നിക്ഷേപകർക്ക് വൻ നേട്ടം; ഒമാന്‍റെ വ്യാപാര മേഖലയിൽ കുതിപ്പ്
text_fieldsമസ്കത്ത്: ഒമാനിലെ ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനും നിക്ഷേപങ്ങൾ ആകർഷിക്കാനുമായി സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നു. 2026-ന്റെ ആദ്യ പകുതിയിൽ സുൽത്താനേറ്റിലെ വാണിജ്യ-വ്യാപാര മേഖലകളിൽ വൻ വളർച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ദേശീയ സ്ഥിതിവിവരക്കണക്ക് വിവര കേന്ദ്രം (എൻ.സി.എസ്.ഐ) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, മൊത്ത-ചില്ലറ വ്യാപാര മേഖലയിലെ ജി.ഡി.പി മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചു ശതമാനം വർധിച്ച് 173.5 കോടി ഒമാനി റിയാലിലെത്തി. വാണിജ്യ മേഖലയിലെ വിദേശ നിക്ഷേപത്തിൽ 9.7 ശതമാനത്തിന്റെ വർധനവുണ്ടായി. ഇത് നിലവിൽ 30.53 കോടി ഒമാനി റിയാലാണ്.
വിവിധ സാമ്പത്തിക സൂചകങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ച കൈവരിച്ചത് റീ എക്സ്പോർട്ട് മേഖലയാണ്. ഈ കാലയളവിൽ റീ-എക്സ്പോർട്ട് 13.6 ശതമാനം വർധിച്ച് 114 കോടി ഒമാനി റിയാലിലെത്തി. ഒമാന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും വികസിത തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെടുന്ന മികച്ച ലോജിസ്റ്റിക്സ് ശൃംഖലയും അന്താരാഷ്ട്ര വ്യാപാരത്തിൽ ഒമാന്റെ സ്വാധീനം വർധിപ്പിക്കുന്നതിന് കാരണമായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
‘ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം’ വഴിയുള്ള ഡിജിറ്റലൈസേഷനിലൂടെയും കയറ്റിറക്കുമതി നടപടിക്രമങ്ങൾ ലളിതമാക്കിയതിലൂടെയും നിക്ഷേപകർക്ക് മികച്ച സൗകര്യങ്ങളാണ് മന്ത്രാലയം ഒരുക്കുന്നതെന്ന് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രേഡ് ഡയറക്ടർ ജനറൽ നസ്ര ബിൻത് സുൽത്താൻ അൽ ഹബ്സി പറഞ്ഞു. റീ-എക്സ്പോർട്ട് മേഖലയിലെ വളർച്ച ഒമാന്റെ ലോജിസ്റ്റിക്സ് ശേഷി പൂർണമായി പ്രയോജനപ്പെടുത്തുന്നതിന്റെ തെളിവാണ്. രാജ്യാന്തര വിപണികളുമായി ഒമാനെ കൂടുതൽ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ട്. സാമ്പത്തിക-വ്യവസായ ഫ്രീ സോണുകളും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തി വിദേശ നിക്ഷേപങ്ങൾ ഇനിയും വർധിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്വകാര്യ മേഖലക്കുള്ള പിന്തുണ ശക്തമാക്കുമെന്നും നസ്ര ബിൻത് സുൽത്താൻ അൽ ഹബ്സി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

