കത്തിക്കയറി പച്ചക്കറി വില; 100 കടന്ന് ബീൻസും പയറും, വെളുത്തുള്ളിക്ക് റെക്കോഡ്
text_fieldsകണ്ണൂർ നഗരത്തിലെ പച്ചക്കറി മാർക്കറ്റിലെ തിരക്ക്
തിരുവനന്തപുരം: അടുക്കളയിലെ പാചകത്തെ പൊള്ളിച്ച് കുതിച്ചുയർന്ന് പച്ചക്കറി വില. നിത്യോപയോഗ പച്ചക്കറികളായ ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയ്ക്ക് 100 രൂപ കടന്നു. ബീൻസ് കിലോയ്ക്ക് 120 രൂപ, പയർ-140 രൂപ, ചെറിയ ഉള്ളി- 100 രൂപ എന്നിങ്ങനെയാണ് നിരക്ക്. ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയുമാണ് കിലോയ്ക്ക് കൂടിയത്. വെളുത്തുള്ളിയ്ക്ക് മാർക്കറ്റിൽ കിലോയ്ക്ക് 220 രൂപയായി. സവാള, തക്കാളി, പച്ചമുളക്, ഉരുളക്കിഴങ്ങ് എന്നീ മറ്റു പച്ചക്കറികളുടെ ചില്ലറ വില വലിയ മാറ്റമില്ലാതെ തുടരുന്നു. വരുംദിവസങ്ങളിൽ ഉരുളക്കിഴങ്ങിനും വില കൂടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.
അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപ്പൊക്കവും പച്ചക്കറികളുടെ വിളവെടുപ്പിനെയും വരവിനെയും ബാധിച്ചതാണ് വില ഉയരാൻ പ്രധാന കാരണം. പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതോടെ വില വർധന രൂക്ഷമാവുകയായിരുന്നു. സംസ്ഥാനത്തെ വിപണികളിലേക്ക് എത്തുന്ന പച്ചക്കറികളിൽ വലിയൊരു പങ്കും ഇതരസംസ്ഥാനങ്ങളിൽനിന്നായതിനാൽ വിലയിൽ ഇനിയും മാറ്റം വരാമെന്നാണ് പറയപ്പെടുന്നത്.
ഓണത്തിന് പിന്നാലെ പച്ചക്കറി വില അനിയന്ത്രിതമായി ഉയർന്നിരുന്നു. വിപണിയിൽ സവാള വില കിലോക്ക് 60 മുതൽ 65 രൂപയായാണ് വിറ്റിരുന്നത്. ഇത്രയും വില താഴ്ന്നിരുന്ന പച്ചക്കറികൾക്കാണ് പെട്ടെന്ന് പൊള്ളുന്ന വിലയായത്. ഇക്കണക്കിന് വിലക്കയറ്റം തുടരുകയാണെങ്കിൽ വിൽപനയെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. അടുക്കളയിൽ നിത്യമായി ആശ്രയിക്കുന്ന ഈ പച്ചക്കറികളുടെ അപ്രതീക്ഷിതമായ വിലവർധന കുടുംബ ബജറ്റ് താളംതെറ്റിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

