ആമസോൺ വിറ്റ് ന്യൂയോർക്ക് ടൈംസ് ഓഹരി വാങ്ങിക്കൂട്ടി വാറൻ ബഫറ്റ്
text_fieldsവാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്ത് പത്രങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് പറയപ്പെടുന്നത്. സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ വായനക്കാർ കുറഞ്ഞെന്ന് കാണിച്ച് ലോകത്തെ നിരവധി പത്രങ്ങൾ അടച്ചുപൂട്ടിയിട്ടുണ്ട്. എന്നാൽ, പത്രങ്ങൾക്ക് ഊർജം നഷ്ടപ്പെട്ടില്ലെന്നാണ് സാങ്കേതിക വിദ്യയുടെ ഈറ്റില്ലമായ യു.എസിൽ നടക്കുന്ന സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ലോക പ്രശസ്തനായ യു.എസിലെ നിക്ഷേപകനായ വാറൻ ബഫറ്റ് ഏറ്റവും ഒടുവിൽ ഡിസംബർ പാദത്തിൽ വാങ്ങിയിരിക്കുന്നത് യു.എസിലെ ഒരു പ്രമുഖ പത്ര സ്ഥാപനത്തിന്റെ ഓഹരിയാണ്. ന്യൂയോർക്ക് ടൈംസ് അടക്കം യു.എസിലെ പ്രമുഖ പത്രങ്ങളുടെ ഉടമയായ ന്യൂയോർക്ക് ടൈംസ് കമ്പനിയുടെ കോടിക്കണക്കിന് ഡോളറിന്റെ ഓഹരികൾ ബഫറ്റ് വാങ്ങി. സ്വന്തം നിക്ഷേപ സ്ഥാപനമായ ബെർക്ഷെയർ ഹാത്തവേയിൽനിന്ന് പടിയിറങ്ങുന്നതിന് മുമ്പായിരുന്നു ഈ തീരുമാനം.
അമേരിക്കൻ മാസ് മീഡിയ കോർപറേഷനായ ന്യൂയോർക്ക് ടൈംസ് കമ്പനിയുടെതാണ് ന്യൂയോർക്ക് ടൈംസ് പത്രവും ന്യൂയോർക്ക് ടൈംസ് ഇന്റർനാഷണൽ എഡിഷനും മറ്റ് മാധ്യമ സ്ഥാപനങ്ങളും. 2003 ജനുവരി ഒന്നിന് ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂണിൽ വാഷിങ്ടൺ പോസ്റ്റിന്റെ 50 ശതമാനം ഓഹരി 65 മില്യൺ ഡോളറിന് കമ്പനി വാങ്ങിയിരുന്നു.
അതേസമയം, എ.ഐ സാങ്കേതിക വിദ്യയുടെ ചുവട് പിടിച്ച് കുതിക്കാൻ ഒരുങ്ങുന്ന ആഗോള ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഓഹരികൾ 75 ശതമാനത്തിലേറെ വിറ്റൊഴിവാക്കിയാണ് ബഫറ്റ് പത്ര സ്ഥാപനത്തിന്റെ ഓഹരി വാങ്ങിയതെന്ന കാര്യം നിക്ഷേപകരിൽ ഏറെ കൗതുകം ഉണർത്തുകയാണ്. ന്യൂയോർക്ക് ടൈംസ് കമ്പനിയുടെ 5.1 ദശലക്ഷം ഓഹരികളാണ് ബഫറ്റ് സ്വന്തമാക്കിയത്. അതായത് 351.7 ദശലക്ഷം ഡോളർ നിക്ഷേപിച്ചു. ഒരു ഓഹരിക്ക് നിലവിൽ 75.50 ഡോളറാണ് വില. ഡിസംബർ സാമ്പത്തിക പാദത്തിൽ 54 ഡോളറായിരുന്ന ഓഹരി വില നാല് മാസത്തിനിടെ 38 ശതമാനത്തിലേറെ റിട്ടേൺ സമ്മാനിച്ചു.
2019ലാണ് ആമസോണിന്റെ ഓഹരികൾ ആദ്യമായി ബഫറ്റ് വാങ്ങിയത്. സാങ്കേതിക വിദ്യ മേഖലയിലെ ഓഹരികൾ നിരവധി കാലം വാങ്ങാതിരുന്നത് മണ്ടത്തരമായിരുന്നെന്നാണ് അന്ന് ബഫറ്റ് ഇതേകുറിച്ച് പറഞ്ഞത്. നിലവിൽ 23 ലക്ഷം ആമസോൺ ഓഹരികൾ ബഫറ്റിനുണ്ട്. ആമസോണിന്റെ മാത്രമല്ല, ബാങ്ക് ഓഫ് അമേരിക്ക കോർപറേഷന്റെ ഓഹരി 7.1 ശതമാനമായും ആപ്പിൾ ഐ.എൻ.സിയുടെ ഓഹരി 1.5 ശതമാനമായും കുറച്ചിട്ടുണ്ട്. അതേസമയം, ചെവ്റോൺ കോർപറേഷന്റെ ഓഹരി 6.5 ശതമാനമായും ചുബ് ലിമിറ്റഡ് ഓഹരി 8.7 ശതമാനമായും വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

