൊടുത്ത് കുപ്പി വെള്ളം വാങ്ങാൻ നിർബന്ധിച്ചു'; റെസ്റ്റോറന്‍റിന് പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ
text_fieldsഫരീദാബാദ്: റസ്റ്റോറന്‍റിൽ ഉപഭോക്താവിന് സൗജന്യ കുടിവെള്ളം നിഷേധിക്കുകയും വിലകൊടുത്ത് കുപ്പി വെള്ളം വാങ്ങാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ നടപടിയെടുത്ത് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. 2025 ജൂൺ 18 ന് ഫരീദാബാദിലാണ് കേസിനാസ്പദമായ സംഭവം. ആകാശ് ശർമ്മ നൽകിയ പരാതിയിൽ ഗാർഡൻ ഗ്രിൽസ് 2.0 റെസ്റ്റോറന്‍റിന് കമീഷൻ 3000 രൂപ പിഴ നൽകാൻ വിധിച്ചു.
റസ്റ്റോറന്റിൽ കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ റസ്റ്റോറന്റ് ജീവനക്കാർ സൗജന്യമായി വെള്ളം നൽകാൻ വിസമ്മതിച്ചുവെന്നും ഉപഭോക്താക്കൾ കുപ്പിവെള്ളം വാങ്ങണമെന്ന് നിർബന്ധിച്ചുവെന്നും ആകാശ് ആരോപിച്ചു. നിലവിലുള്ള ഉപഭോക്തൃ, ഭക്ഷ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം റസ്റ്റോറന്റുകൾ സൗജന്യമായി കുടിവെള്ളം നൽകാൻ നിർബന്ധിതരാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും ജീവനക്കാരും മാനേജരും കൂട്ടാക്കിയില്ല. 40 രൂപ വിലയുള്ള രണ്ട് കുപ്പി വെള്ളം വാങ്ങാൻ നിർബന്ധിച്ച് വാങ്ങിപ്പിക്കുകയും ചെയ്തു.
ന്യായമല്ലാത്ത വ്യാപാര രീതികളും സേവനത്തിലെ പോരായ്മയും ചൂണ്ടിക്കാട്ടി ശർമ്മ ഫരീദാബാദിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചു. കമീഷൻ നോട്ടീസ് നൽകിയിട്ടും റസ്റ്റോറന്റ് ഉടമസ്ഥർ ഹാജരായില്ല. തുടർന്ന് ബില്ലും സത്യവാങ്മൂലവും ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച ശേഷം കമീഷൻ പരാതിക്കാരന് അനുകൂലമായി വിധിക്കുകയായിരുന്നു.
മാനസിക പീഡനത്തിന് 40 രൂപ തിരികെ നൽകാനും 3,000 രൂപ നഷ്ടപരിഹാരം നൽകാനും കമീഷൻ റസ്റ്റോറന്റിനോട് നിർദ്ദേശിച്ചു. ഇത് 30 ദിവസത്തിനുള്ളിൽ പാലിക്കണം.
ഇന്ത്യയിൽ റസ്റ്റോറന്റുകളും ഭക്ഷണശാലകളും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ച് ശുദ്ധവും സൗജന്യവുമായ കുടിവെള്ളം നൽകാൻ ധാർമ്മികമായും നിയമപരമായും ബാധ്യസ്ഥരാണ്. സൗജന്യ വെള്ളം നൽകുന്നതിൽ പരാജയപ്പെടുന്നത് സേവന പരാജയവും 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര രീതിയുമാണെന്ന് കോടതികളും ഉപഭോക്തൃ കമ്മീഷനുകളും വ്യക്തമാക്കിയിട്ടുണ്ട്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഭക്ഷ്യ വ്യാപാരികൾ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

