വിളക്കുകൾ തെളിഞ്ഞു; വിപണിക്ക് ക്രിസ്മസ് ആഘോഷം
text_fieldsഎറണാകുളം മേത്തർബസാറിലെ ക്രിസ്മസ് വിപണി
കൊച്ചി: നാടും നഗരവും ക്രിസ്മസ് തിരക്കിലേക്ക് ഉണർന്നു. പടുകൂറ്റൻ നക്ഷത്രങ്ങൾ മുതൽ കുഞ്ഞൻ നക്ഷത്രങ്ങൾ വരെ ഇത്തവണ വിപണിയിൽ ഉപഭോക്താക്കളെ വരവേൽക്കുന്നു. 250 രൂപ മുതൽ തുടങ്ങുന്ന ചിത്രപ്പണികളുള്ള നക്ഷത്രങ്ങൾ മുതൽ 12 എണ്ണത്തിന് 120 രൂപ വരുന്ന ചെറിയ നക്ഷത്രങ്ങൾ വരെ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തവണത്തെ യഥാർഥ താരം ഉള്ളിൽ ബൾബ് വെക്കാവുന്ന ‘ബോൾ ടൈപ്പ്’ നക്ഷത്രങ്ങളാണ്. ഇവക്ക് ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു. കൂടുതൽ കോണുകളുള്ള നക്ഷത്രങ്ങൾക്ക് 250 രൂപയാണ് വില. ചൈനീസ് സ്റ്റാറുകൾ 200 രൂപക്കും മനോഹരമായ ലൈറ്റ് സ്റ്റാറുകൾ 450 രൂപ മുതൽ 500 രൂപ വരെയുള്ള നിരക്കിലും ലഭ്യമാണ്. 17 പാളികളോട് കൂടിയ ഫുൾ കളർ നക്ഷത്രങ്ങൾക്ക് 900 രൂപയോളമാകും.
മഞ്ഞുവീണ ക്രിസ്മസ് ട്രീ. വിപണിയിലെ പുതിയ ട്രെൻഡ്
പുൽക്കൂട് ഒരുക്കാനുള്ള സാമഗ്രികൾക്കും വലിയ ഡിമാൻഡാണ്. പുൽക്കൂട്ടിലെ രൂപങ്ങൾക്ക് ഗുണനിലവാരവും വലിപ്പവുമനുസരിച്ച് 1700 മുതൽ 2600 രൂപ വരെയാണ് വില. ക്രിസ്മസ് ട്രീകൾക്ക് 3500 രൂപയോളം വില വരുമ്പോൾ, കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്മസ് പാപ്പയുടെ വലിയ രൂപങ്ങൾക്ക് 3000 രൂപ വരെയാകും. 650 രൂപ മുതൽ തുടങ്ങുന്ന ചെറിയ ഡാൻസിങ് പാപ്പകളുടെ രൂപങ്ങളും വിപണിയിലെ കൗതുകക്കാഴ്ചയാണ്. വൈവിധ്യമാർന്ന ക്രിസ്മസ് ട്രീകളാണ് മറ്റൊരു പ്രധാന ആകർഷണം.
സാധാരണ പച്ചപ്പുള്ള മരങ്ങൾക്ക് പുറമെ, മഞ്ഞുവീണ പ്രതീതി ജനിപ്പിക്കുന്ന ‘സ്നോ ക്ലാഡ്’ ട്രീകൾ വിപണി കീഴടക്കിക്കഴിഞ്ഞു. സാധാരണ ട്രീകൾ 3500 രൂപ മുതൽ ലഭ്യമാണെങ്കിലും, പ്രീമിയം ലുക്കുള്ള നോർമൽ ട്രീകൾക്ക് 7500 രൂപ വരെയുണ്ട്. എന്നാൽ വിപണിയിലെ വിസ്മയമായി നിൽക്കുന്നത് മഞ്ഞുമൂടിയ വലിയ ക്രിസ്മസ് മരങ്ങളാണ്. ഇവക്ക് 19,500 രൂപ വരെയാണ്. ഓരോരുത്തരുടെയും ബജറ്റിന് ഇണങ്ങുന്ന വൈവിധ്യമാർന്ന അലങ്കാരങ്ങളുമായി ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് വിപണി. ഇത്തവണ വിദേശ രാജ്യങ്ങളിലേതിന് സമാനമായ പുത്തൻ ട്രെൻഡുകളും എറണാകുളം ബ്രോഡ്വേയിലെ ക്രിസ്മസ് വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

