സ്വര്‍ണം ഇനി എങ്ങോട്ട് ? ഇറാൻ യു.എസ് യുദ്ധവിരാമ കരാര്‍ സ്വർണവിലയെ എങ്ങനെ സ്വാധീനിക്കും?
text_fieldsസ്വര്‍ണം മാത്രമാണ് പണം ബാക്കിയെല്ലാം കടമാണ്. മഞ്ഞലോഹത്തിന്റെ മൂല്യം തിരിച്ചറിഞ്ഞതിനാലാണ് ജെ.പി മോര്‍ഗന്‍ ഇങ്ങനെ പറഞ്ഞത്. ഇന്ന് ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് സ്വര്‍ണം.
യുദ്ധവും പ്രകൃതിക്ഷോഭങ്ങളും മഹാമാരിയുമൊന്നും സ്വര്‍ണത്തിന്റെ മൂല്യമിടിക്കുന്നില്ല. പക്ഷേ കൃത്യസമയത്ത് നിക്ഷേപം നടത്താനുള്ള കൗശലം സ്വര്‍ണനിക്ഷേപത്തിലും പിന്തുടരണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ സ്വര്‍ണനിക്ഷേപത്തില്‍ നിന്നുള്ള ആദായം കുറഞ്ഞേക്കാം.
ഇറാന്‍ യുദ്ധം തുടങ്ങിയതോടെ വീണ്ടും സ്വര്‍ണം ചര്‍ച്ചകളിലേക്ക് വന്നുകഴിഞ്ഞു. ഒരു വര്‍ഷം കൊണ്ട് ഇരട്ടിയോളമാണ് സ്വര്‍ണവിലയിലുണ്ടായ വര്‍ധന. പക്ഷേ യുദ്ധത്തിന്റെ അനിശ്ചിതത്വത്തിനിടയിലും അപ്രതീക്ഷിതമായ ചില ചലനങ്ങള്‍ സ്വര്‍ണവിലയിലുണ്ടായി. എന്താണ് ഇതിനുള്ള കാരണം. പരിശോധിക്കാം.
സ്വര്‍ണം ഇനി എങ്ങോട്ട് ?
ഇറാൻ യു.എസ് യുദ്ധവിരാമ കരാര്‍ സ്വര്‍ണത്തിന്റെ ഭാവി നിര്‍ണയിക്കും. യുദ്ധവിരാമം കുറിച്ച് കൊണ്ട് കരാറുണ്ടാവുകയും ഹുര്‍മുസ് തുറക്കുകയും ചെയ്താല്‍ എണ്ണയുടെ വില വലിയ രീതിയില്‍ കുറയും. ജൂലൈ ആദ്യവാരത്തില്‍ ഹുര്‍മുസ് പൂര്‍ണമായും തുറക്കുകയാണെങ്കില്‍ എണ്ണവില സെപ്റ്റംബറോടെ 70 ഡോളറിലെത്തുമെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു.
എണ്ണവില കുറഞ്ഞാല്‍ ഇന്ന് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പണംപ്പെരുപ്പവും കുറയും. പണപ്പെരുപ്പം കുറഞ്ഞാല്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടക്കമുള്ളവര്‍ പലിശനിരക്ക് കുറക്കും. പലിശനിരക്ക് കുറയുന്നതോടെ ബോണ്ട് നിക്ഷേപം ആകര്‍ഷകമല്ലാതായി മാറും. സ്വര്‍ണമായിരിക്കും അപ്പോള്‍ ഏറ്റവും ആകര്‍ഷകമായ നിക്ഷേപം. ഇങ്ങനെയൊരു സാഹചര്യമുണ്ടാവുകയാണെങ്കില്‍ സ്വര്‍ണവില മുകളിലേക്ക് കുതിക്കാന്‍ തന്നെയാണ് സാധ്യത.
എന്നാല്‍, കരാറിലെത്താനാവാതെ യുദ്ധം നീളുകയാണെങ്കില്‍ എണ്ണവില കുതിക്കും. പണപ്പെരുപ്പവും വര്‍ധിക്കും. ഇനിയും പണപ്പെരുപ്പം ഉയര്‍ന്നാല്‍ പലിശനിരക്ക് കൂട്ടാതെ ഫെഡറൽ റിസർവിന് പിടിച്ചുനില്‍ക്കാനാവില്ല. ഫെഡറല്‍ റിസര്‍വും മറ്റ് കേന്ദ്രബാങ്കുകളും പലിശനിരക്ക് ഉയര്‍ത്തിയാല്‍ അത് സ്വര്‍ണവിലയിടിവിന് കാരണമാവും. ഇതിനൊപ്പം ഡോളര്‍-രൂപ വിനിമയ നിരക്കും സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തും.
കരുതലോടെ മ്യൂച്വൽ ഫണ്ടുകൾ
സ്വര്‍ണവിപണിയിലെ അനിശ്ചിതത്വം കാരണം പല ഗോള്‍ഡ് ഇ.ടി.എഫ് ഫണ്ടുകള്‍ തല്‍ക്കാലത്തേക്ക് നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു. സ്വര്‍ണത്തിന്റെ ഉയര്‍ന്നവിലയും ചാഞ്ചാട്ടങ്ങളുമാണ് പ്രമുഖ മ്യൂച്ചല്‍ഫണ്ട് കമ്പനികളെ നിക്ഷേപം സ്വീകരിപ്പിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. വന്‍കിട മ്യൂച്ചല്‍ഫണ്ട് കമ്പനികള്‍ വരെ സ്വര്‍ണനിക്ഷേപത്തില്‍ കരുതലെടുക്കുന്നുവെങ്കില്‍ റീട്ടെയില്‍ നിക്ഷേപകരും കൃത്യമായ പഠനത്തോടെ വേണം സ്വര്‍ണത്തില്‍ പണമിറിക്കാന്‍. ഇതിനൊപ്പം മറ്റൊരു കാര്യം കൂടി അറിഞ്ഞിരിക്കണം. ഫിസിക്കല്‍ ഗോള്‍ഡിലെ നിക്ഷേപത്തേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ ആദായകരം ഡിജിറ്റല്‍ ഗോള്‍ഡിലെ നിക്ഷേപമാണ്. എത്ര ചുരുങ്ങിയ തുകക്കും ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്താമെന്നത് ഗുണമാണ്. ആഭരണങ്ങളായി വാങ്ങുമ്പോള്‍ പണിക്കൂലിക്കുള്‍പ്പടെ വലിയൊരു തുക മാറ്റിവെക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

