കമ്പനിയിൽനിന്ന് പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം; ഗൂഗിൾ ഓഹരികൾ വാങ്ങിക്കൂട്ടി ബഫറ്റ്
text_fieldsവാഷിങ്ടൺ: സ്വന്തം കമ്പനിയിൽനിന്ന് പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വൻ ഓഹരി നിക്ഷേപം നടത്തി വാറൻ ബഫറ്റ്. ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കമ്പനിയായ ഗൂഗിളിന്റെ ഉടമസ്ഥരായ ആൽഫബറ്റിന്റെ 17.9 ദശലക്ഷം ഓഹരികളാണ് ബഫറ്റിന്റെ കമ്പനിയായ ബെർക്ഷെയർ ഹാത്ത്‌വേ വാങ്ങിക്കൂട്ടിയത്. 4.9 ബില്ല്യൻ ഡോളർ അതായത് 43,448 കോടി രൂപയാണ് നിക്ഷേപിച്ചത്. ഇത്രയും തുക നിക്ഷേപം നടത്തിയ ബെർക്ഷെയറിന് 0.31 ശതമാനം ഓഹരികൾ മാത്രമാണ് ലഭിക്കുക. ബഫറ്റിന്റെ കമ്പനി നിക്ഷേപം നടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ വെള്ളിയാഴ്ച ആൽഫബറ്റ് ഓഹരികളിൽ 1.7 ശതമാനത്തിന്റെ മുന്നേറ്റമുണ്ടായി. നിലവിൽ ആൽഫബറ്റിന്റെ ഒരു ഓഹരിക്ക് 281 ഡോളറാണ് വില.
അതേസമയം, ബാങ്ക് ഓഫ് അമേരിക്കയുടെയും ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെയും കോടിക്കണക്കിന് ഡോളറിന്റെ ഓഹരികൾ ബഫറ്റ് വിറ്റൊഴിവാക്കി. സെപ്റ്റംബർ പാദത്തിലാണ് ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്തതെന്ന് വെള്ളിയാഴ്ച യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ ബെർക്ഷെയർ അറിയിച്ചു.
28 കോടിയിൽനിന്ന് 23.82 കോടിയായാണ് ആപ്പിൾ ഓഹരികൾ കുറച്ചത്. ഒരു കാലത്ത് ആപ്പിളിന്റെ 90 കോടിയിലധികം ഓഹരികളാണ് ബെർക്ഷെയറിനുണ്ടായിരുന്നത്. എന്നാൽ, ഇതിൽ മുക്കാൽ ഭാഗവും വിറ്റൊഴിവാക്കി. എന്നിരുന്നാലും 5.38 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി ആപ്പിൾ തന്നെയാണ് ബെർക്ഷെയറിന്റെ പോർട്ട്ഫോളിയോയിൽ ഒന്നാമത്.
ബാങ്ക് ഓഫ് അമേരിക്കയുടെ 37.2 ദശലക്ഷം ഓഹരികൾ വിൽപന നടത്തിയെങ്കിലും ഇപ്പോഴും ബെർക്ഷെയർ ഏറ്റവും അധികം ഓഹരികൾ സ്വന്തമാക്കിയ കമ്പനികളിൽ മൂന്നാം സ്ഥാനത്താണ്. അതേസമയം, ഭവന നിർമാണ കമ്പനിയായ ഡി.ആർ. ഹോർട്ടന്റെ ഓഹരികൾ പൂർണമായും ഒഴിവാക്കി.
60 വർഷത്തെ സേവനത്തിന് ശേഷം ചീഫ് എക്സികുട്ടിവ് ഓഫിസർ പദവിയിൽനിന്ന് ഒഴിയാനിരിക്കെയാണ് ബഫറ്റിന്റെ ഭീമൻ ഓഹരി ഇടപാട്. ഈ വർഷം അവസാനത്തോടെയാണ് 95കാരനായ ബഫറ്റ് കമ്പനിയിൽനിന്ന് പിരിഞ്ഞുപോകുന്നത്. 382 ബില്ല്യൻ ഡോളറാണ് (33.89 ലക്ഷം കോടി രൂപ) ഒമാഹ ആസ്ഥാനമായ കമ്പനിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ കാത്തുകിടക്കുന്നത്. നേരത്തെ ഓക്സിഡന്റൽ പെട്രോളിയം കോപറേഷന്റെയും യുനൈറ്റഡ് ഹെൽത് ഗ്രൂപ്പിന്റെയും ഓഹരികൾ കമ്പനി വാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

