Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക്: സെപ്റ്റംബറിൽ വൻ വർധന

text_fields
bookmark_border
റഷ്യൻ എണ്ണ വാങ്ങൽ കുറഞ്ഞു
ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക്: സെപ്റ്റംബറിൽ വൻ വർധന
cancel

ന്യൂഡൽഹി: സെപ്റ്റംബറിൽ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തി. അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ കുറവുണ്ടായതായി കപ്പൽ ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നു.

സെപ്റ്റംബറിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം ഏകദേശം 28 ലക്ഷം ബാരലായി ഉയർന്നു. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ ഗൾഫ് രാജ്യങ്ങളുടെ വിഹിതം ഏകദേശം 54 ശതമാനമായി ഉയർന്നു.

യു.എസ്-ഇസ്രയേൽ, ഇറാൻ സംഘർഷങ്ങളും യുദ്ധങ്ങളും തുടർന്നുണ്ടായ ഹുർമുസ് കടലിടുക്കിലൂടെയുള്ള വിതരണ തടസ്സങ്ങളും കാരണം നേരത്തെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ ലഭ്യത കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ റഷ്യൻ ക്രൂഡിന്റെ ഇറക്കുമതി വർധിപ്പിച്ചിരുന്നു. എന്നാൽ സെപ്റ്റംബറിൽ മിഡിൽ ഈസ്റ്റ് ഉൽപാദകരും വ്യാപാരികളും ഹുർമുസ് കടലിടുക്കിലൂടെയുള്ള കയറ്റുമതി വർധിപ്പിച്ചതോടെ വിതരണ സാഹചര്യം മെച്ചപ്പെട്ടു.

ഇതോടെ ഇന്ത്യയിലെ റിഫൈനറികൾ മിഡിൽ ഈസ്റ്റിൽ നിന്നുള്ള സ്പോട്ട് കാർഗോകൾ കൂടുതലായി വാങ്ങി. മറുവശത്ത്, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഓഗസ്റ്റിനെ അപേക്ഷിച്ച് 14 ശതമാനം കുറഞ്ഞ് പ്രതിദിനം ഏകദേശം 18 ലക്ഷം ബാരലായി. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിലെ റഷ്യയുടെ വിഹിതവും സെപ്റ്റംബറിൽ 46.6 ശതമാനത്തിൽ നിന്ന് 33.5 ശതമാനമായി കുറഞ്ഞു. ചൈനയിൽ നിന്നുള്ള ശക്തമായ വാങ്ങലും മിഡിൽ ഈസ്റ്റ് എണ്ണയുടെ ലഭ്യത വർധിച്ചതുമാണ് റഷ്യൻ എണ്ണയുടെ വാങ്ങലിൽ കുറവുണ്ടാകാൻ പ്രധാന കാരണങ്ങളിലൊന്ന്.

റഷ്യൻ എണ്ണ ഇറക്കുമതി തുടർന്നും കുറയാൻ സാധ്യത

അടുത്ത മാസങ്ങളിലും ഇന്ത്യൻ റിഫൈനറികൾ റഷ്യൻ ക്രൂഡ് വാങ്ങുന്നത് പരിമിതമായേക്കുമെന്നാണ് വ്യവസായ രംഗത്തുള്ളവരുടെ വിലയിരുത്തൽ. റഷ്യൻ എണ്ണയുടെ ഇന്ത്യയിലെത്തുന്ന വില ഇപ്പോൾ ചില മിഡിൽ ഈസ്റ്റ് ഗ്രേഡുകളുടേത്, പ്രത്യേകിച്ച് ഇറാഖി എണ്ണയുടേത്, ഏകദേശം തുല്യമായിരിക്കുകയാണ്.

സമീപകാലത്ത് റഷ്യൻ എണ്ണക്ക് ബ്രെന്റിനേക്കാൾ ഉണ്ടായിരുന്ന പ്രീമിയം ബാരലിന് 10 ഡോളറിൽ കൂടുതലിൽ നിന്ന് 1–2 ഡോളറായി കുറഞ്ഞിട്ടുണ്ട്. അതേസമയം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം വർധിച്ചതോടെ ഇന്ത്യൻ റിഫൈനറികൾക്ക് കൂടുതൽ വിലക്കുറവിൽ എണ്ണ ലഭ്യമാകുന്ന സാഹചര്യമുണ്ടായി.

കൂടാതെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ എത്തിക്കുന്നതിനുള്ള യാത്രാസമയം കുറവാണ്. ഉയർന്ന ചരക്ക് ചെലവുകൾ നികത്താൻ ചില ഉൽപാദകർ വിൽപ്പന വില കുറച്ചതും ഇന്ത്യൻ റിഫൈനറികൾക്ക് അനുകൂലമായി. “ആരാണ് മികച്ച വില വാഗ്ദാനം ചെയ്യുന്നത്, അവരിൽ നിന്നാണ് ഞങ്ങൾ വാങ്ങുക”, ഒരു ഇന്ത്യൻ റിഫൈനിങ് രംഗത്തെ വൃത്തത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബറിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിമാസ അടിസ്ഥാനത്തിൽ 20 ശതമാനം ഉയർന്ന് പ്രതിദിനം ഏകദേശം 53.3 ലക്ഷം ബാരലായി. റഷ്യ തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരൻ. യു.എ.ഇയും ഇറാഖുമാണ് തൊട്ടുപിന്നിലുള്ളത്. ഇറാഖിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിലും വലിയ വർധനയുണ്ടായി. ഓഗസ്റ്റിലെ പ്രതിദിനം ഏകദേശം 1.71 ലക്ഷം ബാരലിൽ നിന്ന് സെപ്റ്റംബറിൽ 8.3 ലക്ഷം ബാരലായി ഇറാഖി എണ്ണയുടെ ഇറക്കുമതി ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India's Middle East oil imports back to pre-war levels: Sharp rise in September
Next Story