Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightസുരക്ഷാ മാനദണ്ഡം...

സുരക്ഷാ മാനദണ്ഡം പാലിക്കാത്ത കെട്ടിടത്തിന് തീപിടിച്ചാൽ ഇരകൾക്ക് ഇൻഷുറൻസ് കിട്ടില്ലേ? പോളിസി നിരസിക്കുന്നത് എപ്പോഴൊക്കെ?

text_fields
bookmark_border
സുരക്ഷാ മാനദണ്ഡം പാലിക്കാത്ത കെട്ടിടത്തിന് തീപിടിച്ചാൽ ഇരകൾക്ക് ഇൻഷുറൻസ് കിട്ടില്ലേ?  പോളിസി നിരസിക്കുന്നത് എപ്പോഴൊക്കെ?
cancel

തീപിടിത്ത ദുരന്തങ്ങളിൽ ആദ്യത്തെ ഞെട്ടൽ മാറുമ്പോൾ പ്രിയപ്പെട്ടവരുടെ വേർപാടിനെത്തുടർന്ന് പല കുടുംബങ്ങളും അഭിമുഖീകരിക്കുന്നത് കടുത്ത സാമ്പത്തിക അനിശ്ചിതത്വമാണ്. ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിന്ന് തുക ലഭിക്കുമോ? കെട്ടിടം പിന്നീട് തീപിടിത്ത സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ ക്ലെയിം നിരസിക്കപ്പെടുമോ? അപകടമരണത്തിന് പ്രത്യേക ഇൻഷുറൻസ് റൈഡർ ആവശ്യമാണോ? അങ്ങനെ അങ്ങനെ...

തീപിടിത്തം മൂലമുള്ള മരണങ്ങൾക്ക് ശേഷം ലൈഫ് ഇൻഷുറൻസ് ക്ലെയിമുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കാര്യമായ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, അനാവശ്യമായ ആശങ്കകൾക്ക് കാരണമാകുന്ന ചില തെറ്റായ ധാരണകൾ ഇവിടെ തിരുത്തുകയാണെന്നും ഇൻഷുറൻസ് വിദഗ്ധർ പറയുന്നു. കുടുംബങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:

തീപിടിത്തം മൂലമുള്ള മരണം സാധാരണയായി ടേം ഇൻഷുറൻസിൽ ഉൾപ്പെടുന്നു. അപകടമരണങ്ങളെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റായ ധാരണകളിലൊന്ന്, തീപിടിത്തത്തിലാണ് മരണം സംഭവിക്കുന്നതെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നൽകാൻ വിസമ്മതിച്ചേക്കാം എന്നാണ്. എന്നാൽ ഇൻഷുറൻസ് വിദiഗ്ദരുടെ അഭിപ്രായത്തിൽ ഇത് ശരിയല്ല.

'ഇൻഷുറൻസ് സമാധാൻ' കോ-ഫൗണ്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ശില്പ അറോറ പറയുന്നത്, ഒരു സാധാരണ ടേം ലൈഫ് ഇൻഷുറൻസ് പോളിസി, പോളിസി നിബന്ധനകൾക്ക് വിധേയമായി, പോളിസി ഉടമ എങ്ങനെ മരിച്ചാലും സാമ്പത്തിക പരിരക്ഷ നൽകാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നാണ്. "ടേം ഇൻഷുറൻസ് എന്നത് എല്ലാ സാഹചര്യങ്ങളിലും ക്ലെയിം നൽകേണ്ട ഒരു സാർവത്രിക കരാറാണ്. പോളിസി വാങ്ങുമ്പോൾ വരുമാനത്തെയോ വിദ്യാഭ്യാസത്തെയോ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇൻഷുറൻസ് കമ്പനി കണ്ടെത്തിയാൽ മാത്രമേ സെക്ഷൻ 45 പ്രകാരം ക്ലെയിമുകൾ നിരസിക്കാൻ സാധിക്കൂ," അവർ പറയുന്നു.

