ലക്ഷം കോടി രൂപയുടെ നിക്ഷേപം മരവിപ്പിക്കല്‍ ഭീഷണിയില്‍

00:57 AM
25/07/2016
മുംബൈ: നികുതി വിവര കൈമാറ്റ നിയമമായ ഫാറ്റ്കയുമായി (ഫോറിന്‍ അക്കൗണ്ട് ടാക്സ് കംപ്ളിയന്‍സ് ആക്ട്) ബന്ധപ്പെട്ട് ലക്ഷം കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് മരവിപ്പിക്കല്‍ ഭീഷണി. യു.എസ് പൗരന്മാരുടെ നികുതി വെട്ടിപ്പു തടയുന്നതിനായി യു.എസ് ഇന്ത്യയുമായി ഒപ്പിട്ട കരാര്‍ അനുസരിച്ച് നിക്ഷേപകര്‍ നികുതി അടക്കുന്നുണ്ടോ എന്നതും ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും രാജ്യത്ത് നികുതി വിധേയരാണോ എന്നതുമുള്‍പ്പെടെ വിവരങ്ങള്‍ നിക്ഷേപകരെപ്പറ്റി ഫണ്ട് ഹൗസുകള്‍ ശേഖരിക്കേണ്ടതുണ്ട്. 
വിവരങ്ങള്‍ ലഭ്യമല്ലാത്ത കേസുകള്‍ നികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണം. ഇതനുസരിച്ച് വിവരങ്ങള്‍ നല്‍കാനുള്ള സമയപരിധി ആഗസ്റ്റ് 31നാണ് അവസാനിക്കുന്നത്. വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഫണ്ട് ഹൗസുകളുടെ അസോസിയേഷന്‍ (എ.എം.എഫ്.ഐ) നടപടി സ്വീകരിക്കുകയും വിവരം ലഭ്യമല്ലാത്ത അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നതിന് പകരം മരവിപ്പിക്കുകയും മാത്രമേ ചെയ്യാവൂ എന്ന് സെബിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏകജാലക സംവിധാനത്തിലൂടെയും ഒറ്റത്തവണ പാസ്വേര്‍ഡ്് ഉപയോഗിച്ചും കെ.വൈ.സി വിവരങ്ങള്‍ ശേഖരിക്കാനുള്ള സൗകര്യം ഒരുക്കാനാണ് അസോസിയേഷന്‍െറ നീക്കം. നിലവില്‍ 1.1 ലക്ഷം കോടിയുടെ നിക്ഷേപകരുടെ വിവരങ്ങളാണ് നിയമ പ്രകാരം ലഭ്യമല്ലാത്തത്. ഓഹരിയധിഷ്ഠിത ഫണ്ടുകളിലുള്ള നിക്ഷേപമാണ് ഇതില്‍ ഭൂരിപക്ഷവും. നിലവില്‍ രാജ്യത്തെ ഫണ്ട് ഹൗസുകള്‍ക്ക് നാല് രജിസ്ട്രാര്‍മാരാണുള്ളത്. നിക്ഷേപം വ്യത്യസ്ത രജിസ്ട്രാര്‍മാരുടെ കീഴിലുള്ള ഫണ്ടുകളിലാണെങ്കില്‍ ഒരോന്നിനും വെവ്വേറെ വിവരങ്ങള്‍ നിക്ഷേപകര്‍ സമര്‍പ്പിക്കേണ്ടിവന്നേക്കും. പല ദീര്‍ഘകാല നിക്ഷേപകരുടെയും ഫോണ്‍ നമ്പര്‍ മാറിയിട്ടുള്ളതിനാല്‍ അവരെ വിവരം അറിയിക്കുന്നതും ശ്രമകരമാണെന്ന് കമ്പനികള്‍ പറയുന്നു. മരവിപ്പിക്കപ്പെട്ടാല്‍ നിക്ഷേപം നടത്താനോ പിന്‍വലിക്കാനോ ലാഭവിഹിതം സ്വീകരിക്കാനോ നിക്ഷേപകര്‍ക്കാവില്ല.
 
Loading...
COMMENTS