തകർച്ച എന്തെന്നറിയാതെ കുതിച്ച് വിപണി; പ്രതിദിന വിദേശ നിക്ഷേപം 3,200 കോടി കടന്നു
text_fieldsകൊച്ചി: ഇരുപത് മാസത്തിനിടയിൽ ആദ്യമായി ഏഴ് ആഴ്‌ചകളിൽ തളർച്ചയെന്തന്ന് അറിയാതെ കുതിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. പ്രതിദിനം 3200 കോടി രൂപയുടെ നിക്ഷേപത്തിന് വിദേശ ഓപറേറ്റർമാർ മത്സരിക്കുന്നത് വിപണിയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു. പോയവാരം സെൻസെക്‌സ് 861 പോയിൻറ്റും നിഫ്‌റ്റി 246 പോയിൻറ്റും നേട്ടത്തിലാണ്.
ഏഷ്യൻ‐യുറോപ്യൻ മാർക്കറ്റുകളും അമേരിക്കൻ വിപണികളും വാരാന്ത്യം വിൽപനക്കാരുടെ കൈപിടിയിൽ ഒതുങ്ങിയത് ആഗോള വിപണികളിൽ ആശങ്കപരത്തി. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾക്ക് ഇന്ത്യ പ്രിയപ്പെട്ട വിപണിയാണെങ്കിലും ക്രിസ്‌തുമസ്‐ന്യൂ ഇയർ ഹോളിഡേ മൂഡിലേക്ക് സാമ്പത്തിക മേഖല തിരിയുന്നത് സ്ഥിതിഗതികളിൽ മാറ്റമുണ്ടാക്കാം.
ഡെറിവേറ്റീവ് മാർക്കറ്റിൽ നിഫ്‌റ്റി ഡിസംബർ സിരീസ് സെറ്റിൽമെൻറ്റിനുള്ള തയ്യാറെടുപ്പിലാണ്. ക്രിസ്‌തുമസ് പ്രമാണിച്ച് ഈവാരം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒരുങ്ങുന്നത് കണക്കിലെടുത്താൽ ഫ്യൂച്ചേഴ്‌സ് ഓപ്പ്‌ഷൻസിന് എഴ് ദിവസം മാത്രമാണുള്ളത്. ഫണ്ടുകൾ വരും ദിനങ്ങളിൽ പൊസിഷനുകളിൽ മാറ്റത്തിന് നീക്കം നടത്താം.
സെൻസെക്‌സ് 46,099ൽ നിന്നും വാരത്തിന്‍റെ തുടക്കത്തിൽ 45,841ലേക്ക് സാങ്കേതിക തിരുത്തൽ കാഴ്‌ചവെച്ചെങ്കിലും പിന്നീടുണ്ടായ കുതിപ്പിൽ 47,025 പോയിൻറ്റ് വരെ മുന്നേറി. എന്നാൽ കഴിഞ്ഞവാരം സൂചിപ്പിച്ച 47,097ലെ പ്രതിരോധം മറികടക്കാനുള്ള കരുത്ത് വിപണിക്ക് ലഭിച്ചില്ല. ഉയർന്ന റേഞ്ചിൽ ദൃശ്യമായ ലാഭമെടുപ്പിൽ സൂചിക അൽപം ആടി ഉലഞ്ഞങ്കിലും വ്യാപാരാന്ത്യം 46,960 പോയിൻറ്റിലാണ്.
ഈ വാരം സെൻസെക്‌സിന് 47,377ൽ ആദ്യ പ്രതിരോധം പ്രതീക്ഷിക്കാം, അതിന് മുമ്പായി 46,192ലെ താങ്ങിൽ നടത്താൻ ഇടയുള്ള സാങ്കേതിക പരീക്ഷണം വിജയിച്ചാൽ വർഷാന്ത്യം 48,979നെ ലക്ഷ്യമാക്കി സൂചിക സഞ്ചരിക്കും. ഇതിനിടയിൽ ഹോളിഡേ മൂഡിലേക്ക് വിപണി നീങ്ങുന്നതിനാൽ ബ്ലൂചിപ്പ് ഓഹരികളിൽ വിൽപന സമ്മർദ്ദം ഉടലെടുത്താൽ 45,424 വരെ തളർച്ച തുടരാം.
14,000 പോയിൻറ്റ് കൈപിടിയിൽ ഒതുക്കാനുള്ള ശ്രമത്തിനിടയിൽ നിഫ്‌റ്റി ആ നിർണായക കടമ്പയിലേക്കുള്ള ദൂരം 260 പോയിൻറ്റായി കുറച്ചു. 13,513 ൽ നിന്ന് മികവോടെയാണ് ട്രേഡിങ്ങിന് തുടങ്ങിയതെങ്കിലും ഒരുവേള 13,470 റേഞ്ചിലേക്ക് തളർന്നത് കണ്ട് വിദേശ ധനകാര്യസ്ഥാപനങ്ങൾ കനത്ത നിക്ഷേപത്തിന് അണിനിരന്നതോടെ നിഫ്‌റ്റി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 13,773 വരെ സഞ്ചരിച്ച ശേഷം ക്ലോസിങിൽ 13,760ലാണ്.
സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ വിപണി ഓവർ ബോട്ടായതിനാൽ ശക്തികമായ തിരുത്തലുകൾക്ക് സാധ്യതയുണ്ട്. ചെറുകിട നിക്ഷേപകർ കരുതലോടെ വിപണിയെ സമീപിക്കുന്നതാവും ഈ അവസരത്തിൽ അഭികാമ്യം.
മുൻനിര ഓഹരിയായ ഇൻഫോസിസ് 1189 രൂപയിലും ബജാജ് ഓട്ടോ 3348 ലും ഐ.സി.ഐ.സി.ഐ ബാങ്ക് 517ലും എച്ച്.സി.എൽ ടെക്നോളജീസ് 891ലും ടൈറ്റൻ കമ്പനി 1520 ലും ഏഷ്യൻ പെയിൻറ്റ് 2601, ടി.സി.എസ് 2862, ഐ.ടി.സി 214, ഹിന്ദുസ്ഥാൻ യൂണിലിവർ 2331 രൂപയിലുമാണ് വാരാന്ത്യം.
കോറോണ വൈറസ് വാക്‌സിൻ വരവ് സാമ്പത്തിക രംഗത്ത് ഉണർവ് പകരുമെന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വില തുടർച്ചയായ ഏഴാം വാരവും ഉയർന്നു. പിന്നിട്ടവാരം എണ്ണ വില അഞ്ച് ശതമാനം ഉയർന്ന് ബാരലിന് 49 ഡോളറിലെത്തി.