സെബി രജിസ്റ്റേർഡ് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറും 'സഹജ്മണി'യുടെ സ്ഥാപകനുമായ അഭിഷേക് കുമാറും ഇതേ അഭിപ്രായം പങ്കുവെക്കുന്നു. "പോളിസി നിലവിലുണ്ടാവുകയും പോളിസി എടുക്കുന്ന സമയത്ത് എല്ലാ പ്രധാന വിവരങ്ങളും സത്യസന്ധമായി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, തീപിടിത്ത ദുരന്തങ്ങൾ ഉൾപ്പെടെയുള്ള അപകടമരണങ്ങൾക്ക് സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസികൾ മുഴുവൻ തുകയും നൽകും," അദ്ദേഹം പറയുന്നു.

ക്ലെയിം തുക ലഭിക്കുന്നതിന് കുടുംബങ്ങൾ ഒരു അക്സിഡന്റൽ ഡെത്ത് ബെനിഫിറ്റ് റൈഡർ പ്രത്യേകം വാങ്ങേണ്ടതുണ്ട് എന്നത് മറ്റൊരു വലിയ മിഥ്യാധാരണയാണെന്ന് കുമാർ കൂട്ടിച്ചേർക്കുന്നു. "അപകടങ്ങൾ മൂലമുണ്ടാകുന്ന മരണം ബേസ് പോളിസിയിൽ (പ്രധാന പോളിസി) തന്നെ ഉൾപ്പെടുന്നുണ്ട്. എന്നാൽ അക്സിഡന്റൽ ഡെത്ത് ബെനിഫിറ്റ് റൈഡർ ഉണ്ടെങ്കിൽ മാത്രമേ തുക ലഭിക്കൂ എന്നാണ് പലരും തെറ്റായി കരുതുന്നത്," അദ്ദേഹം പറയുന്നു.

തീപിടിത്ത സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം ക്ലെയിം നിരസിക്കാൻ കാരണമാകുമോ?

ഒരു ഹോട്ടലോ വാണിജ്യ സ്ഥാപനമോ അല്ലെങ്കിൽ മറ്റ് കെട്ടിടങ്ങളോ നിർബന്ധിത തീപിടിത്ത സുരക്ഷാ അനുമതികൾ ഇല്ലാത്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ലൈഫ് ഇൻഷുറൻസ് ക്ലെയിം നിഷേധിക്കപ്പെടുമോ എന്ന് സമീപകാല തീപിടിത്ത സംഭവങ്ങൾക്ക് ശേഷം പലരും ചോദിക്കുന്നുണ്ട്.

അറോറയുടെ അഭിപ്രായത്തിൽ ഈ ആശങ്കകൾക്ക് അടിസ്ഥാനമില്ല. "ഇത്തരം നിബന്ധനകൾ ജനറൽ ഇൻഷുറൻസ് കരാറുകളിലാണ് ഉള്ളത്, ലൈഫ് ഇൻഷുറൻസ് കരാറുകളിലല്ല. ഡെത്ത് സർട്ടിഫിക്കറ്റ് ലഭിച്ചാൽ സാധാരണയായി ക്ലെയിം തുക നൽകും. ആളുകൾ അവരുടെ ടേം ഇൻഷുറൻസ് കരാറിലെ നിബന്ധനകൾ വായിച്ചുനോക്കണം. ഗവൺമെന്റോ സുപ്രീം കോടതിയോ വ്യക്തമാക്കുന്ന 'ഫോഴ്സ് മജ്യൂർ' - അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ പോലുള്ളവ) ഒഴികെയുള്ള മറ്റ് ഒഴിവാക്കലുകൾ സാധാരണയായി ഇതിലുണ്ടാകാറില്ല," അവർ പറയുന്നു. ചുരുക്കത്തിൽ, ഒരു കെട്ടിട ഉടമയുടെ വീഴ്ചയോ ആവശ്യമായ സുരക്ഷാ അനുമതികളുടെ കുറവോ കാരണം നോമിനിക്ക് ലഭിക്കേണ്ട ലൈഫ് ഇൻഷുറൻസ് തുക നഷ്ടമാകില്ല.

