വർഷത്തിൽ 13 റീചാർജ് ഇനി വേണ്ട! പുതിയ ട്രായ് നിർദ്ദേശം ഉപഭോക്താക്കൾക്ക് എങ്ങനെയെല്ലാം നേട്ടമാകും?
text_fieldsറീചാര്‍ജിങ് കാലാവധി 28 ദിവസത്തിനു പകരം ഇനി മുതൽ 30 ദിവസമാണ്. ഈ രണ്ടു ദിവസത്തെ വ്യത്യാസത്തിൽ ഇതുവരെ 12നു പകരം 13 മാസമാണ് ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യേണ്ടി വന്നിരുന്നത്. ടെലികോം മേഖലയിലെ പുതിയ നിയമങ്ങൾ ഈ കണക്കുകൂട്ടലുകളെ മാറ്റും. പുതിയ നിർദ്ദേശപ്രകാരം, ഡാറ്റ ബണ്ടിൽ ചെയ്ത പ്ലാനുകളുടെ കാലാവധിക്ക് തുല്യമായ, കോളിങ്ങും എസ്.എം.എസും മാത്രമുള്ള പ്രത്യേക താരിഫ് വൗച്ചറുകൾ കമ്പനികൾ നൽകേണ്ടതുണ്ട്. കൂടാതെ, ഡാറ്റ ഉൾപ്പെടുന്ന പ്ലാനുകളെ അപേക്ഷിച്ച് ഇത്തരം വോയ്‌സ്-എസ്.എം. എസ് പ്ലാനുകൾക്ക് ആനുപാതികമായി നിരക്ക് കുറയ്ക്കണമെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത് മൊബൈൽ ഫോണിനായി നിങ്ങൾ വർഷം തോറും ചെലവഴിക്കുന്ന തുക കുറയ്ക്കുമോ?
28 ദിവസത്തെ റീചാർജ് പ്രശ്നം 28 ദിവസത്തെ കാലാവധിയുള്ള 300 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്ന ഒരു ഉപഭോക്താവിനെ ഉദാഹരണമായി എടുക്കാം. ഓരോ 28 ദിവസത്തിലും 300 റീചാർജ് ചെയ്യേണ്ടി വന്നാൽ വാർഷിക കണക്ക് ഇങ്ങനെയായിരിക്കും: റീചാർജ് സൈക്കിൾ
ഒരു വർഷത്തിൽ വേണ്ട റീചാർജുകൾ,വാർഷിക ചെലവ്
28 ദിവസത്തെ പ്ലാൻ: 13 മാസം: 3,900
30 ദിവസത്തെ പ്ലാൻ: 12 മാസം 3,600
വ്യത്യാസം:1 റീചാർജ്: 300 ലാഭം
30 ദിവസത്തെ പ്ലാനിനും 300 രൂപ തന്നെയാണ് വിലയെങ്കിൽ, വർഷത്തിൽ 300 രൂപ അല്ലെങ്കിൽ ഏകദേശം 7.7 ശതമാനം തുക ലാഭിക്കാൻ സാധിക്കും.മറ്റ് നിരക്കുകളിലും ഇതേ കണക്ക് ബാധകമാണ്. 250 രൂപയുടെ റീചാർജ് 13 തവണ ചെയ്യുമ്പോൾ വർഷത്തിൽ 3,250 ചെലവാകും. എന്നാൽ ഇതേ 250 രൂപയ്ക്ക് 30 ദിവസത്തെ പ്ലാൻ ലഭിച്ചാൽ 12 റീചാർജുകൾക്ക് 3,000 മാത്രമേ ചെലവാകൂ. ഇവിടെ വാർഷിക ലാഭം 250 രൂപയാണ്
400 രൂപയുടെ പ്ലാനിൽ ഈ ലാഭം 400 ആയി ഉയരുന്നു. കണക്കുകൾ വ്യക്തമാണെങ്കിലും, പ്ലാനുകളുടെ വിലയാണ് ഇവിടെ നിർണായകം.നിലവിലുള്ള 28 ദിവസത്തെ പ്ലാനുകളെല്ലാം അതേ തുകയ്ക്ക് 30 ദിവസത്തെ പ്ലാനുകളായി മാറും എന്ന് പുതിയ നിയമം അർഥമാക്കുന്നില്ല. കമ്പനികൾ പുതിയ പ്ലാനുകൾ പുറത്തിറക്കുമ്പോൾ മാത്രമേ യഥാർഥ നിരക്കുകൾ എത്രയാണെന്ന് ഉപഭോക്താക്കൾക്ക് മനസ്സിലാക്കാൻ സാധിക്കൂ.
മൊബൈൽ ഡാറ്റ വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരുടെ കാര്യമോ?
