യു.എസ്-ഇറാൻ ഇടക്കാല സമാധാന ഉടമ്പടി: ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണം, എണ്ണവില കുറഞ്ഞു
text_fieldsടോക്കിയോ: മിഡിൽ ഈസ്റ്റിലെ യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിൽ ഇടക്കാല സമാധാന ഉടമ്പടി ഒപ്പുവെച്ചു. ഇതോടെ ആഗോള വിപണികളിൽ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമായത്. ഏഷ്യൻ ഓഹരി വിപണികൾ സ്ഥിരത നിലനിർത്തിയപ്പോൾ, എണ്ണവിലയിൽ ഇടിവുണ്ടായി.
ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ. അന്തിമ സമാധാന ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.
എന്നാൽ, കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ഇറാൻ ഉദ്യോഗസ്ഥർക്കെതിരെ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മേഖലയിലെ ഭൗമരാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങൾ വിപണിയെ ഇപ്പോഴും കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് കാപിറ്റൽ ഡോട്ട് കോമിലെ ഫിനാൻഷ്യൽ അനലിസ്റ്റ് കെയ്ൽ റോഡ പറഞ്ഞു.
ഏഷ്യൻ വിപണിയിൽ എം.എസ്.സി.ഐ ഏഷ്യ-പസഫിക് സൂചികയിൽ കാര്യമായ മാറ്റമുണ്ടായില്ല. എന്നാൽ, ജപ്പാനിലെ നിക്കെയ് സൂചിക 71,000 പോയിന്റ് മറികടന്ന് റെക്കോർഡ് നേട്ടം കൈവരിച്ചു. സെമികണ്ടക്ടർ, എ.ഐ ഓഹരികളിലെ മുന്നേറ്റമാണ് ഇതിന് കരുത്തായത്. ദക്ഷിണ കൊറിയൻ വിപണി 0.9 ശതമാനം നേട്ടമുണ്ടാക്കി.
എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. യു.എസ് ക്രൂഡ് ഓയിൽ 1.25 ശതമാനം കുറഞ്ഞ് 75.83 ഡോളറിലും ബ്രെന്റ് ക്രൂഡ് 1.4 ശതമാനം കുറഞ്ഞ് 78.41 ഡോളറിലുമെത്തി.
ഹുർമുസ് കടലിടുക്കിന്റെ അടച്ചിടലിനുശേഷം എണ്ണ വിപണി തിരിച്ചുവരവിലാണെന്നും, 2027ഓടെ വിപണിയിൽ വൻതോതിൽ മിച്ചം ഉണ്ടാകുമെന്നും അന്താരാഷ്ട്ര ഊർജ ഏജൻസി പ്രവചിച്ചു.
വാൾസ്ട്രീറ്റ്: അമേരിക്കൻ വിപണിയിൽ കനത്ത ഇടിവാണുണ്ടായത്. ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് പലിശ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയതോടെ പ്രധാന സൂചികകളെല്ലാം ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഡൗ ജോൺസ് 0.98 ശതമാനവും, എസ് ആൻഡ് പി 500 സൂചിക 1.21 ശതമാനവും, നാസ്ഡാക് 1.34 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. നിലവിൽ പലിശ നിരക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. സ്വർണം ഔൺസിന് 4,309.75 ഡോളറിൽ വ്യാപാരം നടത്തി. ക്രിപ്‌റ്റോകറൻസികളിൽ ബിറ്റ്‌കോയിൻ 0.16 ശതമാനം ഉയർന്ന് 64,464.75 ഡോളറിലും, എഥീറിയം 0.37 ശതമാനം ഉയർന്ന് 1,752.54 ഡോളറിലുമെത്തി. ഡോളർ സൂചിക 0.03 ശതമാനം ഇടിഞ്ഞ് 100.32 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