എപ്പോഴാണ് ലൈഫ് ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടുക?

ചില സാഹചര്യങ്ങളിൽ ക്ലെയിമുകളിൽ തർക്കമുണ്ടാകും. എന്നാൽ ഇത് തീപിടിത്തവുമായി ബന്ധപ്പെട്ടല്ല, മറിച്ച് പോളിസി ഉടമ നൽകിയ വിവരങ്ങളുമായോ പോളിസിയിലെ പ്രത്യേക ഒഴിവാക്കലുകളുമായോ ബന്ധപ്പെട്ടായിരിക്കും.

പോളിസി വാങ്ങുമ്പോൾ പ്രധാനപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചതായി ഇൻഷുറൻസ് കമ്പനികൾക്ക് ബോധ്യപ്പെടുമ്പോഴാണ് ലൈഫ് ഇൻഷുറൻസ് ക്ലെയിമുകൾ സാധാരണയായി തള്ളപ്പെടുന്നത് എന്ന് അറോറ പറയുന്നു. ഇൻഷുറൻസിലെ പൊതുവായ ഒഴിവാക്കലുകൾ ഇതിനും ബാധകമാണെന്ന് കുമാർ വ്യക്തമാക്കുന്നു. "നിയമവിരുദ്ധമായ എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുമ്പോഴോ അല്ലെങ്കിൽ ലഹരിപദാർഥങ്ങളുടെ സ്വാധീനത്തിലോ ആണ് ദുരന്തം സംഭവിച്ചതെങ്കിൽ ക്ലെയിം നിരസിക്കപ്പെടാം. ഇത് എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും പൊതുവായ നിബന്ധനയാണ്," അദ്ദേഹം പറയുന്നു.

മറ്റൊരു പ്രധാന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഒരാൾ മനപ്പൂർവം അവഗണിച്ച സാഹചര്യങ്ങളിൽ മാത്രമേ ഇൻഷുറൻസ് കമ്പനിക്ക് ശ്രദ്ധക്കുറവ് ചൂണ്ടിക്കാണിക്കാൻ സാധിക്കൂ. എന്നാൽ ഒരു അപകടത്തിൽ പെടുന്ന സാധാരണക്കാരായ ഇരകൾക്ക്, കെട്ടിടം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണെന്ന് പിന്നീട് കണ്ടെത്തിയാൽ പോലും അവരുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നഷ്ടമാകില്ല.

ലൈഫ് ഇൻഷുറൻസും ജനറൽ ഇൻഷുറൻസും തമ്മിൽ മാറിപ്പോകരുത്

ആളുകൾ ലൈഫ് ഇൻഷുറൻസും ജനറൽ ഇൻഷുറൻസ് പോളിസികളും തമ്മിൽ മാറി ചിന്തിക്കുന്നതിനാലാണ് പല ആശയക്കുഴപ്പങ്ങളും ഉണ്ടാകുന്നതെന്ന് വിദഗ്ദർ പറയുന്നു. "ലൈഫ് ഇൻഷുറൻസും ജനറൽ ഇൻഷുറൻസ് കരാറുകളും തമ്മിൽ ആളുകൾ ആശയക്കുഴപ്പത്തിലാകുന്നതിനാലാണ് പല തെറ്റായ ധാരണകളും ഉണ്ടാകുന്നത്. ജനറൽ ഇൻഷുറൻസിൽ പോലും വ്യക്തിയുടെ ഉദ്ദേശശുദ്ധിയാണ് നോക്കുന്നത്. ഒരു കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ആരും അവിടുത്തെ ഫയർ അപ്രൂവൽ ചോദിക്കാറില്ല. എന്നാൽ ഒരാൾ നീന്തൽ അറിയാതെ സ്വിമ്മിംഗ് പൂളിലേക്ക് ചാടുകയോ ലൈസൻസില്ലാതെ വണ്ടി ഓടിക്കുകയോ ചെയ്താൽ, പോളിസി അനുസരിച്ച് ക്ലെയിമുകൾ നിഷേധിക്കപ്പെട്ടേക്കാം," അറോറ വിശദീകരിക്കുന്നു.