പല ഉപഭോക്താക്കൾക്കും എല്ലാ മാസവും വൻതോതിൽ മൊബൈൽ ഡാറ്റയുടെ ആവശ്യമില്ല. വീടുകളിലോ ഓഫിസുകളിലോ കോളജുകളിലോ വൈഫൈ സൗകര്യം ലഭ്യമായതിനാൽ അവർ മൊബൈൽ ഡാറ്റ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ.എങ്കിലും ഉപഭോക്താക്കൾ ഉപയോഗിക്കാത്ത ഡാറ്റക്ക് കൂടിയാണ് നിലവിലെ ബണ്ടിൽഡ് പ്ലാനുകളിൽ പണം നൽകുന്നത്. പുതിയ നിയമങ്ങൾ അനുസരിച്ച് ഡാറ്റ ഉൾപ്പെടുന്ന പ്ലാനുകളുടെ കാലാവധിക്ക് സമാനമായി കോളിങ്ങും എസ്.എം.എസും മാത്രമുള്ള പ്ലാനുകളും ടെലികോം ഓപ്പറേറ്റർമാർ നൽകേണ്ടതുണ്ട്. ഇത്തരം പ്ലാനുകൾക്ക് ആനുപാതികമായി നിരക്ക് കുറയ്ക്കണമെന്നും ട്രായ് നിർദ്ദേശിക്കുന്നു. ജിയോ, എയർടെൽ, വി (Vi) തുടങ്ങിയ കമ്പനികൾ പ്രഖ്യാപിക്കുന്ന നിരക്കുകളെ ആശ്രയിച്ചായിരിക്കും യഥാർഥ ലാഭം എത്രയാണെന്ന് തീരുമാനിക്കപ്പെടുക. പ്രധാനമായും രണ്ട് രീതിയിൽ ലാഭം ലഭിക്കാം.
റീചാർജുകളുടെ എണ്ണം കുറയുന്നു: നിരക്കുകളിൽ വലിയ മാറ്റമില്ലെങ്കിൽ, 28 ദിവസത്തെ കാലാവധിയിൽ നിന്ന് 30 ദിവസത്തിലേക്ക് മാറുന്നതിലൂടെ വർഷത്തിലെ റീചാർജുകളുടെ എണ്ണം 13ൽ നിന്ന് 12 ആയി കുറയ്ക്കാം.
ആവശ്യമില്ലാത്ത ഡാറ്റയ്ക്ക് പണം നൽകേണ്ടതില്ല: മൊബൈൽ ഡാറ്റ അധികം ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് ഡാറ്റ ഉൾപ്പെടുന്ന പ്ലാനുകൾക്ക് പകരം കുറഞ്ഞ നിരക്കിലുള്ള വോയ്‌സ്-എസ്എംഎസ് പ്ലാനുകളിലേക്ക് മാറാം.
കമ്പനികൾ പുതിയ പ്ലാനുകളും അവയുടെ നിരക്കുകളും പുറത്തുവിട്ടാൽ മാത്രമേ രണ്ടാമത്തെ ലാഭം എത്രയാണെന്ന് കൃത്യമായി കണക്കാക്കാൻ സാധിക്കൂ. എന്നാൽ പുതിയ നിയമങ്ങൾ വന്നതുകൊണ്ട് മാത്രം ഉപഭോക്താക്കൾ ഉടൻ തന്നെ പ്ലാനുകൾ മാറ്റേണ്ടതില്ല.വൈഫൈയ്ക്ക് പുറത്തും നിങ്ങൾ സ്ഥിരമായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളാണെങ്കിൽ, വോയ്‌സ്-എസ്എംഎസ് പ്ലാനുകൾ നിങ്ങൾക്ക് അനുയോജ്യമായേക്കില്ല. കൂടാതെ, കേവലം റീചാർജ് തുക മാത്രം നോക്കാതെ മൊത്തത്തിലുള്ള വാർഷിക ചെലവ് താരതമ്യം ചെയ്യുന്നതായിരിക്കും ഉചിതം.ഉദാഹരണത്തിന്, 30 ദിവസത്തെ കാലാവധിയുള്ള 250 രൂപയുടെ പ്ലാൻ നിങ്ങൾക്ക് ഉപയോഗപ്രദമായ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിൽ, 30 ദിവസത്തെ 200 രൂപയുടെ പ്ലാനിനേക്കാൾ ലാഭകരം അതായിരിക്കാം. ഉപഭോക്താക്കൾക്ക് കൂടുതൽ പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഇതിലെ പ്രധാന മാറ്റം. ഉപയോഗിക്കാത്ത ഡാറ്റക്ക് പണം നൽകിയിരുന്നവർക്കും, 28 ദിവസത്തെ സൈക്കിൾ കാരണം വർഷത്തിൽ ഒരു അധിക റീചാർജ് ചെയ്യേണ്ടി വന്നിരുന്നവർക്കും ഈ പുതിയ മാറ്റങ്ങൾ സാമ്പത്തിക ലാഭം നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

