വില ലക്ഷം കടക്കും; കൈയിലെ സ്വർണം പരിശുദ്ധമാണോയെന്ന് എളുപ്പം നോക്കാം
text_fieldsമുംബൈ: വേർപിരിയാത്ത ഒന്നുണ്ടെങ്കിൽ അത് സ്വർണവുമായി മലയാളിക്കുള്ള ബന്ധമാണ്. വിവാഹമായാലും ആഘോഷമായാലും സ്വർണാഭരണങ്ങൾ നമ്മൾ വാങ്ങിയിരിക്കും. വിലയൊന്നും അതിനു തടസ്സമാകാറില്ല. കുറച്ചു കാലത്തിനിടെ സ്വർണത്തിന്റെ ഡിമാൻഡ് കുതിച്ചുയർന്നപ്പോൾ കൂണുപോലെ ജ്വല്ലറികളും മുളച്ചുപൊന്തിയിട്ടുണ്ട്. ഇനി ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപയോളം നൽകണം. മാത്രമല്ല, 24 കാരറ്റിന് പുറമെ, ഒമ്പത് കാരറ്റ് സ്വർണാഭരണങ്ങൾ വരെ വിപണിയിൽ ലഭ്യമാണ്.
ജ്വല്ലറികളെ കണ്ണടച്ച് വിശ്വസിച്ചാണ് ലക്ഷങ്ങൾ നൽകി നമ്മൾ സ്വർണാഭരണങ്ങൾ വാങ്ങുന്നത്. സ്വർണത്തിന്റെ ഗുണമേന്മയും പരിശുദ്ധിയും ഉറപ്പു വരുത്തിയില്ലെങ്കിൽ ഭാവിയിൽ കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. ജ്വല്ലറിക്കാർ അവകാശപ്പെടുന്നത് പോലെ പരിശുദ്ധമായ സ്വർണമാണോ ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ ചില വഴികളുണ്ട്.
മുദ്ര ശ്രദ്ധിക്കണം
സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനം ആഭരണങ്ങളുടെയും പരിശുദ്ധി വ്യക്തമാക്കുന്ന ഔദ്യോഗിക മുദ്രയാണ് ബി.ഐ.എസ് ഹാൾമാർക്ക്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡർഡ്സ് ആണ് ഈ മുദ്ര പതിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഉപഭോകൃത മന്ത്രാലയമാണ് 1987ൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡർഡ്സ് സ്ഥാപിച്ചത്.
നിങ്ങൾ വാങ്ങുന്ന ആഭരണങ്ങളിലെ ലോഹത്തിന്റെ പരിശുദ്ധിയും ഗുണമേന്മയും നിലവാരവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ബി.ഐ.എസ് ഹാൾമാർക്ക് പതിച്ച സ്വർണത്തിൽ നാല് വിവരങ്ങളാണുണ്ടാവുക. ബി.ഐ.എസ് ലോഗോ, കാരറ്റും പരിശുദ്ധിയും, മുദ്ര പതിച്ച ലാബിന്റെ ഐ.ഡി, ജ്വല്ലറിയുടെ കോഡ് എന്നിവ പരിശോധിക്കാം.
കാരറ്റ് നോക്കണം
സ്വർണ വില സർവകാല റെക്കോഡിൽ എത്തിയതോടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ജ്വല്ലറികൾ കുറഞ്ഞ കാരറ്റിലുള്ള തൂക്കം കുറഞ്ഞ ആഭരണങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 24 കാരറ്റ് സ്വർണാഭരണമാണ് ഏറ്റവും പരിശുദ്ധിയുള്ളത്. കേരളത്തിൽ വിൽക്കുന്ന ആഭരണങ്ങളിൽ മിക്കതും 22 കാരറ്റ് സ്വർണം അടങ്ങിയതാണ്. 91.6 ശതമാനം പരിശുദ്ധിയാണ് ഇതിലുള്ളത്. കുറഞ്ഞ തുക ചെലവഴിച്ച് സ്വർണാഭരണം വാങ്ങുന്നവർക്ക് 20, 18, 14 കാരറ്റിലും ഒമ്പത് കാരറ്റിലും ലഭ്യമാണ്. ഒമ്പത് കാരറ്റ് സ്വർണത്തിൽ 37.5 ശതമാനം പരിശുദ്ധിയുണ്ടാകും. എല്ലാ കാരറ്റ് സ്വർണത്തിനും കേന്ദ്ര സർക്കാറിന്റെ അംഗീകാരമുണ്ട്. എങ്കിലും വാങ്ങുന്ന ആഭരണത്തിലെ കാരറ്റ് എത്രയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ബി.ഐ.എസ് കെയർ ആപ്
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് വികസിപ്പിച്ചതാണ് ബി.ഐ.എസ് കെയർ മൊബൈൽ ആപ്. സ്വന്തം മൊബൈലിലെ ആപ് ഉപയോഗിച്ച് സ്വർണത്തിന്റെയും ആഭരണങ്ങളുടെയും പരിശുദ്ധിയും ഗുണമേന്മയും ഉറപ്പുവരുത്താൻ ഉപഭോക്താക്കൾക്ക് കഴിയും. ബി.ഐ.എസ് ഹാൾമാർക്ക് അല്ലെങ്കിൽ ഐ.എസ്.ഐ മുദ്രയുണ്ടെങ്കിൽ മാത്രം ആഭരണം പരിശുദ്ധമാണെന്ന് ഉറപ്പില്ല.