പ്രധാന വ്യത്യാസം എന്തെന്നാൽ, ലൈഫ് ഇൻഷുറൻസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോളിസി വാങ്ങുമ്പോൾ വ്യക്തി നൽകിയ വിവരങ്ങളിലും പോളിസി നിബന്ധനകളിലുമാണ്. എന്നാൽ ജനറൽ ഇൻഷുറൻസ് കരാറുകളിൽ വ്യത്യസ്തമായ ഒഴിവാക്കലുകളും വ്യവസ്ഥകളും ഉണ്ടായേക്കാം.

ടേം ഇൻഷുറൻസിനെ മാത്രം ആശ്രയിക്കരുത്

കുടുംബത്തിൽ വരുമാനമുള്ള വ്യക്തിയുടെ മരണശേഷം ടേം ഇൻഷുറൻസ് പോളിസി സാമ്പത്തിക സഹായം നൽകുമെങ്കിലും, ഇത് മാത്രം പോരാ പരിരക്ഷയെന്ന് വിദഗ്ദർ പറയുന്നു. കുടുംബങ്ങൾ ഒരു പേഴ്‌സണൽ ആക്‌സിഡന്റ് പോളിസിയോ അല്ലെങ്കിൽ ആക്‌സിഡന്റൽ ഡിസബിലിറ്റി റൈഡറോ കൂടി പരിഗണിക്കാൻ കുമാർ നിർദ്ദേശിക്കുന്നു.

"ഒരു അപകടം കാരണം സ്ഥിരമായോ താൽക്കാലികമായോ വൈകല്യം സംഭവിച്ചാൽ ഒറ്റത്തവണയായോ അല്ലെങ്കിൽ കൃത്യമായ ഇടവേളകളിലോ വരുമാനം ഉറപ്പാക്കാൻ പേഴ്‌സണൽ ആക്‌സിഡന്റ് പോളിസിയോ ആക്‌സിഡന്റൽ ഡിസബിലിറ്റി റൈഡറോ അത്യാവശ്യമാണ്. അതുപോലെ തന്നെ, ആശുപത്രി ചെലവുകളും തീവ്രപരിചരണ ചെലവുകളും നമ്മുടെ സമ്പാദ്യത്തെ ബാധിക്കാതിരിക്കാൻ ഉയർന്ന തുകയുള്ള ഒരു ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പോളിസിയും പ്രധാനമാണ്," അദ്ദേഹം പറയുന്നു.

ഓരോ ക്ലെയിമും പോളിസിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് പരിശോധിക്കുന്നത് എങ്കിലും, കെട്ടിടം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണെന്ന് പിന്നീട് കണ്ടെത്തിയത് കൊണ്ട് മാത്രം ക്ലെയിം നിരസിക്കപ്പെടുമെന്ന് കുടുംബങ്ങൾ കരുതേണ്ടതില്ലെന്ന് വിദഗ്ദർ പറയുന്നു.

നിങ്ങളുടെ പോളിസി എന്തൊക്കെ കാര്യങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് മനസിലാക്കുക, ഇൻഷുറൻസ് വാങ്ങുമ്പോൾ പൂർണവും സത്യസന്ധവുമായ വിവരങ്ങൾ നൽകുക, നോമിനിയുടെ വിവരങ്ങൾ കൃത്യമായി പുതുക്കുക, പോളിസി രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക എന്നിവയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insurance policyFire Deathpersonal financelife insurance
News Summary - Can I get insurance if the building does not meet safety standards for fire deaths?
Next Story