എൽ.ഐ.സി പ്രീമിയം അടക്കാന്‍ പൈസയില്ലേ?; ഇ.പി.എഫ്.ഒ നിങ്ങളെ സഹായിക്കും
text_fieldsഎൽ.ഐ.സി പോളിസിയുടെ പ്രീമിയം സമയത്ത് അടക്കാൻ കഴിയാതെ വിഷമിക്കുന്നവർക്ക് ആശ്വാസമായി ഇ.പി.എഫ്.ഒ. യോഗ്യതയുള്ള അംഗങ്ങൾക്ക് അവരുടെ ഇ.പി.എഫ് അക്കൗണ്ടിൽ നിന്ന് നേരിട്ട് എൽ.ഐ.സി പ്രീമിയം അടക്കാൻ സാധിക്കും. ഇതിലൂടെ താൽക്കാലിക സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇൻഷുറൻസ് പോളിസികൾ നിലച്ചുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
ഇ.പി.എഫ് പദ്ധതിയുടെ ഖണ്ഡിക 68(ഡി.ഡി) പ്രകാരമാണ് ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്. പുതിയ എൽ.ഐ.സി പോളിസി എടുക്കുമ്പോഴും, തുടർന്ന് വരുന്ന വാർഷിക പ്രീമിയം അടക്കുന്നതിനും അംഗങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാം. സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയങ്ങളിൽ പോളിസി ഉടമകൾക്ക് ഇത് ഒരു സുരക്ഷാ കവചം പോലെയാണ്.
ആര്‍ക്കെല്ലാം ഈ സൗകര്യം ലഭ്യമാകും?
- ഇ.പി.എഫ്.ഒയിൽ രജിസ്റ്റർ ചെയ്ത സജീവ അംഗമായിരിക്കണം
- ഇ.പി.എഫ് അക്കൗണ്ടിൽ കുറഞ്ഞത് രണ്ട് മാസത്തെ ശമ്പളത്തിന് തുല്യമായ ബാലൻസ് ഉണ്ടായിരിക്കണം
- എൽ.ഐ.സി പോളിസി സ്വന്തം പേരിലായിരിക്കണം (ഭാര്യയുടെയോ മക്കളുടെയോ പേരിലുള്ള പോളിസികൾക്ക് ബാധകമല്ല)
- പോളിസി എൽ.ഐ.സി നൽകിയതായിരിക്കണം, സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പോളിസികൾക്ക് ഈ സൗകര്യം ലഭ്യമല്ല
എത്ര തുക പിൻവലിക്കാം?
പ്രീമിയം അടക്കാൻ ആവശ്യമായ തുക മാത്രമേ പി.എഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയൂ. ഈ തുക പി.എഫ് ബാലൻസിൽ നിന്ന് നേരിട്ട് കുറയുന്നതിനാൽ, അത് വിരമിക്കൽ സമ്പാദ്യത്തെ ബാധിക്കും. ഒരു സാമ്പത്തിക വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാൻ അനുമതി. അടക്കേണ്ട പ്രീമിയത്തിനേക്കാൾ കൂടുതൽ തുക പിൻവലിക്കാൻ സാധിക്കില്ല.
പി.എഫ് അക്കൗണ്ടിലൂടെ എൽ.ഐ.സി പ്രീമിയം അടക്കുന്ന വിധം
- ഫോം-14 സമർപ്പിച്ച് അപേക്ഷ നൽകുക
- ഇ.പി.എഫ്.ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ യു.എ.എന്നും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- കെ.വൈ.സി വിഭാഗത്തിൽ എൽ.ഐ.സി പോളിസി സെലക്ട് ചെയ്ത് പോളിസി നമ്പർ ഉൾപ്പെടെയുള്ള ആവശ്യമായ വിവരങ്ങൾ നൽകുക
- പോളിസി വിജയകരമായി ലിങ്ക് ചെയ്താൽ, നിശ്ചിത തീയതിയിൽ പ്രീമിയം തുക സ്വയം പി.എഫ് അക്കൗണ്ടിൽ നിന്ന് കുറക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പി.എഫ് പ്രധാനമായും വിരമിക്കൽ നിക്ഷേപത്തിനായതിനാൽ, ആവർത്തിച്ചുള്ള പിൻവലിക്കൽ ഒഴിവാക്കണം
- ഈ സൗകര്യം എൽ.ഐ.സി പോളിസികൾക്ക് മാത്രമാണ് ബാധകം
- വാർഷിക പ്രീമിയം പേയ്‌മെന്റിനായി മാത്രമേ അനുവദിക്കൂ, മാസത്തിലെയോ അർധവാർഷികമായോ ഉള്ള പ്രീമിയങ്ങൾക്ക് ഇത് ലഭ്യമല്ല
- രേഖകളിലോ വിവരങ്ങളിലോ പിഴവുണ്ടെങ്കിൽ അപേക്ഷ നിരസിക്കപ്പെടാം
- ആധാർ, പാൻ, ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള കെ.വൈ.സി വിശദാംശങ്ങൾ അപ്‌ഡേറ്റായിരിക്കണം
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയങ്ങളിൽ എൽ.ഐ.സി പ്രീമിയം പി.എഫ് അക്കൗണ്ടിൽ നിന്ന് അടക്കാനുള്ള ഈ അവസരം ഏറെ സഹായകരമാണ്.
എന്നാൽ, ഇത് സ്ഥിരം ശീലമാക്കാതെ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം. അങ്ങനെ ചെയ്താൽ ഇൻഷുറൻസ് സംരക്ഷണവും വിരമിക്കൽ സുരക്ഷയും ഒരുപോലെ നിലനിർത്താൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

