ഏഷ്യയിൽ ഏറ്റവും തകർന്ന കറൻസി രൂപ; ഇനിയും ഇടിയുമെന്ന് മുന്നറിയിപ്പ്
text_fieldsമുംബൈ: ഏഷ്യയിൽ ഏറ്റവും കൂടുതൽ മൂല്യം ഇടിഞ്ഞ കറൻസിയായി രൂപ. ഡോളറുമായുള്ള വിനിമയത്തിൽ ഈ വർഷം രൂപയുടെ മൂല്യത്തിൽ 4.3 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. യു.എസുമായി വ്യാപാര കരാർ യാഥാർഥ്യമായില്ലെങ്കിൽ ഇനിയും ഇടിയുമെന്നും വിദേശ കറൻസി വിനിമയ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഒരു ഡോളറിന് 89.22 എന്ന നിലയിലാണ് രൂപ വ്യാപാരം ചെയ്യപ്പെട്ടത്.
ചൈനയുടെ യുവാൻ, ഇന്തോനേഷ്യയുടെ റുപിയ തുടങ്ങിയ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യത്തകർച്ച വളരെ ശക്തമാണെന്ന് എ.വി.പി ചോയിസ് വെൽതിന്റെ അക്ഷത് ഗാർഗ് പറഞ്ഞു. അതേസമയം, ആഭ്യന്തര നയങ്ങളെ തുടർന്ന് ഇടിവ് നേരിടുന്ന ജപ്പാന്റെ യെൻ, കൊറിയയുടെ വോൺ തുടങ്ങിയ കറൻസികൾ രൂപയെക്കാൾ ദുർബലാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര നയങ്ങളെക്കാൾ ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യത്തെ ആശ്രയിച്ചാണ് രൂപയുടെ മുന്നേറ്റ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യയിലെ കയറ്റുമതി ശക്തരായ രാജ്യങ്ങളുടെ കറൻസി മൂല്യം ഉയർന്നപ്പോൾ രൂപയുടെ മൂല്യം ഇടിയുകയാണുണ്ടായത്. ഈ വർഷം ജനുവരി മുതൽ ഇതുവരെ നാല് ശതമാനത്തിലേറെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്തോനേഷ്യയുടെ റുപിയ 2.9 ശതമാനവും ഫിലിപ്പിൻ പെസൊ 1.3 ശതമാനവും ഇടിവ് നേരിട്ടു. എന്നാൽ, കയറ്റുമതി വരുമാനം കുറഞ്ഞതു കൊണ്ടല്ല, ഓഹരി വിപണിയിലടക്കം വിദേശ നിക്ഷേപകരുടെ കൂട്ടവിൽപന കാരണമാണ് രൂപ മാസങ്ങളായി കടുത്ത വിൽപന സമ്മർദം നേരിടുന്നതെന്ന് ആക്സിസ് ബാങ്കിന്റെ ബിസിനസ് & ഇക്കണോമിക് റിസർച്ച് സീനിയർ വൈസ് പ്രസിഡന്റ് തനയ് ദലാൽ പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം താരിഫ് ഇന്ത്യയുടെ കയറ്റുമതിയെ ഗുരുതരമായി ബാധിച്ചതാണ് രൂപയുടെ മൂല്യം കുത്തനെ തകരാനുള്ള ഒരു കാരണമെന്ന് ജിയോജിത് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു. ഒക്ടോബറിൽ റെക്കോഡ് വ്യാപാര കമ്മിയാണ് രേഖപ്പെടുത്തിയത്. അതായത് 3.72 ലക്ഷം കോടി രൂപയുടെ കുറവ്. സ്വർണ വിലയിലുണ്ടായ കുതിച്ചു ചാട്ടമാണ് മറ്റൊരു കാരണം. ഗോൾഡ് ഇ.ടി.എഫുകളിലടക്കം നിക്ഷേപം വർധിച്ചതോടെ സ്വർണത്തിന്റെ ഡിമാൻഡിൽ 200 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇതോടെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഒക്ടോബറിൽ 1.31 ലക്ഷം കോടി രൂപയായി ഉയർന്നതായും അദ്ദേഹം പറഞ്ഞു.
ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ കൂട്ടവിൽപനയും രൂപയുടെ മൂല്യത്തകർച്ചക്ക് ആക്കംകൂട്ടിയിട്ടുണ്ട്. ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാർ വൈകുന്നത് കറൻസി നിക്ഷേപകരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തി. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 90 ലേക്ക് ഇടിയാൻ സാധ്യതയുണ്ട്. എന്നാൽ, അടുത്ത വർഷത്തെ ആദ്യ പാദത്തിൽ നഷ്ടം അൽപം നികത്തി 88.50 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം തിരിച്ചുകയറും. ഇന്ത്യക്കെതിരായി താരിഫ് കുറക്കുകയും കരാർ യാഥാർഥ്യമാവുകയും ചെയ്താൽ രൂപ തിരിച്ചുകയറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, താരിഫ് പ്രഖ്യാപനത്തെ തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയും യു.എസിൽ എ.ഐ ഓഹരികളിലുണ്ടായ കുതിപ്പും കാരണം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്ന് അക്യൂട്ട് റേറ്റിംഗ്സ് ആൻഡ് റിസർച്ച് എം.ഡിയും സി.ഇ.ഒയുമായ ശങ്കർ ചക്രവർത്തി ചൂണ്ടിക്കാട്ടി. 2026 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 5.7 ബില്ല്യൻ ഡോളറായിരുന്ന വിദേശ നിക്ഷേപം, രണ്ടാം പാദത്തിൽ 1.9 ബില്ല്യൻ ഡോളറായി കുറഞ്ഞു. ഈ വർഷം ഇതുവരെ 0.3 ബില്ല്യൻ ഡോളർ വിദേശ നിക്ഷേപമാണ് ലഭിച്ചത്. അതുകൊണ്ട്, വ്യാപാര കരാർ വൈകുന്നത് വരും ദിവസങ്ങളിൽ രൂപയുടെ വിൽപന സമ്മർദം കൂടുതൽ ശക്തമാക്കും. ഒരു ഡോളർ വാങ്ങാൻ 90 രൂപ നൽകണം എന്ന നിലയിലെത്തും.
എന്നാൽ, ഈ വർഷം അവസാനത്തോടെ വ്യാപാര കരാർ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ഇന്ത്യക്കെതിരായ 25 ശതമാനം നികുതി മറ്റു ഏഷ്യ രാജ്യങ്ങളെ പോലെ 15 മുതൽ 20 ശതമാനം വരെയായി യു.എസ് കുറക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ, രൂപയുടെ മൂല്യം 88 ലേക്ക് തിരിച്ചുകയറാൻ സാധ്യതയുണ്ടെന്നും ചക്രവർത്തി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

