തക്കാളി വില കുത്തനെ കുറഞ്ഞു; നാസിക്കിലെ കർഷകർ പ്രതിസന്ധിയിൽ
text_fieldsനാസിക്: വരൾച്ചാക്കെടുതിയും വിപണിയിൽ തക്കാളിയുടെ വരവ് അമിതമായി വർധിച്ചതും കാരണം നാസിക്കിലെ തക്കാളി കർഷകർ വലിയ പ്രതിസന്ധിയിൽ. രാജ്യത്തെ ഏറ്റവും വലിയ മൊത്തവ്യാപാര തക്കാളി മാർക്കറ്റുകളിലൊന്നായ പിംപൽഗാവ് എ.പി.എം.സിയിൽ തക്കാളി വിലയിൽ വൻ ഇടിവ് ഉണ്ടായതും കർഷർക്ക് ഇരട്ട പ്രഹരമായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തക്കാളിയുടെ വില 65 ശതമാനമാണ് ഇടിഞ്ഞത്. നിലവിൽ 20 കിലോ കാട്രിന് 111 രൂപയാണ് മൊത്തവ്യാപാര വില. ഒരാഴ്ച മുമ്പ് 20 കിലോഗ്രാം വരുന്ന ഒരു കാട്രിന് 321 രൂപയായിരുന്നു. കിലോയ്ക്ക് 16 രൂപ എന്നത് കുത്തനെ ഇടിഞ്ഞ് 5.55 രൂപയിലേക്ക് കൂപ്പുകുത്തി.
ചില്ലറ വിപണിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന വില 50 ശതമാനം കുറഞ്ഞ് 20 രൂപയിലെത്തി. മോശം നിലവാരമുള്ള തക്കാളി കിലോയ്ക്ക് 1 രൂപ നിരക്കിൽ പോലും വിറ്റുപോയിട്ടുണ്ട്. അതേസമയം, മികച്ച തക്കാളിക്ക് കിലോയ്ക്ക് 16.55 രൂപ വരെ ലഭിച്ചത്.
"മൊത്തവിലയിലെ ഇടിവ് ചില്ലറ വിപണിയിൽ പ്രതിഫലിക്കാൻ ഒന്നോ രണ്ടോ ദിവസമെടുക്കും. ഈ പ്രവണത തുടർന്നാൽ വരും ദിവസങ്ങളിൽ വില ഇനിയും കുറയും," ഒരു വ്യാപാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയായി ദിവസേന 3 ലക്ഷം മുതൽ 3.75 ലക്ഷം വരെ ക്രാറ്റുകളാണ് എ.പി.എം.സിയിൽ എത്തിയതെന്നും ഈ വരവ് കൂടിയതാണ് വില കുറയാൻ കാരണമെന്നും വ്യപാരികൾ പറഞ്ഞു. കടുത്ത ചൂട് കാരണം തക്കാളികൾ നേരത്തെ പഴുത്തതാണ് വരവ് കൂട്ടിയത്. നവരാത്രി കാലത്ത് പല മൊത്ത വിപണികളും അടഞ്ഞുകിടന്നതും കയറ്റുമതി ഡിമാൻഡ് കുറഞ്ഞതും വിലയെ ബാധിച്ചു. ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങൾ ഇപ്പോൾ പ്രാദേശിക വിതരണത്തെ ആശ്രയിക്കുന്നതും നാസിക്കിൽ നിന്നുള്ള തക്കാളിയുടെ ആവശ്യം കുറച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

