ചക്രങ്ങളിൽ പായുന്ന സമ്പദ്‌വ്യവസ്ഥ;ചരിത്രത്തിലെ ഉയർന്ന വിൽപനയുമായി വാഹനവിപണി
text_fieldsരാജ്യത്തെ വാഹന റീട്ടെയിൽ വിപണിയിൽ എക്കാലത്തെയും വലിയ റെക്കോഡ് മുന്നേറ്റം. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ മാസം മാത്രം 25.36 ലക്ഷത്തിലധികം (25,36,920) വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 31.82 ശതമാനത്തിന്റെ വൻ കുതിപ്പാണ് വിപണിയിലുണ്ടായത്. പാസഞ്ചർ, ഇരുചക്ര, മുച്ചക്ര, വാണിജ്യ വാഹന വിഭാഗങ്ങളെല്ലാം ഒരുപോലെ ചരിത്രനേട്ടങ്ങളിലേക്ക് കുതിച്ചതോടെ ഇന്ത്യൻ സാമ്പത്തിക രംഗത്തെ ഗ്രാമീണ-നഗര ഉണർവ് വ്യക്തമാവുകയാണ്.
വൻകിട വാണിജ്യ വാഹനങ്ങളിൽ ചരിത്ര നേട്ടം
വിപണിയെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് വാണിജ്യ വാഹനങ്ങളുടെ വിൽപനയാണ്. ചരിത്രത്തിലാദ്യമായി വാണിജ്യ വാഹന വിൽപന ഒരു ലക്ഷം കടന്ന് 1,03,557 യൂനിറ്റിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 37.62ശതമാനം വർധന. ഇതിൽ ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗം മാത്രം 46.22 ശതമാനം ഉയർന്നു.
മുന്നേറി മുച്ചക്ര വാഹനം
മുച്ചക്ര വാഹനങ്ങളുടെ റീട്ടെയിൽ വിൽപന മുൻവർഷത്തെ അപേക്ഷിച്ച് 22.25 ശതമാനം വർധിച്ച് 1,32,570 യൂനിറ്റിലെത്തി, മുൻ മാസത്തെ അപേക്ഷിച്ച് 8.41 ശതമാനത്തിന്റെ വർധനവുണ്ടായി. ഗ്രാമീണ വിൽപന 40.09 ശതമാനം വളർച്ച നേടി. ഇത് നഗര വിപണികളിലെ 4.71 ശതമാനം വളർച്ചയേക്കാൾ വളരെ മുന്നിലാണ്.
ആഗസ്റ്റിലെ 65.3 ശതമാനത്തെയും മുൻവർഷത്തെ 56.65 ശതമാനത്തെയും അപേക്ഷിച്ച് മുച്ചക്ര വാഹന വിൽപനയിൽ ഇ.വികളുടെ പങ്ക് 64.9 ശതമാനമാണ്. പാസഞ്ചർ മുച്ചക്ര വാഹനങ്ങൾ 37.64 ശതമാനം വളർച്ച നേടിയപ്പോൾ ചരക്ക് മുച്ചക്ര വാഹനങ്ങൾ 63.48 ശതമാനം വിൽപന വർധിച്ചു. ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ റീട്ടെയിൽ വിൽപന 14.98 ശതമാനം ഉയർന്ന് 7,48,009 യൂനിറ്റിലെത്തി.
കാറുകളുടെ വിൽപന 4.27 ലക്ഷം കടന്നു
കാറുകളും എസ്.യു.വികളും ഉൾപ്പെടുന്ന പാസഞ്ചർ വെഹിക്കിൾ വിഭാഗം സെപ്റ്റംബറിൽ 32.1ശതമാനം വാർഷിക വളർച്ചയോടെ 4,27,213 യൂനിറ്റുകൾ വിറ്റഴിച്ചു. ഗ്രാമീണ മേഖല 32.09 ശതമാനവും നഗരങ്ങൾ 32.11 ശതമാനവും വളർച്ച കൈവരിച്ചു. 6.17 ശതമാനം വർധനവുണ്ടായി.1,69,132 യൂനിറ്റുകൾ വിറ്റഴിച്ച് 39.59ശതമാനം വിപണി വിഹിതവുമായി മാരുതി തന്നെയാണ് ഇന്ത്യയിൽ ഒന്നാമത്. പെട്രോൾ ഇതര വാഹനങ്ങൾ (സി.എൻ.ജി, ഹൈബ്രിഡ്, ഇ.വി) ആകെ വിൽപനയുടെ 41 ശതമാനം കൈയടക്കി. സ്ട്രീറ്റ് കാറുകളിൽ ഇ.വി വിഹിതം 8.45 ശതമാനമായി ഉയർന്നു.
ടൂവീലർ രംഗത്ത് പുതിയ റെക്കോഡ്
ഇരുചക്ര വാഹന മേഖല മുൻവർഷത്തേക്കാൾ 33.08 ശതമാനം വളർച്ച കൈവരിച്ച് 17,90,188 യൂനിറ്റുകളിലെത്തി. 4,68,789 യൂനിറ്റുകൾ വിറ്റഴിച്ച് 26.19ശതമാനം വിപണി വിഹിതവുമായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ വിപണിയിൽ ഒന്നാം സ്ഥാനത്തെത്തി.സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് 11.04 ദശലക്ഷം (1.10 കോടി) ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. ഇ.വി വിഹിതം 11.58 ശതമാനമായി വർധിച്ചു.
വിപണി മുന്നേറാൻ പ്രധാന കാരണങ്ങൾ
അടിസ്ഥാനസൗകര്യ വികസനം, കോർപറേറ്റ്-ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുടെ വൻകിട ഓർഡറുകൾ, ഗ്രാമീണ വരുമാന വർധന, ഖനന മേഖലയിലെ ഉണർവ്, പഴയ വാഹനങ്ങൾ ഒഴിവാക്കുന്നതോടെ ഉണ്ടാകുന്ന പുതിയ വാഹനങ്ങളുടെ ആവശ്യകത, ഒക്ടോബറിലെ വിലവർധനവിന് മുമ്പുള്ള വാങ്ങലുകൾ, വരാനിരിക്കുന്ന ദീപാവലി-നവരാത്രി ഉത്സവ സീസൺ എന്നിവയാണ് വിപണിയിലെ ഈ മഹാറാലിക്ക് കളമൊരുക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

