സർവകാല റെക്കോഡ് തകർക്കാൻ സെൻസെക്സ്; കുതിപ്പ് നിർണയിക്കുക നാല് കാര്യങ്ങൾ
text_fieldsമുംബൈ: ഈ ആഴ്ച സർവകാല റെക്കോഡ് തകർക്കാനുള്ള ഒരുക്കത്തിലാണ് ഓഹരി വിപണി. കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് രേഖപ്പെടുത്തിയ ചരിത്ര മുന്നേറ്റമാണ് സുപ്രധാന ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും തിരുത്തിക്കുറിക്കാൻ പോകുന്നത്. 421 ദിവസമായി ഓഹരി വിപണി തുടരുന്ന ചാഞ്ചാട്ടത്തിന് വിരാമമിട്ട് തിങ്കളാഴ്ച പുതിയ റാലിക്ക് തുടക്കമിടുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. സെൻസെക്സ് 747 പോയന്റും നിഫ്റ്റി 209 പോയന്റും നേടിയാൽ പുതിയ റെക്കോഡ് കുറിക്കും. പക്ഷെ, ആഗോള വിപണിയിലെ നാല് സുപ്രധാന നീക്കങ്ങളായിരിക്കും ഈ ആഴ്ച നിഫ്റ്റിയുടെയും സെൻസെക്സിന്റെയും ഗതി നിർണയിക്കുക.
യു.എസ് ഓഹരി വിപണി
യു.എസ് ഓഹരി വിപണിയിലെ കുതിപ്പും കിതപ്പും ആഭ്യന്തര വിപണിയെ കാര്യമായി സ്വാധീനിക്കും. ആഴ്ചകളായി എ.ഐ ഓഹരികളിൽ തുടരുന്ന ഇടിവിന് ശേഷം വെള്ളിയാഴ്ച ലാഭത്തിലാണ് നസ്ദാഖ്, ഡോജോൺസ്, എസ്&പി 500 സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്. അടുത്ത മാസം പലിശ നിരക്ക് കുറക്കുമെന്ന ഫെഡറൽ റിസർവ് ബാങ്ക് പ്രസിഡന്റ് ജോൺ വില്ല്യംസിന്റെ പ്രസ്താവനയാണ് നിക്ഷേപകർക്ക് പ്രതീക്ഷ നൽകിയത്. പലിശ നിരക്ക് കുറക്കുന്നത് യു.എസ് വിപണിക്ക് ഉണർവേകും. ബോണ്ട് ആദായം കുറയുന്നതോടെ നിക്ഷേപകർ ഓഹരി വിപണിയിലേക്ക് മാറുകയും ചെയ്യും.
കോർപറേറ്റ് തീരുമാനങ്ങൾ
ഡിവിഡന്റ് ലഭിക്കാനുള്ള അവസാന തിയതി ഈ ആഴ്ച ആയതിനാൽ ആറ് ഓഹരികളിൽ നിക്ഷേപകരുടെ താൽപര്യം വർധിക്കും. ഇങ്ങർസോൾ റാൻഡ് (ഇന്ത്യ), പവർ ഫിനാൻസ് കോർപറേഷൻ, ശ്യാംകമൽ ഇൻവെസ്റ്റ്മെന്റ്സ് തുടങ്ങിയ കമ്പനികളാണ് ഡിവിഡന്റ് നൽകുന്നത്. എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്മെന്റ് കമ്പനി, തൈറോകെയർ ടെക്നോളജീസ് തുടങ്ങിയ കമ്പനികളുടെ ബോണസ് ഓഹരികൾ ലഭിക്കാനുള്ള അവസാന തിയതിയും ഈ ആഴ്ചയാണ്. മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി സേവന കമ്പനിയായ ഇൻഫോസിസിന്റെ 18,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതി ബുധനാഴ്ചയോടെ പൂർത്തിയാകും.
വിദേശ നിക്ഷേപം
രണ്ട് ആഴ്ചകളായി വിദേശികൾ ആഭ്യന്തര വിപണിയിൽ ഓഹരികൾ വാങ്ങിക്കുന്നത് ആത്മവിശ്വാസം പകരുന്നുണ്ട്. 2,166.3 കോടി രൂപയാണ് കഴിഞ്ഞ ആഴ്ച വിദേശികൾ നിക്ഷേപിച്ചത്. മാത്രമല്ല, ആഭ്യന്തര നിക്ഷേപകർ 3161 കോടി രൂപയുടെ ഓഹരികളും വാങ്ങിക്കൂട്ടി. വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങുന്നത് തുടർന്നാൽ നിഫ്റ്റിക്കും സെൻസെക്സിനും പുതിയ ഉയരങ്ങൾ കീഴടക്കാൻ കഴിയും.
രൂപയുടെ തകർച്ച
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വെള്ളിയാഴ്ച ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് ഇടിഞ്ഞു. ഒരു ഡോളർ വാങ്ങാൻ ഇനി 89.61 രൂപ നൽകണം. ഇറാനുമായി എണ്ണ വ്യാപാരം നടത്തുന്ന ചില ഇന്ത്യൻ കമ്പനികൾക്കുമേൽ യു.എസ് ഉപരോധം ഏർപ്പെടുത്തിയതോടെയാണ് മൂല്യം കുത്തനെ ഇടിഞ്ഞത്. ഡോളറുമായുള്ള വിനിമയത്തിൽ മൂല്യം വരും ദിവസങ്ങളിൽ 90 രൂപയിലേക്ക് ഇടിയുമെന്നാണ് യാ വെൽത് ഗ്ലോബൽ റിസർച്ചിന്റെ ഡയറക്ടർ അനുജ് ഗുപ്ത പറയുന്നത്. രൂപയുടെ മൂല്യമിടിയുന്നത് ഓഹരി വിപണിയെ കാര്യമായി സ്വാധീനിക്കും. ആഭ്യന്തര വിപണിയിൽ പണപ്പെരുപ്പം വർധിക്കാനും വിദേശ നിക്ഷേപകർ കൂടുതൽ ഓഹരികൾ വിൽക്കാനുമാണ് ഇടയാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