ഹാൾമാർക്ക് യുനീക് ഐഡന്റിഫിക്കേഷൻ കോഡ് ആപ് ഉപയോഗിച്ച് സ്കാൻ ചെയ്താൽ ഓരോ സ്വർണാഭരണത്തെ കുറിച്ചുമുള്ള പൂർണ വിവരം ലഭിക്കും. ആഭരണങ്ങളിലെ സ്വർണത്തിന് നിലവാരം കുറവാണെങ്കിൽ പരാതിപ്പെടാനും ആപ്പിൽ സൗകര്യമുണ്ട്. ലൈസൻസ് നമ്പർ നൽകിയാൽ ആഭരണ നിർമാതാവിന്റെ വിവരങ്ങളും മനസ്സിലാക്കാൻ കഴിയും. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ലഭ്യമായ ആപ് ഡൗൺലോഡ് ചെയ്ത് റജിസ്റ്റർ ചെയ്താൽ എളുപ്പം ഉപയോഗിക്കാം.
ആസിഡും കാന്തവും സഹായിക്കും
നൈട്രിക് ആസിഡ് ഉപയോഗിച്ച് സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പു വരുത്താൻ കഴിയും. പ്രത്യേക തരം കല്ലുപയോഗിച്ച് സ്വർണം ഉരച്ചുനോക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന് കല്ലിലെ ഉരച്ച ഭാഗത്ത് നൈട്രിക് ആസിഡ് തുള്ളി കലർത്തും. നുരയോ പതയോ വരികയാണെങ്കിലും പച്ച നിറമാകുകയാണെങ്കിലും സ്വർണം വ്യാജമാണെന്നാണ് അർഥം.
അതുപോലെ കാന്തം ഉപയോഗിച്ചുള്ള പരിശോധ വളരെ എളുപ്പമാണ്. കാന്തരഹിതമായ ലോഹമാണ് സ്വർണം. അതായത് ശുദ്ധമായ സ്വർണ്ണം കാന്തത്തിലേക്ക് ആകർഷിക്കപ്പെടില്ല.
കാന്തിക ശക്തി കൂടുതലുള്ള നിയോഡിമിയം കാന്തം സ്വർണ നാണയത്തിന്റെ അടുത്തുവെച്ചുനോക്കുക. ഒരു പ്രതികരണവുമില്ലെങ്കിൽ ശുദ്ധമായ സ്വർണമായിരിക്കും. നേരിയ ചലനം അല്ലെങ്കിൽ കാന്തം വളരെ പതുക്കെ ആകർഷിക്കുകയാണെങ്കിൽ സ്വർണ നാണയത്തിൽ ഇരുമ്പ് അടക്കമുള്ള ലോഹങ്ങൾ അടങ്ങിയിട്ടുണ്ടാകുമെന്നാണ് സൂചന.
ബില്ല് മറക്കല്ലേ
സ്വർണത്തിന്റെ പരിശുദ്ധി മനസ്സിലാക്കാൻ ഷോപ്പിങ് ബിൽ സഹായിക്കും. ഒപ്പം സ്വർണാഭരണം വാങ്ങുമ്പോൾ ഉപഭോക്താവിനുമേൽ ചുമത്തിയ പല ചാർജുകളും കണ്ടെത്താം. ഓരോ ആഭരണത്തിന്റെയും ആകർഷണീയമായ രൂപകൽപനക്ക് അനുസൃതമായി എട്ട് മുതൽ 20 ശതമാനം വരെ പണിക്കൂലിയാണ് ജ്വല്ലറികൾ ചുമത്തുന്നത്. ആഭരണ നികുതിയുടെ വിവരങ്ങളും ബില്ലിലുണ്ടാകും. സ്വർണം ആഭരണം മാത്രമല്ല, ഒരു നിക്ഷേപംകൂടിയാണെന്ന് ഓർക്കണം. ജീവിതത്തിൽ ഒരു സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ അതിവേഗം ഉപകാരപ്പെടുന്ന ആസ്തിയാണ് സ്വർണം. വിൽക്കുകയോ പണയം വെക്കുകയോ മാറ്റിവാങ്ങുകയോ ചെയ്താൽ എത്ര രൂപ ലഭിക്കുമെന്ന് മനസ്സിലാക്കാൻ ബില്ല് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

