അന്ന് വാങ്ങിയത് 300 രൂപക്ക്, ഇന്ന് മൂല്യം 12 ലക്ഷം; കുപ്പത്തൊട്ടിയിൽ നിന്ന് കിട്ടിയത് ഓഹരി മാണിക്യം
text_fieldsന്യൂഡൽഹി: വീട് വൃത്തിയാക്കുമ്പോൾ വലിയൊരു നിധിയാണ് തന്നെ കാത്തിരിക്കുന്നതെന്ന് ഛണ്ഡിഗഢ് സ്വദേശി രത്തൻ ധില്യൺ ഒരിക്കലും വിചാരിച്ചിരിക്കില്ല. കാർ കമ്പക്കാരനായ രത്തൻ ധില്യണ് ഓഹരി വിപണിയെ കുറിച്ച് കാര്യമായ ധാരണയില്ല. എന്നാൽ, ഓഹരി വിപണിയാണ് ഇന്ന് ധില്യണിന്റെ ജീവിതം മാറ്റിമറിച്ചിരിക്കുന്നത്.
വീട് വൃത്തിയാക്കുന്നതിനിടെ 1988ലെ റിലയൻസിന്റെ ഓഹരി സർട്ടിഫിക്കറ്റുകൾ ധില്യണ് ലഭിക്കുകയായിരുന്നു. 10 രൂപ വിലയുള്ള 30 ഓഹരികളുടെ സർട്ടിഫിക്കറ്റാണ് ധില്യണ് ലഭിച്ചത്. ധീരുഭായ് അംബാനി ഒപ്പിട്ടുള്ള സർട്ടിഫിക്കറ്റാണ് അദ്ദേഹത്തിന് കിട്ടിയത്. മരിച്ച ഒരു കുടുംബാംഗത്തിന്റെ പേരിലായിരുന്നു ഓഹരി സർട്ടിഫിക്കറ്റ്.
സർട്ടിഫിക്കറ്റ് കണ്ടെത്തിയെങ്കിലും തനിക്ക് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് കാര്യമായ ധാരണയുണ്ടായിരുന്നില്ല. തുടർന്ന് ഓഹരി സർട്ടിഫിക്കറ്റുകൾ ലഭിച്ച വിവരം ചൂണ്ടിക്കാണിച്ച് ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയായിരുന്നു. അതിവേഗം തന്നെ പോസ്റ്റ് വൈറലായി.
ഇതോടെ ഷെയറിന്റെ മൂല്യം കണക്കാക്കി നെറ്റിസൺ രംഗത്തെത്തി. 30 ഷെയറുകളാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം മൂന്ന് സ്പ്ലിറ്റുകളും രണ്ട് ബോണസുകളും ഓഹരി ഉടമകൾക്ക് റിലയൻസ് നൽകിയിട്ടുണ്ട്. ഇതുപ്രകാരം 1988ൽ 30 ഓഹരികളാണ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അത് 960 എണ്ണമായി ഉയർന്നിട്ടുണ്ടാകും. നിലവിൽ ഈ 960 ഓഹരികളുടെ മൂല്യം 11.88 ലക്ഷമായിരിക്കുമെന്നും നെറ്റിസൺസ് കണ്ടെത്തുന്നു.
ധില്യണിന്റെ പോസ്റ്റ് വൈറലായതോടെ ഇൻവെസ്റ്റർ എജ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റി പ്രതികരണവുമായി രംഗത്തെത്തി. നിശ്ചിത കാലയളവ് കഴിഞ്ഞിട്ടും ഓഹരികൾ വിറ്റിട്ടില്ലെങ്കിൽ അത് ഇൻവെസ്റ്റർ എജ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ അതോറിറ്റിയിലേക്ക് കൈവരും. നിങ്ങളുടെ ഓഹരികൾ ആരും ഇതുവരെ ക്ലെയിം ചെയ്തിട്ടില്ലെന്നും അതോറിറ്റിയിലേക്ക് എത്തിയിട്ടുണ്ടെന്നും ഉറപ്പാക്കാൻ വെബ്സൈറ്റിലെ പ്രത്യേക തിരയൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഓഹരികൾ ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ കൈവശമുണ്ടെങ്കിൽ വെബ്സൈറ്റ് വഴി തന്നെ അത് ക്ലെയിം ചെയ്യാമെന്നും ഏജൻസി അറിയിച്ചിട്ടുണ്ട്.
അതേസമയം, വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെ മാത്രമേ ഓഹരികൾ ക്ലെയിം ചെയ്യാൻ സാധിക്കുവെന്നും അതിനാൽ താൻ ഇതിന് മുതിരില്ലെന്നുമാണ് ധില്യൺ ആദ്യം അറിയിച്ചത്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ ആളുകൾ കൂട്ടത്തോടെ ഓഹരി സർട്ടിഫിക്കറ്റുകൾ ക്ലെയിം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ താൻ ഇതിന് വേണ്ടി ശ്രമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.