പാൻ കാർഡ് നഷ്ടപ്പെട്ടോ? പരിഹാരമുണ്ട്
text_fieldsപല സാമ്പത്തിക ഇടപാടുകൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പ്രധാന രേഖയാണ് പെർമനന്‍റ് അക്കൗണ്ട് നമ്പർ (PAN). ഇവ എപ്പോഴും കൈയിൽ കരുതുന്നത് കൊണ്ട് തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. പാൻ കാർഡ് മോഷണം പോകുകയോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, പാൻ കാർഡിന്‍റെ റീപ്രിന്‍റിനായി നിങ്ങൾക്ക് എളുപ്പത്തിൽ അപേക്ഷിക്കാം. ഒരു ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് എങ്ങനെ സ്വന്തമാക്കാം എന്ന് മനസിലാക്കാൻ താഴെ പറയുന്ന വിവരങ്ങൾ പരിശോധിക്കുക.
എന്താണ് ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ്?
യഥാർഥ പാൻ കാർഡിന്‍റെ വീണ്ടും അച്ചടിച്ച ഒരു പതിപ്പാണ് ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ്. ഒരു വ്യക്തിക്ക് അവരുടെ യഥാർഥ പാൻ കാർഡ് നഷ്ടപ്പെടുകയോ മാറിപ്പോകുകയോ ചെയ്യുമ്പോൾ, അവർക്ക് ഡ്യൂപ്ലിക്കേറ്റ് പതിപ്പിനായി അപേക്ഷിക്കാം. നഷ്ടപ്പെട്ട പാൻ കാർഡിന് പകരമുള്ള ഒന്നിന് മാത്രമേ ഒരാൾക്ക് അപേക്ഷിക്കാൻ കഴിയൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരാൾ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്.
നഷ്ടപ്പെട്ട പാൻ കാർഡിനായി എങ്ങനെ അപേക്ഷിക്കാം?
പാൻ കാർഡ് നഷ്ടപ്പെട്ടാൽ ഒരു വ്യക്തിക്ക് ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായോ ഓഫ്‌ലൈനായോ ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് ലഭിക്കുന്നതിന് താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക:
ഓൺലൈൻ വഴി: പുതിയ പാൻ അനുവദിക്കുന്നതിനോ പാൻ കാർഡ് റീപ്രിന്‍റ് ചെയ്യുന്നതിനോ ഉള്ള ഓൺലൈൻ അപേക്ഷ പ്രോട്ടീൻ (Protean - മുൻപ് NSDL) വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ UTITSL പോർട്ടൽ വഴിയോ നൽകാം.
ഓഫ്‌ലൈൻ വഴി: ഓഫ്‌ലൈനായുള്ള ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് അപേക്ഷാ നടപടികളും വളരെ ലളിതമാണ്. ഇതിനായി എൻ.എസ്.എസ്.ഡി.എല്ലിന്‍റെ (NSDL) ഏതെങ്കിലും സർവിസ് സെന്‍റർ സന്ദർശിച്ച് നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിനായി ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?
ഘട്ടം 1: ടിൻ-എൻ.എസ്.ഡി.എൽ (TIN-NSDL) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: താഴേക്ക് സ്ക്രോൾ ചെയ്ത് ‘Reprint of PAN card’ എന്ന സെക്ഷനിലേക്ക് പോവുക. ‘Apply’ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ ഓൺലൈൻ പാൻ ആപ്ലിക്കേഷൻ പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.
ഘട്ടം 3: ‘Changes or Corrections in Existing PAN Data/Reprint of PAN Card’ എന്നത് തെരഞ്ഞെടുക്കുക.
ഘട്ടം 4: ഫോം സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
ഘട്ടം 5: ഒരു ടോക്കൺ നമ്പർ ജനറേറ്റ് ചെയ്യപ്പെടുകയും അത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് അയക്കുകയും ചെയ്യും.
ഘട്ടം 6: ‘Personal Details’ പേജിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് പാൻ അപേക്ഷ സമർപ്പിക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇ-കെവൈസി (e-KYC), ഇ-സിഗ്നേച്ചർ (e-signature) എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷാ ഫോം ഡിജിറ്റലായി സമർപ്പിക്കാം.
ഘട്ടം 7: ഫിസിക്കൽ പാൻ കാർഡും (പ്ലാസ്റ്റിക് കാർഡ്) ഇ-പാൻ കാർഡും (e-PAN) ഉണ്ട്. ഇതിൽ ആവശ്യമുള്ളത് തെരഞ്ഞെടുക്കുക. ഇ-പാൻ കാർഡാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ സാധുവായ ഒരു ഇമെയിൽ ഐഡി നൽകേണ്ടതുണ്ട്.
ഘട്ടം 8: ഡോക്യുമെന്‍റ് ഡീറ്റെയിൽസ് പേജിൽ കോൺടാക്റ്റ് വിവരങ്ങൾ പൂരിപ്പിച്ച ശേഷം അപേക്ഷകൻ തങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് അപേക്ഷ സമർപ്പിക്കണം.
ഘട്ടം 9: ഇപ്പോൾ അപേക്ഷകൻ പേയ്‌മെന്‍റ് പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. പേയ്‌മെന്‍റ് പൂർത്തിയാക്കിയ ശേഷം ഒരു അക്നോളഡ്ജ്മെന്‍റ് റെസീപ്റ്റ് (acknowledgement receipt) ജനറേറ്റ് ചെയ്യപ്പെടും.
ഘട്ടം 10: ഇനി അപേക്ഷകൻ ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് ലഭിക്കുന്നതിനായി കാത്തിരിക്കണം, ഇതിന് സാധാരണയായി 15 മുതൽ 20 പ്രവൃത്തി ദിനങ്ങൾ വരെ എടുത്തേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

